യൂനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി
യൂൻ സുക് യോള്‍
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോളിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി സംയുക്ത അന്വേഷണ സംഘം. അന്വേഷണ സംഘം പ്രസിഡന്‍റിന്‍റെ വസതിയിലെത്തിയെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. സൈനിക സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. യൂനിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ അയച്ച മൂന്ന് സമൻസും അവഗണിച്ച സാഹചര്യത്തിലാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്. ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചതിൽ വിവിധ അന്വേഷണങ്ങളാണ് യൂനിനെതിരെ നടക്കുന്നത്. ഡിസംബർ മൂന്നിനാണ് പ്രസിഡൻ്റ് യൂൻ സൂക് യോൾ സൗത്ത് കൊറിയയിൽ പട്ടാള നിയമം അടിച്ചേൽപ്പിച്ചത്. എന്നാൽ രാജ്യത്തുടനീളവും വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിയമം പിൻവലിക്കപ്പെടുകയായിരുന്നു.
സീനിയർ പ്രോസിക്യൂട്ടർ ലീ ഡേ-ഹ്‌വാൻ ഉൾപ്പെടെയുള്ള കറപ്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ( സിഐഒ) ഉദ്യോഗസ്ഥരാണ് പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് എത്തിയത്. ഇവർ കനത്ത സുരക്ഷാ ബാരിക്കേഡുകൾ മറികടന്ന് യൂനിനെ തടങ്കലിലാക്കാനുള്ള വാറന്റ് നടപ്പിലാക്കാൻ വസതിയിലേക്ക് പ്രവേശിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അകത്ത് പ്രവേശിച്ചതിന് ശേഷം ഇവരെ "ഒരു സൈനിക യൂണിറ്റ് തടഞ്ഞു", എന്ന് യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യൂനിന് ഇപ്പോഴും രാഷ്ട്രത്തലവനെന്നപോലുള്ള സുരക്ഷ ഒരുക്കുന്ന പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസ് അന്വേഷകരുടെ വാറൻ്റ് പാലിക്കുമോ എന്നത് വ്യക്തമല്ല. സുരക്ഷാ ടീമിലെ അംഗങ്ങൾ മുമ്പ് പ്രസിഡൻ്റിൻ്റെ വസതിയിലെ പൊലീസ് റെയ്ഡ് തടഞ്ഞിരുന്നു, എന്നാൽ ഏത് യൂണിറ്റാണ് ഇപ്പോൾ അന്വേഷകരെ തടഞ്ഞതെന്ന വിവരം പുറത്തു വന്നിട്ടില്ല.
രാജ്യത്ത് പട്ടാള നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഡിസംബർ 14നാണ് യൂനിനെ പാർലമെന്റ് ഇംപീച്ച് ചെയ്തത്. ഇംപീച്ച് ചെയ്യപ്പെട്ടതോടെ യൂനിന്റെ പ്രസിഡൻഷ്യല്‍ അധികാരങ്ങൾ റദ്ദായിരുന്നു. പ്രധാനമന്ത്രി ഹാന്‍ ഡക്ക്-സൂവിനാണ് പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല. സിയോളില്‍ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വോട്ടെടുപ്പ് നടന്നത്. 300 പാർലമെൻ്റ് അംഗങ്ങളിൽ 204 പേർ ഇംപീച്ചുമെൻ്റീനെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. മൂന്ന് നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നാലു വോട്ടുകള്‍ അസാധുവായി.