രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ നായകത്വത്തിലാണ് ഇന്ത്യ പരമ്പരയിലെ അവസാന മത്സരം കളിക്കാനിറങ്ങിയത്
വിക്കറ്റെടുത്ത സ്കോട്ട് ബോളണ്ടിന്റെ സന്തോഷം
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അവസാന മത്സരത്തിലും കളി മറന്ന് ഇന്ത്യ. പരമ്പര സമനിലയിലാക്കണമെങ്കില്‍ ജയം അനിവാര്യമായ മത്സരത്തിലാണ് ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. ഓസ്ട്രേലിയന്‍ ബൗളിങ്ങിനെ കൃത്യമായി പ്രതിരോധിച്ചുകൊണ്ട് മികച്ച കൂട്ടുകെട്ട് കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ഒരിക്കല്‍ കൂടി പരാജയപ്പെട്ടപ്പോള്‍ ആദ്യ ഇന്നിങ്സ് 185 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുന്ന ഓസീസ് ബൗളര്‍ സ്കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കൂടുതല്‍ ആക്രമണകാരികളായതിനും സിഡ്നി സാക്ഷ്യം വഹിച്ചു. ബോളണ്ട് നാലും സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റ് നേടി.
ടോസ് ഭാഗ്യം തുണച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനെത്തുടര്‍ന്ന് ജസ്പ്രീത് ബുംറയുടെ നായകത്വത്തിലാണ് ഇന്ത്യ പരമ്പരയിലെ അവസാന മത്സരം കളിക്കാനിറങ്ങിയത്. യശസ്വി ജയ്സ്വാളും കെ.എല്‍ രാഹുലുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, അഞ്ചാം ഓവറില്‍ ടീം സ്കോര്‍ 11 റണ്‍സിലെത്തി നില്‍ക്കെ രാഹുലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സാം കോണ്‍സ്റ്റാസ് ക്യാച്ചെടുക്കുകയായിരുന്നു. 14 പന്തില്‍ നാല് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ടീം സ്കോര്‍ 17 റണ്‍സിലെത്തിയപ്പോള്‍, ജയ്സ്വാളിന്റെ വിക്കറ്റും വീണു. ബോളണ്ടിന്റെ പന്തില്‍ വെബ്സ്റ്ററിനായിരുന്നു ക്യാച്ച്. 26 പന്തില്‍ 10 റണ്‍സായിരുന്നു ജയ്സ്വാളിന്റെ സമ്പാദ്യം. രോഹിതിന് പകരം ടീമിലിടം പിടിച്ച ശുഭ്‌മാന്‍ ഗില്ലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് മികച്ച പ്രതിരോധം തീര്‍ത്തെങ്കിലും, വലിയ റണ്‍സിലേക്ക് ആ കൂട്ടുകെട്ട് നീങ്ങിയില്ല. 64 പന്തില്‍ 20 റണ്‍സെടുത്ത ഗില്‍ നഥാന്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവന്‍ സ്മിത്തിന് ക്യാച്ച് കൊടുത്ത് മടങ്ങി. 69 പന്തില്‍ 17 റണ്‍സെടുത്തു കോഹ്‍ലി ബോളണ്ടിന്റെ പന്തില്‍ വെബ്സ്റ്റര്‍ക്ക് ക്യാച്ച് കൊടുത്തും മടങ്ങി. നേരത്തെ, നേരിട്ട ആദ്യ പന്തില്‍ തന്നെ കോഹ്ലി ക്യാച്ച് നല്‍കിയിരുന്നു. എട്ടാം ഓവറില്‍ ബോളണ്ടിന്റെ ആദ്യ പന്ത് കോഹ്‌ലിയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത് സെക്കന്‍ഡ് സ്ലിപ്പില്‍ സ്മിത്തിന്റെ കൈയിലേക്കെത്തി. ഗ്രൗണ്ടിലേക്ക് വീണ പന്തിനെ സ്മിത്ത് ഒറ്റകൈകൊണ്ട് കോരിയെറിഞ്ഞു, മാര്‍നസ് ലബുഷെയ്ന്‍ ഓടിയെത്തി ക്യാച്ച് പൂര്‍ത്തിയാക്കി. എന്നാല്‍, തേഡ് അമ്പയറിന്റെ പരിശോധനയില്‍ പന്ത് ഗ്രൗണ്ടില്‍ തൊട്ടിരുന്നതായി മനസിലാക്കി, നോട്ടൗട്ട് വിധിക്കുകയായിരുന്നു.
