പുതുവർഷ ദിവസം മാത്രം ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ എത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ദർശന സംഖ്യ ആയിരുന്നു ജനുവരി ഒന്നിലേത്.
മകരവിളക്കിനായി നട തുറന്ന ദിവസങ്ങളിൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മരക്കൂട്ടം വരെ തീർത്ഥാടകരുടെ വരി നീണ്ടിരുന്നു.
മണ്ഡലകാലത്തിന്റെ തുടർച്ചയായി മകരവിളക്ക് തീർത്ഥാടന കാലത്തും ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ തിരക്ക് നിയന്ത്രണാതീതമായി മാറുന്ന സാഹചര്യമാണ് ഈ ദിവസങ്ങളിൽ ഉണ്ടായത്. പുതുവർഷ ദിവസം മാത്രം ഒരു ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ എത്തി. ഈ സീസണിലെ ഏറ്റവും ഉയർന്ന ദർശന സംഖ്യ ആയിരുന്നു ജനുവരി ഒന്നിലേത്.
തുടർച്ചയായ ദിവസങ്ങളിൽ ശരംകുത്തി മരക്കൂട്ടം വരെ തീർത്ഥാടകരുടെ വരി നീളുകയാണ്. മണിക്കൂറുകൾ വരി നിന്ന് ദർശനം നടത്തേണ്ട അവസ്ഥയാണ് തീർത്ഥാടകർക്കുള്ളത്. തിരക്ക് വർധിച്ചതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എരുമേലി കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് അനുവദിച്ചിരുന്ന പ്രത്യേക പാസ് നിർത്തലാക്കിയിരുന്നു.
തിരക്ക് കുറയ്ക്കുന്നതിനായി, ഒരു മിനിട്ടിൽ പതിനെട്ടാം പടി ചവിട്ടുന്ന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ, ശബരിമലയിലെ പോലീസ് ഏകോപന ചുമതലയുള്ള ADGP എസ്. ശ്രീജിത്ത് നിർദേശം നൽകിയിട്ടുണ്ട്. ഒരു മണിക്കൂറിൽ ശരാശരി 3,500 മുതൽ 4,000 വരെ തീർത്ഥാടകർ മല ചവിട്ടുന്നുണ്ട്.