മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
സീതത്തോടിൽ വീടിനു മുകളിലേക്ക് മരം വീണു
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് പലയിടത്തും
മരം വീണ് നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 8 ജില്ലകളിൽ യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.
കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ വാളറയ്ക്ക് സമീപം ചീയപ്പാറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയത്ത് ശക്തമായ കാറ്റിൽ മരം വീണ് പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു.
ആലപ്പുഴയിൽ പലയിടത്തും ശക്തമായ കാറ്റിൽ വ്യാപക നാശം. തകഴിയിൽ റെയിൽവേ പാളത്തിൽ മരം വീണതിനെ തുടർന്ന് രാവിലെ ട്രെയിൻ സർവീസുകൾ വൈകി. പത്തനംതിട്ട സീതത്തോട്ടിൽ വീടിനു മുകളിലേക്ക് മരം വീണ് സ്ത്രീക്കും ചെറുമകൾക്കും പരുക്കേറ്റു. കൈമൂട്ടിൽ ശ്യാമള, ചെറുമകൾ രണ്ടു വയസ്സുകാരി അനാമിക എന്നിവർക്കാണ് പരുക്കേറ്റത്. മരം വീണു പൊട്ടിയ ഓടിന്റെ കഷ്ണം വീണാണ് കുഞ്ഞിന് പരുക്കേറ്റത്.
അതേസമയം അടുത്ത 3 മണിക്കൂറിൽ ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. റ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.