fbwpx
പാലക്കാട് ജയിച്ചത് സരിന്‍ പറഞ്ഞ 'കോക്കസ്'; അപ്രതീക്ഷിത പ്രഹരത്തിന്റെ നടുക്കത്തില്‍ ബിജെപി
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Nov, 2024 07:31 PM

KERALA BYPOLL


ആദ്യാന്ത്യം ട്വിസ്റ്റുകളും രാഷ്ട്രീയ നാടകങ്ങളും അരങ്ങേറിയ ഒരു ഉപതെരഞ്ഞെടുപ്പ് കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചായിരുന്നു തുടക്കം. ഇതോടെ, കോണ്‍ഗ്രസിനോട് ഉടക്ക് വെച്ച് മീഡിയ സെല്‍ തലവനായിരുന്ന പി. സരിന്‍ രംഗത്തെത്തി. പിന്നാലെ ഇടതുപാളയത്തിലേക്ക്. ഇടത് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അരങ്ങേറ്റം. ഇതിനിടയില്‍, നീല ട്രോളി ബാഗ് വിവാദം, കൊടകര കുഴല്‍പ്പണക്കേസ് ഇങ്ങനെ നീണ്ടു വിവാദങ്ങള്‍.

ബിജെപിയിലും സ്ഥിതി മറിച്ചായിരുന്നില്ല, സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടു. നേരെ പോയത് കോണ്‍ഗ്രസിലേക്ക്. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കി പ്രചരണങ്ങളിലും സജീവമായി. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ മൂന്ന് മുന്നണികളിലും ചേരിപ്പോരും തര്‍ക്കങ്ങളും തീരാത്ത തെരഞ്ഞെടുപ്പ് കാലം.

ഇതെല്ലാം കഴിഞ്ഞ് പാലക്കാട്ടെ ജനങ്ങള്‍ ഇന്ന് വിധി പറഞ്ഞിരിക്കുകയാണ്, യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉജ്വല വിജയം സ്വന്തമാക്കി. ഷാഫി പറമ്പിലിന്റെ വിജയത്തേക്കാളും വലിയ റെക്കോര്‍ഡ് വിജയമാണ് രാഹുല്‍ പാലക്കാട് നേടിയത്. അന്തിമ ഫലം വരുമ്പോള്‍ 18,715 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. 2016 ല്‍ 17,483 വോട്ടുകള്‍ക്കായിരുന്നു ഷാഫിയുടെ വിജയം. 2021 ല്‍ പാലക്കാട് ഹാട്രിക് നേടിയെങ്കിലും ഷാഫിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരനെ 3,859 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച ഷാഫിയുടെ വിജയം കേരളം മറന്നു കാണാനിടയില്ല.

Also Read: സുരക്ഷിത താവളം ഇഷ്ടപ്പെടുന്ന ഗാന്ധി കുടുംബം; പ്രിയങ്ക ഗാന്ധി വദ്ര വ്യത്യസ്തയാകുന്നതെങ്ങനെ?

54,079 വോട്ട് (38.06 ശതമാനം) ആണ് ഷാഫി നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി 50,220 ( 35.34 ശതമാനം) വോട്ട് നേടി. ഇ. ശ്രീധരന്‍ എന്ന സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തില്‍ കൂടിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ഥി സി.പി. പ്രമോദിന് 36,433 ( 25.64 ശതമാനം) വോട്ടാണ് കിട്ടിയത്. ബിജെപി വോട്ടുകളില്‍ പതിനായിരത്തിന്റെ വളര്‍ച്ചയാണ് ആ വര്‍ഷം ഉണ്ടായത്.

2021

യു ഡി എഫ് : 54,079
ബി ജെ പി : 39,549
എല്‍ ഡി എഫ് : 36,433


മൂന്ന് വര്‍ഷം കഴിഞ്ഞ് പാലക്കാട് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ഷാഫിയും കളമൊരുക്കിയപ്പോള്‍, 2021 ലെ ഷാഫിയുടെ ഭൂരിപക്ഷത്തിന്റെ നാലിരട്ടിയോളം ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചു മുന്നേറിയത്. പാലക്കാട് വീണ്ടും ജയിച്ചത് ഷാഫിയും കോണ്‍ഗ്രസ് നേതൃത്വവും!

രാഷ്ട്രീയ ചിത്രത്തില്‍ പാലക്കാട് ഏറ്റവും ക്ഷീണമുണ്ടായത് ബിജെപിക്കാണ്. ശോഭ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവുമെന്ന് വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സി. കൃഷ്ണകുമാര്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായി എത്തുന്നത്. പടലപ്പിണക്കങ്ങളും മറുകണ്ടം ചാട്ടവുമെല്ലാം കഴിഞ്ഞ് ഫലം വരുമ്പോള്‍ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് കാലിടറി. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട് പതിനായിരത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായത്. ശക്തികേന്ദ്രങ്ങളില്‍ പോലും ചോര്‍ച്ചയുണ്ടായി. നേട്ടമുണ്ടാക്കിയത് രാഹുലും. രണ്ടാം സ്ഥാനം നിലനിര്‍ത്തി എന്നത് മാത്രമാണ് ആശ്വാസം.

