ഉപതെരഞ്ഞെടുപ്പ് ചൂടിൽ ബിജെപിക്കെതിരെ കിട്ടിയ രാഷ്ട്രീയ ആയുധത്തെ അറിഞ്ഞ് പ്രയോഗിക്കുകയാണ് എതിർ പാർട്ടികൾ
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നാലെ പാർട്ടി അക്ഷരാർഥത്തിൽ വെട്ടിലായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് ചൂടിൽ ബിജെപിക്കെതിരെ കിട്ടിയ രാഷ്ട്രീയ ആയുധത്തെ അറിഞ്ഞ് പ്രയോഗിക്കുകയാണ് എതിർ പാർട്ടികൾ. കുഴൽപ്പണ കേസിൽ ഹവാല പണം എത്തിച്ച ഏജൻ്റ് ധർമരാജൻ്റെ മൊഴിയും പാർട്ടിക്ക് തലവേദനയാകും. ധർമരാജൻ്റെ മൊഴിയിലെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരിക്കുകയാണ്.
തൃശൂർ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആറ് ചാക്കുകളിലായി പണം എത്തിച്ചെന്ന് ആരോപിക്കപ്പെട്ട ധർമരാജൻ്റെ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലും ബിജെപിക്കായി പണം എത്തിച്ചു. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്നത് 12 കോടിയാണ്. പണം എത്തിക്കുന്നതിനായി ഒരു വാഹനം തന്നെ വാങ്ങി. കോഴിക്കോട് ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണനും 2021ൽ പണം നൽകിയിട്ടുണ്ട്. കെ.സുരേന്ദ്രനുമായി തനിക്കുള്ളത് അടുത്ത ബന്ധമാണ്. സുരേന്ദ്രൻ മത്സരിക്കുമ്പോൾ കോന്നിയിൽ പലതവണ പോയി. അവിടെ പലർക്കും പണം കൊടുത്തിട്ടുണ്ട്. ആലപ്പുഴയിലേക്ക് പണം കൊണ്ടു പോകുന്നു എന്ന കാര്യവും സുരേന്ദ്രന് അറിയാമായിരുന്നതായി ധർമരാജൻ്റെ മൊഴിയിൽ പറയുന്നു.
മൊഴി വിശദമായി
തനിക്ക് രാഷ്ട്രീയമില്ലെങ്കിലും ബിജെപിയുമായി നല്ല ബന്ധമാണ്. ചെറുപ്പത്തില്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സംസ്ഥാന നേതാക്കളുമായും ജില്ലാ നേതാക്കളുമായും അടുപ്പമുണ്ട്. വാജ്‌പേയി സര്‍ക്കാരിന്റെ കാലം മുതൽക്കെ കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണ്. സുരേന്ദ്രന് നിരവധി തവണ സാമ്പത്തിക സഹായങ്ങള്‍ ചെയ്തിരുന്നു. തിരുവനന്തപുരത്ത് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും കോന്നിയില്‍ സുരേന്ദ്രന്റെ ഇലക്ഷന്‍ പരിപാടിക്കും പോയിരുന്നു.
ALSO READ: കൊടകര കുഴല്‍പ്പണ കേസ്: തിരൂർ സതീശിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന രഘുനാഥ് സുഹൃത്താണ്. രഘുനാഥിനാണ് കോന്നിയില്‍ സുരേന്ദ്രന്റെ ഇലക്ഷന്‍ ചുമതല ഉണ്ടായിരുന്നത്. കോന്നിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണയോളം പോയിട്ടുണ്ട്. അവിടെ ചെന്ന് പഞ്ചായത്ത് മെമ്പര്‍മാരെയും ഇന്‍ചാര്‍ജുമാരേയും കാണാനായിരുന്നു നിർദേശം. ഇതിനായി ഒരു വണ്ടിയും ഡ്രൈവറേയും തന്നിരുന്നു. 12 പഞ്ചായത്ത് മെമ്പര്‍മാരെ കണ്ടു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും പതിനായിരം, പതിനഞ്ചായിരം, ഇരുപതിനായിരം എന്നിങ്ങനെ രണ്ട് ലക്ഷം രൂപ വീതിച്ചു കൊടുത്തു. പഞ്ചായത്ത് ഇലക്ഷന്‍ സമയത്തും ബെംഗുളൂരില്‍ നിന്ന് ഫണ്ട് കൊണ്ടുവന്ന് കൊടുത്തിരുന്നു. മൂന്ന് തവണയായി ഏകദേശം 12 കോടി രൂപ നല്‍കി.
കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ സമയത്തും ബാംഗ്ലൂരില്‍ നിന്ന് ഫണ്ട് കൊണ്ടുവരുന്നതിനായി സ്റ്റേറ്റ് ഓഫീസിലെ ഗണേഷ് എന്നയാള്‍ വിളിച്ചിരുന്നു. ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവരുന്ന പണം ഗിരീഷ് ജി എന്ന് വിളിക്കുന്നയാള്‍ പറയുന്ന സ്ഥലങ്ങളിലും ബിജെപിയുടെ ജില്ലാ ഓഫീസുകളിലും എത്തിച്ചിരുന്നു. അസംബ്ലി ഇലക്ഷന് കുഴല്‍പ്പണം കൊണ്ടു വരാന്‍ വണ്ടി വാങ്ങി. വാങ്ങിയ എർട്ടിഗ വാഹനത്തിന്റെ അടിയിൽ പണം കൊണ്ടുവരാനായി രഹസ്യ ബോക്‌സുകള്‍ ഘടിപ്പിച്ചത് ഡ്രൈവറായി വന്നിരുന്ന ഷംജീര്‍ ആണ്. പെരിന്തമണ്ണയിൽ കൊണ്ടുപോയാണ് ഇത് ഘടിപ്പിച്ചത്. എര്‍ട്ടിഗ വാങ്ങുന്നതിന് മുമ്പ് വാടകയ്ക്ക് എടുത്ത റിറ്റ്‌സിലാണ് കുഴല്‍പ്പണം കൊണ്ടുപോയിരുന്നത്.
കഴിഞ്ഞ അസംബ്ലി ഇലക്ഷന് ബെംഗുളൂരില്‍ നിന്നും 3.5 കോടി എത്തിച്ചിരുന്നു. ഏഴ് കോടി വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. ബാക്കി 3.5 കോടി കാറില്‍ കോഴിക്കോട് കൊണ്ടുവന്നു. ബാക്കിയുള്ള പണം ടോക്കണ്‍ വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ഗിരീഷ് ജി പറഞ്ഞതു പ്രകാരം 2.5 കോടി രൂപ രണ്ട് തവണകളായി കോഴിക്കോട് ബിജെപി ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന് നേരിട്ട് നല്‍കി. 2021 മാര്‍ച്ച് 21 ന് കണ്ണൂരില്‍ പോയി ബിജെപി ഓഫീസിലെ ജീവനക്കാരനായ ശരത്തിന് 1.40 കോടി രൂപ കൊടുത്തു.
ALSO READ: കൊടകര കുഴൽപ്പണ കേസ്: പുനരന്വേഷണത്തിനുള്ള നീക്കം ആരംഭിച്ച് കേരള സർക്കാർ
അടുത്ത ദിവസം കാസര്‍ഗോഡ് പോയി ബിജെപി മേഖലാ സെക്രട്ടറി സുരേഷിന് 1.5 കോടി കൊടുത്തു. അടുത്ത ദിവസം ഷംജീര്‍ ആലപ്പുഴ എത്തി മേഖല സെക്രട്ടറി പത്മകുമാറിന് 1.5 കോടി കൈമാറി. മാര്‍ച്ച് 26 ന് ബെംഗുളൂരില്‍ നിന്നും 6.5 കോടി പാഴ്‌സല്‍ വണ്ടിയില്‍ കൊണ്ടുവന്നു. അതില്‍ 6.30 കോടി ഏപ്രില്‍ രണ്ടിന് പിക്ക് അപ്പ് വാനില്‍ തൃശൂര്‍ ബിജെപി ഓഫീസില്‍ കൊണ്ടുപോയി. ഈ സമയം ഓഫീസില്‍ സുജയ് സേനന്‍, പ്രശാന്ത് എന്നിവര്‍ ഉണ്ടായിരുന്നു. സുജയ് സേനനെ പണം എണ്ണി തിട്ടപ്പെടുത്തി ഏല്‍പ്പിച്ചു.
