"സമൂഹത്തില്‍ ജാതി മത വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധം"; കന്‍വാര്‍ യാത്രാ വിവാദത്തില്‍ യുപി പൊലീസിനെതിരെ പ്രിയങ്ക ഗാന്ധി

മതപരമായ ഘോഷയാത്രയ്ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
Published on

കന്‍വാര്‍ യാത്രാമധ്യേയുള്ള ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന പൊലീസ് നിര്‍ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

"സമൂഹത്തില്‍ ജാതി-മത വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കുറ്റമാണ്. ഈ ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിക്കുകയും ഉത്തരവിറക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം", പ്രിയങ്ക എക്‌സില്‍ കുറിച്ചു.

ജൂലൈ 22നു നടക്കുന്ന ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. മതപരമായ ഘോഷയാത്രയ്ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

കന്‍വാര്‍ തീര്‍ഥയാത്രികര്‍ മുസ്ലീങ്ങളുടെ കടകളില്‍ നിന്നും ഒന്നും വാങ്ങി കഴിക്കാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി ആരോപിച്ചു. ജര്‍മനിയിലെ ഹിറ്റ്‌ലര്‍ വാഴ്ചയോടും ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തോടുമാണ് ഈ നടപടിയെ പ്രതിപക്ഷം ഉപമിച്ചത്.

തീര്‍ഥാടകര്‍ക്കു സൗകര്യം ഒരുക്കുകയായിരുന്നു ലക്ഷ്യമെന്നും മതപരമായ വേര്‍തിരിവ് കാണിക്കുകയായിരുന്നില്ലായെന്നും വിവാദങ്ങൾക്ക് പിന്നാലെ പൊലീസ് പ്രസ്താവനയിറക്കി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com