ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുമ്പ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു
തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിയത്. ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുമ്പ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. കുരങ്ങുകൾ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.
ALSO READ: സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു: പിണറായി വിജയൻ
കുരങ്ങുകളെ മയക്കുവെടിവെച്ച് പിടികൂടുന്നത് പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം. മൂന്ന് പെൺകുരങ്ങുകളും കൂടിന് സമീപത്തെ മരത്തിലുണ്ടെന്നും കൂട്ടിനുള്ളിലെ ആൺകുരങ്ങുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. നിലവിൽ കുരങ്ങുകൾ മൃഗശാല വളപ്പിൽ നിന്ന് പുറത്തേക്ക് പോകാൻ സാധ്യതയില്ല. ആശയവിനിമയം ഉള്ളതുകൊണ്ട് സ്വാഭാവികമായി കുരങ്ങുകൾ കൂട്ടിലേക്ക് കയറുമെന്നും അവർ പറഞ്ഞു.
രാത്രി പെയ്ത മഴയിൽ മുളങ്കൂട്ടം കൂടിനരികിലേക്ക് ചെരിഞ്ഞെന്നും അതിലൂടെയാണ് കുരങ്ങുകൾ പുറത്തേക്ക് പോയതെന്നും അവർ പറഞ്ഞു. നിലവിൽ മുളങ്കൂട്ടത്തിൻ്റെ ശിഖരം വെട്ടിമാറ്റിയിട്ടുണ്ട്.
ALSO READ: വയനാട്ടിൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കണം; ആവശ്യം ശക്തമാക്കി നാട്ടുകാർ