ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.
പ്രതീകാത്മക ചിത്രം
ജൂലൈ മാസത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. 280 കോടി യുഎസ് ഡോളര്‍ വിലവരുന്ന എണ്ണയാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ മോസ്‌കോയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെ റഷ്യ ക്രൂഡ് ഓയിലിന് വിലയിളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറി.
ALSO READ: ഡീസലിലും എഥനോള്‍ കലർത്തും; പരീക്ഷണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് ഇന്ത്യയുടെ മുഴുവന്‍ എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുണ്ടായിരുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യ വാങ്ങുന്ന മൊത്തം എണ്ണയുടെ 40 ശതമാനത്തോളം റഷ്യയില്‍ നിന്നായി മാറി.
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സിആര്‍ഇഎ) റിപ്പോര്‍ട്ട് പ്രകാരം റഷ്യയുടെ 47 ശതമാനം വരുന്ന ക്രൂഡ് ഓയില്‍ കയറ്റുമതി ചൈനയിലേക്കാണ്. 37 ശതമാനം ഇന്ത്യയിലേക്കും ഏഴ് ശതമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കും, ആറ് ശതമാനം തുര്‍ക്കിയിലേക്കുമാണ്.
85 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ജൂലൈയില്‍ മാത്രം 19.4 മില്യണ്‍ ടണ്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി 11.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓയിലിന് പുറമെ കല്‍ക്കരിയും ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. 2022 ഡിസംബര്‍ മുതല്‍ 2024 ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം റഷ്യയുടെ ആകെയുള്ള കോള്‍ കയറ്റുമതിയുടെ 47 ശതമാനവും വാങ്ങിയിരിക്കുന്നത് ചൈനയാണ്. ഇന്ത്യ 18 ശതമാനമാണ്. തുര്‍ക്കി 10 ശതമാനവും സൗത്ത് കൊറിയ 10 ശതമാനവും തായ് വാന്‍ അഞ്ച് ശതമാനവും കല്‍ക്കരി വാങ്ങുന്നു.