ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന എംപോക്സിൻ്റെ ഏറ്റവും പുതിയ വകഭേദമായ ക്ലേഡ് 2 കൂടുതൽ തീവ്രതയേറിയാണ്
പകർച്ചവ്യാധികൾ തങ്ങളെ ബാധിക്കുന്ന പ്രശ്നം അല്ലെന്നും അത് വികസ്വര രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന് കരുതി അവഗണിക്കുന്നതിൻ്റെ പരിണിത ഫലമാണ് പല പകർച്ച വ്യാധികളും ആഗോള ഭീഷണിയായി മാറുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ആഫ്രിക്കയിലെ എംപോക്സ് വ്യാപനം.
വെസ്റ്റ്നൈൽ, സിക്ക, ചിക്കുൻഗുനിയ എല്ലാം ഇത്തരത്തിൽ ആഗോള ശ്രദ്ധ ലഭിക്കാതെ അവഗണിക്കപ്പെട്ട വൈറസുകളാണ്.
എംപോക്സിൻ്റെ തുടക്കവും വ്യാപനവും
1958-ലാണ് എംപോക്സ് കണ്ടെത്തുന്നത്. കുരങ്ങുകളിൽ കണ്ടെത്തിയതു കൊണ്ടു തന്നെ ഇത് ആദ്യം മങ്കിപോക്സ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ആദ്യം മനുഷ്യരിൽ സ്ഥിരീകരിച്ചത് 1970-ലാണ്. പിന്നീട് കാലമിത്ര കഴിഞ്ഞിട്ടും ഇത് ശാസ്ത്ര-പൊതുജനാരോഗ്യ ശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ടു. ലോകത്തെ സംബന്ധിച്ച് ഇത് ആഫ്രിക്കൻ ഉൾ പ്രദേശങ്ങളിലെ അസാധാരണമായ അണുബാധ മാത്രമായിരുന്നു.
പിന്നീട് 2022-ൽ വികസിത രാജ്യങ്ങളിൽ വലിയ രീതിയിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടപ്പോളാണ്, ഇതിനെ പറ്റി ശാസ്ത്രലോകം ബോധവാന്മാരായത്. അതോടെ വൈറസിനെ പറ്റി പഠിക്കുന്നതിനും പരീക്ഷണങ്ങൾക്കുമായി വൻതോതിൽ സഹായം ഒഴുകിയെത്തി. 2022 ഏപ്രിൽ മുതൽ ഒരു മെഡിക്കൽ എഞ്ചിനിൽ മാത്രം നടന്നത് കഴിഞ്ഞ 60 വർഷങ്ങൾക്കുള്ളിൽ നടന്നതിനേക്കാൾ കൂടുതൽ ഗവേഷണങ്ങളാണ്.
എംപോക്സിനുള്ള രോഗനിർണയ, ചികിത്സാ, അണുബാധ തടയൽ ഉപകരണങ്ങളിൽ ആഗോള നിക്ഷേപം വർധിപ്പിക്കണമെന്ന് ആഫ്രിക്കൻ ഗവേഷകർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും 2022-23 ആഗോള തലത്തിൽ എംപോക്സ് പൊട്ടിപ്പുറപ്പെട്ടു. ഒടുവിൽ ആഫ്രിക്കയിൽ മാത്രം പുതിയ എംപോക്സ് വ്യാപനം 500 ലേറെ മനുഷ്യരെ കൊന്നൊടുക്കിയതിനും ഇത് വ്യാപകമാകുവാൻ തുടങ്ങിയതിനും ശേഷം ലോകാരോഗ്യ സംഘടന ഇപ്പോൾ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മറ്റ് രാജ്യങ്ങൾക്ക് പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന സാഹചര്യങ്ങളിലുള്ള ഏറ്റവും ഉയർന്ന അലേർട്ട് ലെവലാണിത്.
ആഗോള അസമത്വത്തിൻ്റെ ഇരകൾ
റിസോഴ്‌സുകൾ ലഭ്യമാക്കുന്നതിലും വാക്‌സിനുകൾ, ഡയഗ്‌നോസ്റ്റിക്‌സ്, ചികിത്സകൾ എന്നിവ ലഭ്യമാക്കുന്നതിലും ആഗോള അസമത്വങ്ങൾ നിലനിൽക്കുന്നു എന്നതിന് മികച്ച ഉദാഹരമാണ് പല വ്യാവസായിക രാജ്യങ്ങളിലും ഇവ ലഭ്യമാക്കുകയും ആഗോള വ്യാപനം തടയുവാൻ ശ്രമിക്കുകയും ചെയ്തത്. പക്ഷേ ആഫ്രിക്കയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പോഴും ഇവ ലഭ്യമാക്കിയിട്ടില്ല.
ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന എംപോക്സിൻ്റെ ഏറ്റവും പുതിയ വകഭേദമായ ക്ലേഡ് 2 കൂടുതൽ തീവ്രതയേറിയാണ്. അതുകൊണ്ടു തന്നെ വേഗത്തിലുള്ള വ്യാപനത്തിനും ഇത് കാരണമാകും. ആഫ്രിക്കയ്ക്ക് പുറമേ സ്വീഡനിലും ഈ വൈറസ് സ്ഥിരീകരിച്ചിരുന്നു.
ഇതിനകം തന്നെ, ഈ പൊട്ടിത്തെറിയുടെ ഫലമായി കെനിയ പോലുള്ള എംപോക്‌സിൻ്റെ മുൻ റെക്കോർഡുകളൊന്നുമില്ലാത്ത രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
നിലവിൽ പ്രകൃതിദുരന്തങ്ങൾ, അഞ്ചാംപനി, കോളറ, പോളിയോമൈലിറ്റിസ് എന്നിവയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ നേരിടുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സിൻ്റെ വ്യാപനം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. സമീപ വർഷങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ എബോള വ്യാപനവും ആഫ്രിക്കയെ ബാധിച്ചിരുന്നു. വാക്സിനുകളുടെയും ചികിത്സകളുടെയും ലഭ്യത ഉണ്ടായിരുന്നിട്ടു കൂടി എബോളയുടെ വ്യാപനം നേരിടുന്നതിൽ കനത്ത വെല്ലുവിളിയാണ് ആഫ്രിക്കൻ രാജ്യങ്ങൾ നേരിട്ടിരുന്നത്.
ഇത് തടയാനാകുമോ?
ദ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ വന്ന ഒരു ലേഖനത്തിൽ ഇത് ഒരു പകർച്ചവ്യാധിയായി മാറുന്നതിൽ തടയാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് വിശദീകരിക്കുന്നുണ്ട്.
ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ, വാക്സിനുകൾ, ആൻറിവൈറൽ ചികിത്സകൾ ഇവയ്ക്ക് ആവശ്യമായ രാഷ്ട്രീയ പ്രതിബദ്ധതയും സാമ്പത്തിക നിക്ഷേപവും ലഭ്യമാക്കണം.
എക്സ്പോഷർ ക്രമീകരണങ്ങൾ, ട്രാൻസ്മിഷൻ റൂട്ടുകൾ, ക്ലിനിക്കൽ അവതരണങ്ങൾ എന്നിവയെക്കുറിച്ച് കൂടുതലറിയാൻ ശാസ്ത്രീയ അന്വേഷണങ്ങൾ ആവശ്യമാണ്. ഈ ഇടപെടലുകൾ നടത്തുന്നതിനുള്ള മികച്ച വഴികൾ കണ്ടെത്തുകയും ചെയ്യണം.
ആഫ്രിക്കയിൽ ഒരു ആഫ്രിക്കൻ നേതൃത്വത്തിൽ തന്നെയുള്ള മൾട്ടി ഡിസിപ്ലിനറി, മൾട്ടി-കൺട്രി എംപോക്സ് റിസർച്ച് കൺസോർഷ്യം (MpoxReC) സ്ഥാപിക്കുവാനും ലേഖനം നിർദേശിക്കുന്നു.
പൊതുജനാരോഗ്യ പ്രശ്‌നമായി തന്നെ എംപോക്സിനെ കണ്ടു കൊണ്ട് അത് ഉന്മൂലനം ചെയ്യുന്നതിനായി ഗവേഷണം നടത്തണം.
ഇപ്പോൾ ലോകത്തിൻ്റെ ഒരു കോണിൽ മാത്രം വ്യാപിച്ചിട്ടുള്ള ഈ രോഗം പെട്ടെന്ന് ആഗോള ഭീഷണിയായി മാറുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ ആഗോള ആരോഗ്യ സംവിധാനം ഉടനടി ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡിൻ്റെ വ്യാപനത്തേക്കാൾ ഒരുപക്ഷേ തീവ്രമായേക്കാം എംപോക്സ് വ്യാപനം.