ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രയേലിനെ ആക്രമിക്കണമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടു
ആയത്തുല്ല അലി ഖമേനി
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെ ആക്രമിക്കണമെന്ന ആഹ്വാനവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇറാന്‍ നേരിട്ട് ഇസ്രയേലിനെ ആക്രമിക്കണമെന്ന് ഖുമേനി നിര്‍ദേശിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച രാവിലെ നടന്ന ഇറാന്‍റെ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലാണ് ഖമേനി ആക്രമണത്തിന് ആഹ്വാനം ചെയ്തത്. ഹനിയ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച ഉടനെ തന്നെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് അടക്കമുള്ള സുരക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേരുകയായിരുന്നു. ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെതിരെയാണ് ഇറാനും ഹമാസും വിരൽചൂണ്ടുന്നത്. എന്നാൽ, കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
ഇറാൻ പ്രസിഡന്‍റായി മസൂദ് പെസെഷ്‌കിയാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനില്‍ എത്തിയതായിരുന്നു ഇസ്മയില്‍ ഹനിയ. രണ്ട് മണിക്ക് ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹനിയ ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ അതിര്‍ത്തിക്കുള്ളില്‍ നടന്ന കൊലപാതകത്തിനു മറുപടി കൊടുക്കണമെന്നാണ് ആയത്തുല്ല ഖുമേനിയുടെ ആഹ്വാനം. 'ഈ രക്തത്തിനു പ്രതികാരം ചെയ്യേണ്ടത് നമ്മുടെ കടമയാണ്' എന്നായിരുന്നു ഇറാൻ പരമോന്നത നേതാവിന്‍റെ ആദ്യ പരസ്യ പ്രതികരണം.
ഇറാന്‍ ഭരണ വ്യവസ്ഥയില്‍ ആയത്തുല്ല ഖമേനിയുടേതാണ് അവസാന വാക്ക്. അതുകൊണ്ടു തന്നെ ഇറാന്‍റെ നേതൃത്വത്തില്‍ ഇസ്രയേലില്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാനും പ്രാദേശിക സായുധ ശക്തികളായ ഹമാസ്, ലെബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നിവര്‍ സംയുക്തമായി ഇസ്രയേല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. ആയത്തുല്ല ഖമേനിയുടെ ഉത്തരവിനെ തുടര്‍ന്ന് 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' എന്നറിയപ്പെടുന്ന ഈ സംഘം ഇസ്രയേലുമായി പ്രത്യക്ഷ യുദ്ധം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.