എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തില്‍ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.
ഇന്‍റർനാഷണൽ സെന്‍റർ ഫോർ റെസ്‌പോൺസിബിൾ ടൂറിസം (ഐസിആർടി) ഇന്ത്യയുടെ ഗോൾഡ് അവാർഡ് കേരള ടൂറിസത്തിന് ലഭിച്ചു. എംപ്ലോയിങ്ങ് ആൻ്റ് അപ് സ്കില്ലിങ് ലോക്കൽ കമ്യൂണിറ്റി എന്ന വിഭാഗത്തില്‍ ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.
പുരസ്കാര വിവരം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കു വെച്ചു. ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
പങ്കാളിത്ത ടൂറിസം വികസന പ്രക്രിയയിലൂടെ ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുക എന്നുതായിരുന്നു ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ ‘പെപ്പർ’, ‘മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ’ എന്നീ പദ്ധതികളുടെ സംയോജിത മാതൃകയിലൂടെ ഘട്ടം ഘട്ടമായി ബേപ്പൂരിനെ ആഗോള മാതൃകയായ ഒരു ഉത്തരവാദിത്ത ടൂറിസം കേന്ദ്രമാക്കി മാറ്റുവാൻ സാധിക്കും എന്നുള്ളതാണ് ഈ പദ്ധതിയുടെ കാഴ്ചപ്പാട്.
ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ സഞ്ചാരികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങളും, യാത്രാനുഭവങ്ങളും പകർന്നു നൽകുന്നതോടൊപ്പം, പ്രാദേശിക ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, പ്രാദേശിക ജനതയുടെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിൽ ശേഷി വർധിപ്പിക്കൽ, അതിനാവശ്യമായ പരിശീലനങ്ങൾ, ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളിലൂടെ ഗ്രാമീണ വികസനം, സ്ത്രീ ശാക്തീകരണം എന്നിവയും ലക്ഷ്യമാക്കിയിരുന്നു.
2023ലും ഐസിആർടി ഇന്ത്യയുടെ ഉത്തരവാദിത്ത ടൂറിസം അവാർഡ് കേരളത്തിനായിരുന്നു. ടൂറിസം മേഖലയിലെ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതിനായിരുന്നു അവാർഡ്. ഉത്തരവാദിത്ത ടൂറിസം മേഖലയില്‍ കേരളത്തിലെ വനിത സംരഭങ്ങളുടെ ഇടപെടലും 2023ല്‍ പരിഗണിക്കപ്പെട്ടിരുന്നു.