സിപിഎം വാദങ്ങളും സമരങ്ങളും പൊള്ളയാണെന്നും പല സിപിഎം നേതാക്കളുടെയും മക്കളും ബന്ധുക്കളും അനധികൃതമായി ജോലി നേടിയിട്ടുണ്ടെന്നും രാജശേഖരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
വയനാട് സുൽത്താൻ ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനം നടന്നുവെന്ന് സമ്മതിച്ച് നിലവിലെ ബാങ്ക് ചെയർമാൻ ഡി.പി. രാജശേഖരൻ. 2023ൽ താൻ ചെയർമാനായി വന്നപ്പോൾ സഹകരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ചട്ട പ്രകാരമല്ലാതെ നിയമനം നേടിയ ആഞ്ച് പേരെ പിരിച്ചു വിട്ടിരുന്നു എന്നും രാജശേഖരൻ വെളിപ്പെടുത്തി. കോണ്‍ഗ്രസിലെ ചില നേതാക്കളും സിപിഎമ്മുമായി ബന്ധമുണ്ടെന്നും ഡി.പി. രാജശേഖരൻ ആരോപിച്ചു. നിലിവില്‍ യുഡിഎഫാണ് ബാങ്ക് ഭരണസമിതി നിയന്ത്രിക്കുന്നത്.
Also Read: ആറ് വർഷം നീണ്ട നിയമ പോരാട്ടം; പെരിയ ഇരട്ട കൊലക്കേസിൽ ഇന്ന് വിധി
"അനധികൃതമായി ആരെയെങ്കിലും നിയമിച്ചിട്ടുണ്ടെങ്കിൽ അവരെ ഈ ബാങ്കിൽ വെയ്ക്കില്ലെന്നായിരുന്നു എന്‍റെ തീരുമാനം. ആ നിലപാട് എടുത്തു മുന്നോട്ട് പോകുമ്പോഴും പലരും പിൻവാതിലിലൂടെ ഒത്തുതീർപ്പിനു ശ്രമിച്ചു. മാർക്സിസ്റ്റ് പാർട്ടി അടക്കം ഇതിന്റെ പിന്നിലുണ്ട്. അഴിമതി ആരോപണത്തിന്റെ പേരിൽ അന്നത്തെ ചെയർമാൻ സണ്ണി, ഗോപിനാഥൻ എന്നിവർക്കെതിരെ പാർട്ടി നടപടിയെടുത്തു. പിന്നീട് ഈ ബോർഡ് രാജിവെച്ചതിനു ശേഷം ഇതേ സണ്ണിയെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറായി ഇടതുപക്ഷ മുന്നണി സർക്കാരാണ് കൊണ്ടുവരുന്നത്. അതിനു ശേഷം 2023 ഒൻപതാം മാസം നടന്ന തെരഞ്ഞെടുപ്പിൽ ഇയാളെ എൽഡിഎഫിന്റെ സ്ഥാനാർഥിയാക്കിവയ്ക്കുന്നു", ഡി.പി. രാജശേഖരൻ പറഞ്ഞു. വേക്കൻസിയില്ലെന്ന് കാട്ടി ലാസ്റ്റ് ഗ്രേഡ് നിയമന ഉത്തരവ് കാന്‍സലാക്കി എട്ട് ദിവസത്തിനു ശേഷം നിയമനം നടത്തുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചുവെന്നും രാജശേഖരന്‍ ആരോപിച്ചു.
ബാങ്ക് നിയമനത്തിൽ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ട്. സിപിഎം വാദങ്ങളും സമരങ്ങളും പൊള്ളയാണെന്നും പല സിപിഎം നേതാക്കളുടെയും മക്കളും ബന്ധുക്കളും അനധികൃതമായി ജോലി നേടിയിട്ടുണ്ടെന്നും രാജശേഖരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.