ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; പരസ്യമാക്കരുതെന്ന ഹര്‍ജി തള്ളി

റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി; പരസ്യമാക്കരുതെന്ന ഹര്‍ജി തള്ളി
Published on

സിനിമ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട്  പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വാദം പൂർത്തിയാക്കി വിധി പറഞ്ഞത്. ഹർജിയിൽ റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാനുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവിനെതിരെയാണ് സജിമോൻ ഹർജി നൽകിയത്.

സ്വകാര്യത സംരക്ഷിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് കേസിൽ സംസ്ഥാന വനിതാ കമ്മീഷനും വിമൻ ഇൻ സിനിമ കളക്ടീവും കക്ഷി ചേർന്നിരുന്നു. ഹർജിക്കാരന്റെ ഇടപെടൽ സംശയാസ്പദമാണെന്നായിരുന്നു ഡബ്ല്യൂ.സി.സിയുടെ നിലപാട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ അപ്പീൽ നൽകിയവരെ ആരെയും ബാധിക്കുന്ന കാര്യമല്ല. അതിനാൽ ഇവരുടെ ആവശ്യം അനുവദിക്കരുതെന്ന് ഹർജിക്കാരൻ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന അപേക്ഷകൾ നേരത്തേ വിവരാവകാശ കമ്മീഷൻ തന്നെ നിരസിച്ചതാണെന്നും, ഹർജിക്കാരൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

എന്നാൽ റിപ്പോർട്ടിൽ പൊതുതാൽപര്യമുണ്ടെന്നും സ്വകാര്യത സംരക്ഷിച്ച് ബാക്കി ഭാഗം പുറത്തുവിടേണ്ടതാണെന്നുമാണ് വിവരാവകാശ കമ്മീഷന്റെ അഭിഭാഷകൻ നിലപാടെടുത്തത്. നിയമസഭയ്ക്ക് മുമ്പാകെ റിപ്പോർട്ട് എത്തിയേക്കുമെന്ന സാഹചര്യമുണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ റിപ്പോർട്ട് പുറത്തു വിടാതിരുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇപ്പോൾ സമയവും സാഹചര്യവും മാറി. വിവരാവകാശ നിയമത്തിൽ ഭേദഗതികളും വന്നു. അതുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മീഷൻ ഉത്തരവിട്ടതെന്നുമാണ് വാദത്തിനിടെ അഭിഭാഷകൻ അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com