റിപ്പോർട്ടിൽ കോടതി തീരുമാനിക്കട്ടേയെന്ന് സർക്കാർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് ഹൈക്കോടതിയുടെ ചോദ്യം
സ്ത്രീകൾക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുണ്ടായാൽ നടപടിയെടുക്കേണ്ടത് ഏതൊരു സർക്കാരിൻ്റേയും ബാധ്യതയാണ്. നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവെച്ചത്, ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നും വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് കോടതിയോ പൊലീസോ എന്നാണ് ഉയരുന്ന ചോദ്യം. റിപ്പോർട്ടിൽ കോടതി തീരുമാനിക്കട്ടേയെന്ന് സർക്കാർ പറയുമ്പോൾ, എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് എന്തുകൊണ്ട് കേസെടുക്കാം?
1. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല, സമൂഹത്തിന് എതിരെയുള്ള കുറ്റക്യത്യമാണ്. ലൈംഗിക പീഡന കേസുകൾ ഉൾപ്പെടെ കോടതിക്ക് പുറത്ത് വ്യക്തികൾ തമ്മിൽ ഒത്തുതീർപ്പാക്കാൻ സാധിക്കാത്തതും ഇതുമൂലമാണ്.
2. ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷന്‍ 154ലും, പരിഷ്കരിച്ച ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 വകുപ്പ് പ്രകാരവും ഒരു 'കോഗ്‌നിസബിള്‍ ഒഫന്‍സ്' വ്യക്തമായാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. അതായത് വെളിപ്പെട്ടിരിക്കുന്ന വിവരങ്ങൾ കുറ്റകരമായ സംഭവമാണെങ്കിൽ, പരാതിയില്ലാതെ തന്നെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാം.
3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം ഇലക്ട്രോണിക്സ് തെളിവുകളും സാക്ഷി മൊഴികളുമുണ്ട് . ഇതിൽ പ്രാഥമിക അന്വേഷണം നടത്താൻ പൊലീസിന് നിയമതടസമില്ല. പൊലീസിന് ലഭിച്ച വിവരങ്ങൾ തിരിച്ചറിയാവുന്ന കുറ്റത്തെ സൂചിപ്പിക്കുന്നില്ലെങ്കിലും, കൂടുതൽ അന്വേഷണത്തിൻ്റെ ആവശ്യകതയെ സൂചിപ്പിക്കുന്നുണ്ടെങ്കിൽ, പ്രാഥമിക അന്വേഷണത്തിലൂടെ വ്യക്തത വരുത്താം. പ്രാഥമികാന്വേഷണത്തിൽ പരാതി അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുന്ന സാഹചര്യമാണെങ്കിൽ ക്ലോഷർ എൻട്രി തയാറാക്കണം, ക്ലോഷർ എൻട്രിയിൽ കേസുമായി മുന്നോട്ട് പോകാത്തതിൻ്റെ കാരണങ്ങൾ വിവരിക്കണം . കേസെടുക്കേണ്ടതാണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം.
4. പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് മൊഴി നൽകിയിരിക്കുന്നതെന്നും അതിനാലാണ് പൊലീസ് കേസെടുക്കാത്തതെന്നുമുള്ളത് സർക്കാരിൻ്റെ മുടന്തൻ ന്യായമാണ്. രാജ്യത്തെ ഒരു സ്ത്രീപീഡന കേസിലും ഇരകളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപെടുത്താറില്ല. ഇത് സുപ്രിം കോടതിയുടെ മാർഗ നിർദേശമാണ്. സൂര്യനെല്ലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നിട്ട് കൂടി സിബി മാത്യൂസ് ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ പേര് പരാമർശിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നുവെന്ന് കൂടി ഓർക്കുക.
5. പുതിയ നിയമപ്രകാരം ഒരു കുറ്റക്യത്യം നടന്നാൽ സംഭവം നടന്ന സ്ഥലമേതെന്ന് കണക്കാക്കാതെ, ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അധികാരമുള്ള രാജ്യമാണ് ഇന്ത്യ.