
സിനിമ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് ഉച്ചക്ക് രണ്ടിന് വിധി പറയും. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം പൂർത്തിയാക്കി വിധി പറയുക.
വിവരാവകാശ കമ്മീഷന്റെ വിധി പ്രകാരം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ അപ്പീൽ നൽകിയവരെ ആരെയും ബാധിക്കുന്ന കാര്യമല്ല. അതിനാൽ ഇവരുടെ ആവശ്യം അനുവദിക്കരുതെന്ന് ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന അപേക്ഷകൾ നേരത്തേ വിവരാവകാശ കമ്മീഷൻ തന്നെ നിരസിച്ചതാണെന്നും, ഹർജിക്കാരൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ റിപ്പോർട്ടിൽ പൊതുതാൽപര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടേണ്ടതാണെന്നുമാണ് വിവരവാകാശ കമ്മീഷന്റെ അഭിഭാഷകൻ നിലപാടെടുത്തത്. നിയമസഭയ്ക്ക് മുമ്പാകെ റിപ്പോർട്ട് എത്തിയേക്കുമെന്ന സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ റിപ്പോർട്ട് പുറത്തു വിടാതിരുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇപ്പോൾ സമയവും സാഹചര്യവും മാറി. വിവരാവകാശ നിയമത്തിൽ ഭേദഗതികളും വന്നു. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ ഉത്തരവിട്ടതെന്നുമാണ് വാദത്തിനിടെ അഭിഭാഷകൻ അറിയിച്ചത്.
സ്വകാര്യത സംരക്ഷിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേസിൽ കക്ഷി ചേർന്ന് സംസ്ഥാന വനിതാ കമ്മീഷനും വിമൻ-ഇൻ-സിനിമ കളക്ടീവും കോടതിയെ അറിയിച്ചിട്ടുണ്ട്.