മാര്‍ച്ച് അഞ്ചിനും തിരുവനന്തപുരത്തെ തൻ്റെ അപാര്‍ട്‌മെൻ്റില്‍ രണ്ട് കോടിയും എട്ടിന് 1.5 കോടിയും കൊണ്ടുവന്നു. പണം സ്റ്റേറ്റ് ഓഫീസിലെ സ്റ്റാഫായ ബിനീത് ആണ് കളക്ട് ചെയ്തത്. മാര്‍ച്ച് മൂന്നിന് തൃശൂര്‍ അമലയില്‍ വെച്ച് ബിജെപി ട്രഷറര്‍ സുജയ് സേനന് രണ്ട് കോടിയും 13 ന് 1.5 കോടിയും കൊടുത്തു. ഏപ്രില്‍ രണ്ടിന് തൃശൂരില്‍ എത്തിയപ്പോള്‍ ഓഫീസ് സെക്രട്ടറി സതീശ് രണ്ട് റൂമുകള്‍ ബുക്ക് ചെയ്തിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
രാഷ്ട്രീയ ആയുധമാക്കി എതിർപാർട്ടികൾ
കൊടകര കേസ് രാഷ്ട്രീയ ആയുധമാക്കുകയാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ. കൊടകര കേസ് അന്വേഷിക്കാൻ ഇഡിക്ക് താൽപര്യമില്ലെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിൻ്റെ പക്ഷം. ഈ കേസിൽ മാത്രം ഇഡിക്ക് താല്പര്യമില്ലാത്തത് എന്താണെന്ന് എം.ബി. രാജേഷ് ചോദിച്ചു. ഇഡി അന്വേഷിക്കണമെന്ന പൊലീസ് റിപ്പോർട്ട് കിട്ടി വർഷങ്ങൾ കഴിഞ്ഞിട്ടും ഇഡി അനങ്ങാത്തതെന്തെന്നും എം. ബി. രാജേഷ് വിമർശിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി ഹവാല പണം ഉപയോഗിക്കുന്നതായി അറിയാമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ മെമ്പർ പ്രകാശ് കാരാട്ട് പറയുന്നു. ഈ വിഷയം കേരളം തന്നെ ഡീൽ ചെയ്യുമെന്നും പ്രകാശ് കാരാട്ട് ന്യൂസ് മലയാളത്തോട് പറഞ്ഞു.
എന്നാൽ കുഴൽപ്പണ കേസിലെ പുതിയ വെളിപ്പെടുത്തലുകൾ എകെജി സെൻ്ററിലെ തിരക്കഥയാണെന്ന ആരോപണമാണ് ബിജെപി നേതാവ് വി.മുരളീധരൻ ഉയർത്തിയിരിക്കുന്നത്. എകെജി സെൻ്ററിൽ തിരക്കഥാകൃത്തുക്കൾ സജീവമാകുന്ന കാലമാണിത്.ഇപ്പോൾ റിപ്പോർട്ട് നൽകിയ പൊലീസ് മൂന്ന് വർഷം ഉറങ്ങിപ്പോയോ എന്നും മുരളീധരൻ പരിഹാസിച്ചു. കൊടകര കേസിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും, സത്യം തെളിയണമെന്നും വി. മുരളീധരൻ പറഞ്ഞു
ഇഡി അന്വേഷണം
കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം നിലച്ചെന്ന വാദം തള്ളിയിരിക്കുകയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പൊലീസ് ഇഡിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. 42 കോടി രൂപയുടെ കുഴൽപ്പണം എത്തിയെന്നാണ് പൊലീസ് നൽകിയ വിവരം.
കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണം ആകാമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ച സാഹചര്യത്തിൽ സേലത്ത് നിന്ന് കവർച്ച ചെയ്യപ്പെട്ട 4 കോടി 32 ലക്ഷം രൂപയുടെ പശ്ചാത്തലമാണ് ഇഡി ആദ്യം അന്വേഷിക്കുന്നത്. തുടർന്ന് തൃശൂരിന് പുറമെ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും കുഴൽപ്പണം തേടി അന്വേഷണം നടത്തുമെന്നും ഇഡി അവകാശവാദമുന്നയിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം നടത്താം എന്നാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട് കുറ്റപത്രം സമർപിച്ച വേളയിൽ ഇഡിക്കും ഇൻകം ടാക്സിനും തെരഞ്ഞെടുപ്പ് കമ്മിഷനും റിപ്പോർട്ട് സമർപിച്ചിരുന്നു.ഇത് കുഴൽ പണമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നുമായാണ് ആവശ്യമെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.