സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഒരു നൂറ്റാണ്ടു കാലം നടന്ന സുപ്രധാന നീക്കങ്ങളുടെ പരിണിത ഫലമായിരുന്നു 1947 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യപ്പുലരി
കേവലം ദിവസങ്ങളോ, മാസങ്ങളോ നീണ്ടു നില്‍ക്കുന്നതായിരുന്നില്ല സ്വാതന്ത്യ്രത്തിലേക്കുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഒരു നൂറ്റാണ്ടു കാലം നടന്ന സുപ്രധാന നീക്കങ്ങളുടെ പരിണിത ഫലമായിരുന്നു 1947 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യപ്പുലരി. ആ ഐതിഹാസിക ദിനത്തിലേക്ക് നയിച്ച സുപ്രധാന നീക്കങ്ങളുടെ നാള്‍വഴിയിലേക്ക്..
⦿ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യക്കാരുടെ ആദ്യത്തെ വെല്ലുവിളിയായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857ലെ കലാപം. കലാപത്തിലൂടെ ജനം ഒന്നിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായ പ്രത്യക്ഷ പോരാട്ടങ്ങളില്‍ ആദ്യത്തെ ഈ സമരം ശിപായി ലഹള എന്ന പേരിലും അറിയപ്പെടുന്നു.
⦿ കൊളോണിയല്‍ ഭരണത്തിനെതിരായ ഇന്ത്യൻ നാഷണല്‍ കോൺഗ്രസിൻ്റെ രൂപീകരണം സ്വാതന്ത്ര്യ സമരത്തിന് അടിത്തറ പാകി. ബ്രിട്ടീഷുകാരുടെ സുരക്ഷാ വാൽവ് സിദ്ധാന്തമെന്ന തന്ത്രം പിന്നീട് അവർക്കെതിരെ തന്നെ തിരിഞ്ഞു.
⦿ സ്വാതന്ത്ര്യ സമരത്തിൻ്റെ സിരാകേന്ദ്രമായ ബംഗാളിനെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമവും ഇക്കാലത്ത് പാളി. വിഭജനത്തിനെതിരെ ശക്തമായ എതിർപ്പുണ്ടായെന്ന് മാത്രമല്ല, തീവ്രദേശീയതയും ഉടലെടുത്തു.
⦿ ബംഗാൾ വിഭജനത്തോടെ മുസ്ലീംകൾ ആശങ്കാഭരിതരായി. ഇത് മുസ്ലീം ലീഗിൻ്റെ രൂപീകരണത്തിലേക്ക് നയിച്ചു.
⦿ ഇന്ത്യ-ബ്രിട്ടീഷ് ബന്ധത്തിലെ വലിയ വിള്ളൽ വീണത് 1919-ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനരോഷം ഉയരുകയും ഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനായി ജനത സജ്ജരാവുകയും ചെയ്തു.
⦿ സ്വാതന്ത്ര്യസമരത്തിലെ നിർണായക ചുവടുവെയ്പായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. സമാധാനപരവും അക്രമരഹിതവുമായ പ്രതിഷേധം ബ്രിട്ടീഷ് ഭരണകൂടത്തെ പിടിച്ചുലച്ചു.
⦿ ഗോ ബാക്ക് വിളികളോടെയായിരുന്നു സൈമൺ കമ്മീഷനെ ഇന്ത്യക്കാർ വരവേറ്റത്(1928). ഭരണഘടനാ പരിഷ്കാരങ്ങൾ പഠിക്കാനെത്തിയ കമ്മീഷനിൽ ഇന്ത്യക്കാരില്ലാത്തതായിരുന്നു കാരണം. ഒന്നിച്ച് പോരാടാനുള്ള ആത്മവീര്യം ജനങ്ങൾക്ക് നല്‍കുന്നതായിരുന്നു ഈ പ്രതിഷേധ സമരം.
⦿ പൂർണ സ്വരാജിലൂടെ ബ്രിട്ടീഷുകാർ അംഗീകരിക്കാത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രഖ്യാപിച്ചു.
⦿ 1930-ലെ ഉപ്പുസത്യാഗ്രഹത്തിലൂടെ അഹിംസാത്മക പ്രതിഷേധത്തിൻ്റെ ശക്തി ബ്രിട്ടീഷ് ഭരണകൂടം അറിഞ്ഞു.
⦿ ഇന്ത്യയുടെ ഭാവി ഗവൺമെൻ്റിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷുകാർ വിളിച്ചുകൂട്ടിയ വട്ടമേശ സമ്മേളനങ്ങളെല്ലാം പരാജയമായിരുന്നു. എങ്കിലും ഇന്ത്യക്കാരും ബ്രിട്ടീഷുകാരും തുല്യരായി കണ്ടുമുട്ടിയത് ഈ സമ്മേളനങ്ങളിലായിരുന്നു.
⦿ ഡൊമീനിയൽ പദവി വാഗ്ദാനം ചെയ്തുകൊണ്ടുവന്ന ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് വാഗ്ദാനം നിറവേറ്റിയില്ല. പക്ഷേ, സ്വാതന്ത്ര്യത്തിനായുള്ള ചർച്ചകൾക്ക് അടിസ്ഥാനമിട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ന്യൂക്ലിയസായതും ഈ ആക്ടാണ്.
⦿ 1937-ലെ പ്രാദേശിക അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെ പ്രാദേശിക ഭരണത്തിൽ ഇന്ത്യക്കാർക്ക് കാര്യമായ നിയന്ത്രണം കിട്ടി.
⦿ രണ്ടാം ലോകമഹായുദ്ധത്തോടെ സ്വാതന്ത്ര്യ സമരം അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ സൈനികരെയും വിഭവങ്ങളെയും യുദ്ധത്തിൽ ഉപയോഗിച്ചതിൽ ദേശീയ വികാരം ആളിക്കത്തി.
⦿ പ്രവര്‍ത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) എന്ന ആഹ്വാനത്തോടെ 1942-ല്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചു. പ്രക്ഷോഭങ്ങളും സിവിൽ നിയമ ലംഘനങ്ങളും അതിൻ്റെ പാരമ്യത്തിലായി. ശക്തമായ അടിച്ചമർത്തലുകള്‍ ഉണ്ടായിട്ടും ജനം അതിനെ ഒന്നാകെ പ്രതിരോധിച്ചു.
⦿ ഒടുവിൽ 1947 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെൻ്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി. ഓഗസ്റ്റ് 15 അർദ്ധരാത്രിയ്ക്ക് ഇന്ത്യ സ്വതന്ത്രയായി.