താലപ്പൊലിയോടെ കൂട്ടികൊണ്ട് വരും, സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ അംബാസിഡറായിരിക്കും; ഷൈൻ ടോം ചാക്കോ വിഷയത്തിൽ പരിഹാസവുമായി ഹരീഷ് പേരടി

ഷൈൻ വിഷയത്തിലെ പ്രതികരണങ്ങളേയും ഹരീഷ് തൻ്റെ ഫെയ്സബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.
താലപ്പൊലിയോടെ കൂട്ടികൊണ്ട് വരും, സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ അംബാസിഡറായിരിക്കും; ഷൈൻ ടോം ചാക്കോ വിഷയത്തിൽ പരിഹാസവുമായി ഹരീഷ് പേരടി
Published on


നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസിനു മുൻപിൽ ഹാജരാകാനുള്ള നോട്ടീസ് നൽകിയ നടപടിയെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ക്ഷണപത്രം കൊടുത്ത് നാളെ മൂന്ന് മണിക്കുള്ള ശുഭ മൂഹർത്തിൽ താലപൊലിയോടെ അയാളെ കൂട്ടികൊണ്ട് വരും എന്ന് കേൾക്കുമ്പോൾ തോന്നുന്നുവെന്നാണ് പരിഹാസം. കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസിഡർ ഇനി അയാളായിരിക്കും എന്നും, ചിലപ്പോൾ ഈ ലഹരി വിരുദ്ധ പോരാട്ടത്തിനുള്ള പരസ്യ ചിത്രികരണത്തിന്റെ ഭാഗമായിട്ടായിരിക്കും ആ പാവം ജനൽ വഴി ചാടി മേൽകൂര പൊളിച്ചത് എന്നും ഹരീഷ് പേരടി പരിഹസിച്ചു.


ഷൈൻ ടോം ചാക്കോയെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരുന്നു. അതു പോലെ തന്നെ രൂക്ഷ വിമർശനവുമായി നടി ജോളി ചിറയത്തും പ്രതികരിച്ചിരുന്നു. എന്നാൽ ഷൈൻ വിഷയത്തിലെ പ്രതികരണങ്ങളേയും ഹരീഷ് തൻ്റെ ഫെയ്സബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.

നാളെ രാവിലെ 10 മണിക്ക് എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് ഷൈനിന് നൽകിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഷൈനില്‍ നിന്നും തേടുന്നതിനായാണ് ഹാജാരാകാന്‍ പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച ഷൈനിൻ്റെ വീട്ടില്‍ എത്തി പൊലീസ് നോട്ടീസ് നല്‍കി.

കുറിപ്പിൻ്റെ പൂർണ രൂപം;

"ക്ഷണപത്രം കൊടുത്ത് നാളെ മൂന്ന് മണിക്കുള്ള ശുഭ മൂഹർത്തിൽ താലപൊലിയോടെ അയാളെ കൂട്ടികൊണ്ട് വരും എന്ന് കേൾക്കുമ്പോൾ തോന്നുന്നു.കേരള സർക്കാറിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ അംബാസിഡർ ഇനി അയാളായിരിക്കും എന്ന്.ചിലപ്പോൾ ഈ ലഹരി വിരുദ്ധ പോരാട്ടത്തിനുള്ള പരസ്യ ചിത്രികരണത്തിന്റെ ഭാഗമായിട്ടായിരിക്കും ആ പാവം ജനൽ വഴി ചാടി മേൽകൂര പൊളിച്ചത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഷൂട്ടിംങ്ങിനു വേണ്ടി ആ നടൻ കാണിക്കുന്ന ആത്മാർത്ഥത എത്ര പ്രശംസിച്ചാലും അധികമാവില്ല.ഏതായാലും ഇത്രയും പ്രയാസമുള്ള ഈ പരസ്യ സിനിമ ചിത്രീകരിക്കാൻ തയ്യാറായ അണിയറ പ്രവർത്തകർക്കും "ഓടെടാ മോളിവുഡ് ഓട്"(OMO)എന്ന പരസ്യ ചിത്രത്തിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ."

Related Stories

No stories found.
News Malayalam 24x7
newsmalayalam.com