
ഹേമ കമ്മിറ്റിയിലെ പല കാര്യങ്ങളെ കുറിച്ചും ചർച്ച ഉണ്ടായിട്ടില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരൻ. റിപ്പോർട്ട് പുറത്തുവരുമ്പോഴും സ്ത്രീയെയാണ് കുറ്റക്കാരിയാക്കുന്നതെന്നും ദീദി ആരോപിച്ചു.
റിപ്പോർട്ട് പുറത്ത് വരാൻ നാലര വർഷം വൈകിയതിന് ഉത്തരം നൽകിയെ പറ്റു. ഇരകൾ പരാതി നൽകണം എന്നാണ് ഇപ്പോൾ പറയുന്നത്. വനിത കമ്മീഷൻ ഒപ്പം നിന്നുവെന്നും ദീദി പറഞ്ഞു. സിനിമയിലെ സൂപ്പർ സ്റ്റാറുകൾ മാതൃക ആകേണ്ടവരാണ്. അവർ സ്വന്തം അമ്മയും സഹോദരിമാരായും അഭിനയിക്കുന്നവരെ കുറിച്ച് നിശബ്ദത പാലിക്കുന്നത് നിർഭാഗ്യകരം. ഇപ്പോഴും സിനിമയില്‍ അഭിനയിക്കാൻ എത്തുന്ന സ്ത്രീകൾക്ക് മൂത്രമൊഴിക്കാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ് മലയാള സിനിമ മേഖലയിലുള്ളതെന്നും ദിദി കൂട്ടിച്ചേർത്തു. കുറ്റാരോപിതനായ നടന് വേണ്ടി അനുകൂല ക്യാമ്പയിൻ നടത്തിയെങ്കിലും അയാളുടെ സിനിമകൾ പരാജയപ്പെട്ടു. അത് പ്രതീക്ഷ നൽകുന്നുവെന്നും ദീദി പറഞ്ഞു.
വിഷയത്തെ കുറിച്ച് ഓരോരുത്തർക്കും ചോദിക്കാൻ അവകാശമുണ്ടെന്നും, റിപ്പോർട്ടിൽ കടുംവെട്ട് ഉണ്ടെങ്കിൽ അത് നിർഭാഗ്യകരമാണെന്നും ദീദി പറഞ്ഞു. എഎംഎംഎയുടെ പ്രതികരണത്തിൽ പ്രതീക്ഷ ഇല്ലെന്നും.ഇക്കാര്യത്തിൽ ഒരു അന്വഷണം വേണം എന്ന് പോലും വാക്കാൽ പറയാത്തവരാണ് അവരെന്നും ദീദി കൂട്ടിച്ചേർത്തു. സിനിമ കോൺക്ലേവിൽ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അവർ പറഞ്ഞു
അതേ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ അംഗങ്ങൾ രണ്ടു തട്ടിലാണ്. വാർത്താസമ്മേളനം നടത്തുന്നതിനോട് സംഘടനയിൽ കടുത്ത വിയോജിപ്പാണ് ഉയർന്നത്. നിലപാട് പരസ്യപ്പെടുത്തണമെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് ഭാരവാഹികൾ അടക്കമുള്ളവർ നിലപാടെടുത്തു. പവർ ഗ്രൂപ്പ്, നടിമാരുടെ വെളിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലെ പ്രതികരണം പ്രശ്നമാകുമെന്നാണ് എഎംഎംഎയുടെ വിലയിരുത്തൽ.
എന്നാല്‍, സംഘടനയിൽ അപ്രഖ്യാപിത വിലക്കില്ലെന്നും എഎംഎംഎക്ക് വേണ്ടി സിദ്ദിഖ് മാധ്യമങ്ങളെ കാണുമെന്നും ജോയിന്‍റ് സെക്രട്ടറി ബാബുരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. പ്രമുഖരുടെ പേര് ഒഴിവാക്കിയോയെന്ന് അറിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും ബാബുരാജ് പറഞ്ഞു.