ഇറാനും ഹിസ്ബുല്ലയ്ക്കുംമേല്‍ നയതന്ത്ര സമ്മര്‍ദങ്ങള്‍ വേണമെന്നാണ് ബ്ലിങ്കെന്‍ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്
യുഎസ് ആഭ്യന്തര സെക്രട്ടറി ആന്‍റണി ബ്ലിങ്കെന്‍
ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്റെ മുന്നറിയിപ്പ്. തിങ്കാള്ച തന്നെ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നാണ് ബ്ലിങ്കെന്‍ ജി7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് ആക്സിയോസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ തെഹ്റാനില്‍വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയതിൽ ഇറാൻ പ്രകോപിതരാണ്. അതിന് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ്, ആന്റണി ബ്ലിങ്കെന്റെ പ്രസ്താവന. അതേസമയം, എന്തിനും തയ്യാറാണെന്നും, ഏത് ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
ഇറാനും ഹിസ്ബുല്ലയ്ക്കുംമേല്‍ നയതന്ത്ര സമ്മര്‍ദങ്ങള്‍ വേണമെന്നാണ് ബ്ലിങ്കെന്‍ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയില്‍ യുഎസ് യുദ്ധക്കപ്പലുകളും ഫൈറ്റര്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇത് പ്രതിരോധത്തെ മുന്‍നിര്‍ത്തിയാണെന്ന് ബ്ലിങ്കെന്‍ മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് ജി7 രാജ്യങ്ങിളിലെ മന്ത്രിമാരും പ്രസ്താവന ഇറക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വഷളാവാതിരിക്കാന്‍ ക്രിയാത്മക ഇടപെടല്‍ വേണമെന്നാണ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നത്. പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ രൂക്ഷമാകുന്നതുകൊണ്ട് ഒരു രാജ്യത്തിനും നേട്ടമില്ലെന്നും പ്രസ്താവന പറയുന്നു.
ALSO READ: ഇസ്രയേൽ-അറബ് സംഘർഷം: ഇസ്രയേലിന് ആയുധ സഹായം വർധിപ്പിച്ച് അമേരിക്ക
അതേസമയം, എന്തിനും തയ്യാറാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്റെ ആക്രമണ ഭീഷണികള്‍ക്കിടെ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണമായാലും, പ്രതിരോധമായാലും തയ്യാറാണെന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം നെതന്യാഹു പ്രതികരിച്ചത്. ഹനിയയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ മന്ത്രിസഭ യോഗം ചേര്‍ന്നത്. രഹസ്യാന്വേഷണ ഏജന്‍സി മൊസാദിന്റെ തലവന്‍മാരടക്കം പങ്കെടുത്ത യോഗത്തിനു പിന്നാലെയാണ് യുദ്ധത്തിനായാലും തയ്യാറാണെന്ന നെതന്യാഹുവിന്റെ അറിയിപ്പ്.
ഏപ്രില്‍ 13ന് നടന്ന ഇസ്രയേല്‍ ആക്രമണത്തിന് സമാനമായ പ്രതികരണമാണ് ഇറാന്‍റെ ഭാഗത്തു നിന്നും യുഎസ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് അന്ന് ഇറാന്‍ ആക്രമണം നടത്തിയത്. എന്നാല്‍, ഇസ്രയേല്‍ വിരുദ്ധ ശക്തികള്‍ ഇറാനുമായി കൈകോര്‍ത്താല്‍ ആക്രമണത്തിന്‍റെ തീവ്രത വര്‍ധിച്ചേക്കും.