ALSO READ: വിരമിക്കാൻ തയ്യാറെടുത്ത് രോഹിത് ശർമ; കോഹ്‌ലിക്കും എക്സിറ്റ് പ്ലാൻ ഒരുക്കണമെന്ന് മുൻ താരം
മധ്യനിരയില്‍ റിഷഭ് പന്ത് മാത്രമാണ് ഉത്തരവാദിത്വത്തോടെ കളിച്ചത്. എന്നാല്‍ 98 പന്തില്‍ 40 റണ്‍സുമായി നിന്ന പന്തിനെ ബോളണ്ട് പാറ്റ് കമ്മിന്‍സിന്റെ കൈയിലെത്തിച്ചു. നിതീഷ് കുമാര്‍ റെഡ്ഡി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ബോളണ്ടിന്റെ പന്തില്‍ സ്റ്റീവന്‍ സ്മിത്തിനായിരുന്നു ക്യാച്ച്. രവീന്ദ്ര ജഡേജ ശ്രദ്ധയോടെ കളിച്ചുതുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് ഉയരാന്‍ സ്റ്റാര്‍ക്ക് അനുവദിച്ചില്ല. 95 പന്തില്‍ 26 റണ്‍സിലെത്തിനില്‍ക്കെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ജഡേജ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 30 പന്തില്‍ 14 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിനെ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി ക്യാച്ചെടുത്ത് പുറത്താക്കി. 10 പന്തില്‍ മൂന്ന് റണ്‍സെടുത്ത പ്രസിദ്ധ് കൃഷ്ണ കമ്മിന്‍സിന്റെ പന്തില്‍ കോണ്‍സ്റ്റാസിന് ക്യാച്ച് കൊടുത്ത് മടങ്ങി. 17 പന്തില്‍ 22 റണ്‍സെടുത്ത ജസ്പ്രീത് ബുംറയെ കമ്മിന്‍സ് സ്റ്റാര്‍ക്കിന്റെ കൈയില്‍ എത്തിച്ചതോടെ ഇന്ത്യന്‍ ഇന്നിങ്സിന് അവസാനമായി. മൂന്ന് റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. 72.2 ഓവര്‍ മാത്രമാണ് ഇന്ത്യ കളിച്ചത്. കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ ഏഴിലും ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 80 ഓവറിനുള്ളില്‍ അവസാനിച്ചിരുന്നു.
ഓസീസിനായി ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ നേടി. 17 മാസങ്ങള്‍ക്കുശേഷമാണ് ബോളണ്ട് ടെസ്റ്റ് മത്സരത്തില്‍ തിരിച്ചെത്തിയത്. പരുക്കേറ്റ ഹേസല്‍വുഡിന് പകരക്കാരനായി രണ്ടാം ടെസ്റ്റില്‍ ഇടം ലഭിച്ച ബോളണ്ട് രണ്ട് ഇന്നിങ്സുകളിലായി അഞ്ച് വിക്കറ്റ് നേടി. പിന്നീട് നാലാം ടെസ്റ്റില്‍ അവസരം ലഭിച്ച ബോളണ്ട് ആറ് വിക്കറ്റുകളാണ് നേടിയത്. അവസാന ടെസ്റ്റിലെത്തുമ്പോള്‍, ആദ്യ ഇന്നിങ്സില്‍ തന്നെ നാല് വിക്കറ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും, പാറ്റ് കമ്മിന്‍സ് രണ്ടും, നഥാന്‍ ലിയോണ്‍ ഒരു വിക്കറ്റും നേടി.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് ഓസീസ് മുന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു ഇന്ത്യന്‍ ജയം. രണ്ടാം ടെസ്റ്റില്‍ ഓസീസ് ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് സമനിലയിലായി. സമനിലയിലെങ്കിലും അവസാനിപ്പിക്കാമായിരുന്ന നാലാം ടെസ്റ്റിലും കളി മറന്ന ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു.