പാരീസ് ഒളിംപിക്‌സ്; ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിംഗ് ഉൾപ്പെടെ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരങ്ങൾ, പ്രതീക്ഷകളോടെ താരങ്ങൾ

പി.വി. സിന്ധു, രോഹൻ ബൊപ്പണ്ണ, എച്ച്.എസ്. പ്രണോയ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് ഏഴ് ഇനങ്ങളിലാണ് ഇന്ന് മത്സരം
പാരീസ് ഒളിംപിക്‌സ്; ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിംഗ് ഉൾപ്പെടെ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരങ്ങൾ, പ്രതീക്ഷകളോടെ താരങ്ങൾ
Published on

പാരീസ് ഒളിംപിക്സിൻ്റെ ഔദ്യോഗിക ഉദ്‌ഘാടനത്തിന് ശേഷം മെഡൽ പ്രതീക്ഷകളോടെ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ഹോക്കി, ബാഡ്മിന്റൺ, ഷൂട്ടിംഗ് ഉൾപ്പെടെ നിർണായക മത്സരങ്ങളാണ് ഒളിംപിക്സിൽ ഇന്ന് ഇന്ത്യക്കുള്ളത്. പി.വി. സിന്ധു, രോഹൻ ബൊപ്പണ്ണ, എച്ച്.എസ്. പ്രണോയ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് ഏഴ് ഇനങ്ങളിലാണ് ഇന്ന് മത്സരം. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതലാണ് മത്സരങ്ങൾ.

ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിൾസിലാണ് ഇന്ത്യയുടെ ഒളിംപിക് മെഡൽ ജേതാവ് പി.വി. സിന്ധു മത്സരിക്കുന്നത്. ഫോം വീണ്ടെടുക്കുന്ന താരം മൂന്നാമതൊരു മെഡൽ നേടുമെന്നാണ് പ്രതീക്ഷ. പുരുഷ വിഭാഗം സിംഗിൾസിൽ ഗ്രൂപ്പ് മത്സരത്തിൽ എച്ച്.എസ്. പ്രണോയിയും, ലക്ഷ്യ സെന്നും മത്സരിക്കും. പുരുഷ വിഭാഗം ഡബിൾസ് ഗ്രൂപ്പ് സ്റ്റേജിൽ സാഥ്വിക് ചിരാഗ് സഖ്യവും, വനിതാ വിഭാഗത്തിൽ തനിഷ അശ്വിനി സഖ്യത്തിനും മത്സരമുണ്ട്.

ഹോക്കിയിൽ രാത്രി ഒൻപതിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ടോക്കിയോയിലെ വെങ്കലം പാരീസിൽ സ്വർണമാക്കാനാണ് ഇന്ത്യയുടെ ശ്രമം. മലയാളി താരം പി.ആർ. ശ്രീജേഷ് ഇന്ത്യൻ വല കാക്കും. ടെന്നീസിൽ ഇന്ത്യൻ ഇതിഹാസം രോഹൻ ബൊപ്പണ്ണ കോർട്ടിലിറങ്ങും. പുരുഷ വിഭാഗം ഡബിൾസിൽ ബൊപ്പണ്ണ-ബാലാജി സഖ്യം വിജയപ്രതീക്ഷയിലാണ്. സിംഗിൾസിൽ സുമിത് നാഗലും ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. വൈകിട്ട് മൂന്നര മുതലാണ് മത്സരം.

പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ സരബ്‌ജോത് സിംഗ്, അർജുൻ ചീമ എന്നിവർ റേഞ്ചിൽ ഇറങ്ങും. വനിതാ വിഭാഗത്തിൽ റിഥം സംഗ്വാൻ, മനു ബക്കർ എന്നിവർ ഇന്ത്യക്കായി മത്സരിക്കും. മിക്സഡ് വിഭാഗം പത്ത് മീറ്റർ എയർ റൈഫിൾ യോഗ്യത റൗണ്ടിൽ സന്ദീപ്, അർജുൻ, ഇളവെനിൽ, രമിതാ എന്നിവർ മത്സരിക്കും. യോഗ്യത റൗണ്ടിൽ നേട്ടം കൊയ്യാനായാൽ 2 മണിക്ക് നടക്കുന്ന മെഡൽ റൗണ്ടിലേക്ക് കടക്കാം. ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള ഷൂട്ടിങ്ങിൽ ഇന്നത്തെ മത്സരങ്ങൾ നിർണായകം.

ടേബിൾ ടെന്നീസ് സിംഗിൾസ് മത്സരം ആറരയ്ക്ക് നടക്കും. പുരുഷ വിഭാഗത്തിൽ ഹർമീതും വനിതാ വിഭാഗത്തിൽ മണിക, ശ്രീജ എന്നിവരും മത്സരിക്കും. 54 കിലോ വനിതാ വിഭാഗം ബോക്സിങ്ങിൽ പ്രീതി പവാർ, തുഴച്ചിലിൽ പുരുഷ വിഭാഗം സ്കൾസ് ഹീറ്റ്‌സിൽ ബൽരാജ് പൻവാർ എന്നിവരും ഇന്ന് മത്സരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com