ബിജെപിയുടെ പ്രതീക്ഷയ്ക്ക് നേര്‍വിപരീതമായാണ് എല്ലാം നടന്നത്. ആദ്യ റൗണ്ടിലല്ലാതെ മേല്‍ക്കൈ ഉണ്ടാക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചില്ല. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ നഗരസഭാ പരിധിയില്‍ മാത്രം നാലായിരത്തിലേറെ ഭൂരിപക്ഷം നേടിയപ്പോള്‍ ഇത്തവണ ഈ ഭൂരിപക്ഷം നേടിയത് രാഹുലാണ്. തുടര്‍ച്ചയായി ബിജെപി കൗണ്‍സിലര്‍മാര്‍ ജയിക്കുന്ന ബൂത്തുകളില്‍ പോലും രാഹുല്‍ നേട്ടമുണ്ടാക്കി. പല സ്ഥലങ്ങളിലും കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ ശക്ത കേന്ദ്രങ്ങളായി കണ്ടിരുന്ന മൂത്താംതറ ഒഴികെയുള്ള ഇടങ്ങളിലെല്ലാം വലിയ തോതില്‍ വോട്ട് കുറഞ്ഞു.

Also Read: 28 വര്‍ഷത്തെ ഇടതുകോട്ട; സിപിഎമ്മിനെ കൈവിടാത്ത ചേലക്കര, പ്രദീപിനെയും


രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന സ്ഥാനാര്‍ഥിയേക്കാള്‍ സന്ദീപ് വാര്യര്‍ എഫക്ടാണ് ബിജെപിക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ ഇ. ശ്രീധരന്റെ വ്യക്തിപ്രഭാവം ബിജെപിക്ക് അനുകൂലമായെങ്കില്‍ ഇക്കുറി സന്ദീപ് വാര്യരുടെ അമര്‍ഷം കോണ്‍ഗ്രസിന് വോട്ടായി മാറിയെന്നു വേണം കരുതാന്‍. കൂടെ, പി. സരിന്റെ സ്ഥാനാര്‍ഥിത്വവും. കഴിഞ്ഞ തവണ ഇ. ശ്രീധരന്‍ 49,155 വോട്ടുകള്‍ നേടിയപ്പോള്‍ ഇക്കുറി കൃഷ്ണകുമാറിന് 39,529 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

2024

യു ഡി എഫ് : 58244
ബി ജെ പി : 39529
എല്‍ ഡി എഫ് : 37458

ലീഡ് : യുഡിഎഫ് - 18715


പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായും വ്യക്തിപരമായും ഏറ്റവും ക്ഷീണമുണ്ടാക്കിയിട്ടുണ്ടാകുക ഇടത് സ്വതന്ത്രനായ പി. സരിനായിരിക്കും. ആര്‍ക്കൊക്കെ എതിരെ സരിന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചോ, അവരെല്ലാം കൈപിടിച്ച് വിജയിച്ച കാഴ്ചയാണ് കാണേണ്ടി വന്നത്. വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോക്കസ് കോണ്‍ഗ്രസില്‍ ഉണ്ടെന്ന് വിമര്‍ശിച്ചാണ് സരിന്‍ ഇടതുപാളയത്തിലേക്ക് എത്തിയത്. പക്ഷേ, വിരോധാഭാസമെന്ന് പറയട്ടെ, സരിന്‍ പറഞ്ഞ ആ 'കോക്കസ്' തന്നെ പാലക്കാട്ട് വെന്നിക്കൊടി നാട്ടി.

എങ്കിലും എല്‍ഡിഎഫിന് ആശ്വസിക്കാം. സരിന്റെ വരവ് ഇടതുമുന്നണിക്ക് നേട്ടമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരം വോട്ടുകള്‍ അധികം നേടാന്‍ സരിനിലൂടെ എല്‍ഡിഎഫിനായി. കഴിഞ്ഞ തവണ 35,622 വോട്ടുകളാണ് എല്‍ഡിഎഫ് നേടിയതെങ്കില്‍ ഇക്കുറി, 37458 വോട്ടുകള്‍ നേടാനായി. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയേക്കാള്‍ വെറും 2,071 വോട്ടുകളുടെ കുറവ് മാത്രമാണ് ഉള്ളത്. കഴിഞ്ഞ തവണ ബിജെപിയുമായി 13,533 വോട്ടിന്റെ അന്തരമായിരുന്നു എല്‍ഡിഎഫിനുണ്ടായിരുന്നത്. ബിജെപി ശക്തി കേന്ദ്രത്തില്‍ 1,701 വോട്ട് വര്‍ധിച്ചുവെന്നാണ് കഴിഞ്ഞ ദിവസം സി. കൃഷ്ണകുമാര്‍ പറഞ്ഞത്.

മൂന്ന് മുന്നണികളും കയ്യുംമെയ്യും മറന്ന് പോരാടിയെങ്കിലും പോളിങ് ശതമാനത്തിലുണ്ടായ കുറവും തിരിച്ചടിയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.44 ശതമാനമായിരുന്നു പോളിങ്. ഇത്തവണ അത് 70.07 ശതമാനമായി. വോട്ടിങ് ശതമാനം കുറഞ്ഞത് തിരിച്ചടിയായത് ആര്‍ക്കൊക്കെയെന്നു കൂടി വരും ദിവസങ്ങളില്‍ പരിശോധിക്കപ്പെടും.

KERALA BYPOLL
പാട്ടും പ്രചരണവുമേറ്റില്ല; രമ്യയെ വീണ്ടും തോൽപ്പിച്ച് ചേലക്കരക്കാർ
Also Read
View post on Instagram
 
user
Share This

Popular

ASSEMBLY POLLS 2024
ASSEMBLY POLLS 2024
വിഭജന തന്ത്രം വിലപ്പോയില്ല; ബിജെപിയെ തഴഞ്ഞ് ഗോത്രഭൂമി; ജാർഖണ്ഡ് ജനത 'ഇന്ത്യ'യ്ക്കൊപ്പം