ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നിരീക്ഷണം
മലയാള സിനിമാ വ്യവസായ മേഖലയിൽ വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ കണ്ണൂർ സ്വദേശി വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നിരീക്ഷണം.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്
ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും കമ്മിറ്റി റിപ്പോർട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കമ്മീഷന്‍ കേസ് പരിഗണിക്കും.
ALSO READ: പവർ ഗ്രൂപില്‍ പ്രതികരണമുണ്ടായേക്കില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ രണ്ട് തട്ടിലായി എഎംഎംഎ
മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിലെ വിശദാംശങ്ങളും നേരിട്ട് ലഭിച്ച പരാതിയും കമ്മീഷന്‍ പരിശോധിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും നിർദേശിക്കുകയായിരുന്നു.