തടിച്ചുകൂടിയത് രണ്ടര ലക്ഷം പേർ, പാളിയ സംഘാടനം; 121 പേരുടെ ജീവനെടുത്തത് 'പൊടിപാറിച്ച ഭക്തി'

ആൾദൈവത്തിന്റെ ആഡംബരക്കാർ കാർ ചീറിപ്പാഞ്ഞു പോകുന്നതിനിടെ, അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളാണ് ഇവിടെ യഥാർത്ഥത്തിൽ വില്ലനായത്.
121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് ദുരന്ത സ്ഥലത്തിന്റെ ചിത്രം
121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് ദുരന്ത സ്ഥലത്തിന്റെ ചിത്രം
Published on

ഉത്തർപ്രദേശിലെ ഹത്രസിൽ 121 പേരുടെ മരണത്തിനിടയാക്കിയ തിക്കിനും തിരക്കിനും കാരണമായത് സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ കാറിന് പിന്നാലെ ഭക്തർ കൂട്ടത്തോടെ പാഞ്ഞതെന്ന് സൂചന. ആത്മീയാചാര്യനായ നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ കാർ പറത്തിവിട്ട "വിശുദ്ധ പൊടിമണ്ണ്" ശേഖരിക്കാൻ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ ജനക്കൂട്ടം മത്സരിച്ച് തിക്കിത്തിരക്കിയതാണ് രാജ്യത്തെയാകെ നടുക്കിയ ദുരന്തത്തിലേക്ക് നയിച്ചത്.

ഹത്രസ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നതനുസരിച്ച്, സത്സംഗിൻ്റെ സംഘാടകർ 80,000ത്തോളം ആളുകൾക്ക് ഒത്തുചേരാനുള്ള അനുമതിയാണ് തേടിയിരുന്നത്. എന്നാൽ നിയമങ്ങളെല്ലാം കാറ്റിൽപറത്തി 2.5 ലക്ഷത്തിലധികം ആളുകൾ എത്തിയിരുന്നു. ആത്മീയ ചടങ്ങായ സത്സംഗത്തിന് ശേഷം ആൾദൈവം കാറിൽ മടങ്ങുമ്പോഴാണ് ആപത്കരമായ സാഹചര്യങ്ങൾ ഉടലെടുത്തത്.

ലക്ഷക്കണക്കിന് ആളുകൾക്കിടയിലൂടെ ആൾദൈവത്തിന്റെ ആഡംബരക്കാർ കാർ ചീറിപ്പാഞ്ഞു പോകുന്നതിനിടെ, അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങിയ പൊടിപടലങ്ങളാണ് ഇവിടെ യഥാർത്ഥത്തിൽ വില്ലനായത്. മണ്ണ് ശേഖരിക്കാൻ സ്ത്രീ-പുരുഷ ഭേദമന്യേ ആൾക്കൂട്ടം പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് നിന്നും കാണാനായത്. പിന്നിൽ നിന്നും ജനക്കൂട്ടം തിക്കിത്തിരക്കി മുന്നിലേക്ക് വരാൻ ശ്രമിച്ചത്, മുൻനിരയിലെ ജനക്കൂട്ടത്തെ താഴെവീഴ്ത്തി ചവിട്ടിക്കൂട്ടിയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പാകത്തിന് പൊലീസ് സേന ഇല്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സംഘാടകരുടെ അലംഭാവവും ഞെട്ടിക്കുന്ന മനുഷ്യക്കുരുതിക്ക് കാരണമായി.

ഭക്തരുടെ ആവേശം അതിരുകടക്കുന്നുവെന്ന് തോന്നിയതും, ആൾക്കൂട്ടം ബാബയുടെ അടുത്തേക്ക് പാഞ്ഞുവരുന്നത് തടയാനായി 'സേവാദർ' എന്നറിയപ്പെടുന്ന അനുയായികൾ വടിയുമായി ചാടിവീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ ജനക്കൂട്ടം പരസ്‌പരം തട്ടിവീഴുകയും, നിലത്തുവീണവർ പിന്നാലെ വന്നവരുടെ ചവിട്ടേറ്റും ശ്വാസം മുട്ടിയും മരിക്കുകയായിരുന്നു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.

രണ്ടര ലക്ഷത്തോളം ആളുകളെ പങ്കെടുപ്പിച്ച സമ്മേളനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ, വെറും 40 ഓളം പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് പൊലീസുകാരും വലഞ്ഞെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ പ്രതീക്ഷിച്ച ആളുകളുടെ എണ്ണം സംഘാടകർ മറച്ചുവെച്ചുവെന്നും ട്രാഫിക് മാനേജ്‌മെന്റ് നിബന്ധനകൾ പാലിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. തിക്കിലും തിരക്കിലും പെട്ട ഇരകളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ സുപ്രധാന തെളിവുകൾ സംഘാടകർ തന്നെ നശിപ്പിക്കാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.

ഹത്രസ് ദുരന്തത്തിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ ഇതുവരെ മരിച്ചപ്പോൾ, 28 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൻ്റെ ചുവടുപിടിച്ച് സംസ്ഥാന പൊലീസ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പുനൽകിയെങ്കിലും, ഇതുവരെയും അറസ്റ്റ് ഉണ്ടായിട്ടില്ലെന്നാണ് വിവരം. 'ആൾദൈവം' ഭോലെ ബാബയെ ഈ കേസിൽ ഇതുവരെയും പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഒളിവിലാണെന്നതും ശ്രദ്ധേയമാണ്. എഫ്ഐആറിൽ ഭോലെ ബാബയുടെ സഹായിയും, പരിപാടിയുടെ മുഖ്യ സംഘാടകനുമായ ദേവപ്രകാശ് മധുക്കറിൻ്റെയും മറ്റു ചിലരുടെയും പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ഹത്രസ് സന്ദർശിച്ചേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. "സർക്കാർ ഈ സംഭവം വിശദമായി അന്വേഷിക്കും. ഗൂഢാലോചന നടത്തിയവർക്കും ഉത്തരവാദികൾക്കും ഉചിതമായ ശിക്ഷ നൽകുകയും ചെയ്യും. സംസ്ഥാന സർക്കാർ ഈ സംഭവം മുഴുവൻ അന്വേഷിക്കുകയാണ്. ഇത് അപകടമാണോ, അതോ ഗൂഢാലോചനയാണോ എന്ന് ഞങ്ങൾ അന്വേഷിക്കും," ആദിത്യനാഥ് ഇന്നലെ പറഞ്ഞു.

ഈ ദുരന്തത്തിലേക്ക് നയിച്ച മാനുഷിക പിഴവുകൾ തിരിച്ചറിയേണ്ടതുണ്ടെന്നും ഭാവിയിലേക്ക് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്നും മുൻ മുഖ്യമന്ത്രിയും മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനും നടപടിക്കും ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് തടയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com