സ്റ്റോക്ക് മാർക്കറ്റിൽ ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞ് 24,317 ലും സെൻസെക്സ് 421 പോയിന്‍റ് 79,284ലും നിന്നാണ്
സെബി മേധാവിക്കെതിരായ ഹിൻഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് .
സ്റ്റോക്ക് മാർക്കറ്റിൽ ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞ് 24,317 ലും സെൻസെക്സ് 421 പോയിന്‍റ് 79,284ലും നിന്നാണ്. 9 20 ഓടെ തന്നെ നിഫ്റ്റി 24300 പോയിന്‍റിനും താഴേക്ക് പോയി. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യത്തില്‍ ഏഴു ശതമാനമാണ് ഇടിവുണ്ടായത്. കഴിഞ്ഞവാരം വിപണി കണ്ട വിറ്റഴിക്കല്‍ ട്രെന്‍ഡിനെ തുടർന്ന് സെന്‍സെക്സ് 80,981 ൽ നിന്നും 78,353 ലേക്കും നിഫ്റ്റി 24,717ൽ നിന്നും 23,895 ലേക്കും വീണിരുന്നു.
വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെൻസെക്‌സ് 1276 പോയിന്‍റും നിഫ്‌റ്റി സൂചിക 350 പോയിന്‍റുമാണ് ഇടിവ് രേഖപ്പെടുത്തിയത്. മുൻ നിര ഓഹരി ഇൻഡക്‌സുകൾക്ക് ഒന്നര ശതമാനം തകർച്ചയാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപങ്ങളില്‍ 406 കോടി രൂപയുടെ വിറ്റഴിക്കലാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്. അതേസമയം, 20,871 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമുണ്ടായത് വിപണിയെ പിടിച്ചുനിർത്തി.
2023 ലെ ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഏകദേശം 15000 കോടി ഡോളറിന്‍റെ നഷ്ടമുണ്ടായതിന് സമാനമായ പ്രതിഫലനം വിപണിയിലുണ്ടായിട്ടില്ല. ചെറുതും ഹ്വസ്വകാലത്തേക്കുള്ളതുമായ വിട്ടുനില്‍ക്കല്‍ പ്രതീക്ഷിക്കാമെങ്കിലും, പെട്ടെന്ന് വീണ്ടെടുക്കാവുന്ന വീഴ്ചയേ വിപണി പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് അനലിസ്റ്റുകളുടെ പ്രവചനം.
നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപണത്തെ തുടർന് ഐസിഐസി ബാങ്ക് ചെയർമാന്‍ ചന്ദാ കൊച്ചാറിനോട് അവധിയില്‍ പോകാന്‍ നിർദേശമുണ്ടായത് പോലുള്ള നടപടി ഉണ്ടായാലേ മാർക്കറ്റിന് സാരമായ എന്തെങ്കിലും കുലുക്കമുണ്ടാകൂ എന്ന് സ്വതന്ത്ര മാർക്കറ്റ് അനലിസ്റ്റായ അംബരീഷ് ബാലിഗയും പറഞ്ഞു.