ജഗദീഷിന് നിറഞ്ഞു കയ്യടിക്കാതെ മലയാള സമൂഹത്തിന് ഇനി മുന്നോട്ടു പോകാൻ കഴിയില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ രണ്ട് സ്ത്രീകളുടെ വെളിപ്പെടുത്തലില്‍ മലയാള സിനിമയിലെ പ്രമുഖരായ രണ്ട് മുഖങ്ങളാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ച് ഒഴിയേണ്ടി വന്നത്. റിപ്പോര്‍ട്ട് AMMA സംഘടനയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നില്ലെന്നും പരാതികള്‍ ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം, കുറ്റക്കാരെ ശിക്ഷിക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ് തൊട്ടടുത്ത ദിവസമാണ് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖിനെതിരെ ആരോപണവുമായി നടി പരസ്യമായി രംഗത്തെത്തിയത്.
സിദ്ദീഖിനെതിരെ നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായിരുന്നു നടിയുടെ നിലപാട്. ഇതിനു പിന്നാലെ 'അമ്മ' ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖിന് രാജിവെക്കേണ്ടി വന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ AMMA സംഘടനയിലെ ഭിന്നത പരസ്യമാക്കുന്നതായിരുന്നു സിദ്ദീഖിന്റെ വാര്‍ത്താ സമ്മേളനവും ജഗദീഷ് മാധ്യമങ്ങളോട് നടത്തിയ പ്രതികരണവും. പരാതികള്‍ ഒറ്റപ്പെട്ടതാണെന്ന സിദ്ദീഖിന്റെ വാദം വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് തള്ളി. AMMA-യില്‍ സ്ത്രീകള്‍ പറഞ്ഞില്ല എന്നതുകൊണ്ട് പരാതിയില്ല എന്നല്ല അര്‍ഥമെന്ന് ജഗദീഷ് തുറന്നടിച്ചു.
Also Read: ലൈംഗികാരോപണം; സിദ്ദീഖിനെതിരെയും പൊലീസ് പ്രാഥമിക അന്വേഷണം നടത്തും
'അമ്മ' സംഘടനയില്‍ സിദ്ദീഖ്-ജഗദീഷ് വാക്കേറ്റത്തിന് നീണ്ട ചരിത്രമുണ്ട്. ഇരുവരും തമ്മിലുള്ള ആദ്യ പരസ്യതര്‍ക്കം ഉണ്ടാകുന്നത് നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴായിരുന്നു. അന്നും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാതെ നിലപാട് ഉറക്കെ പറയാന്‍ തയ്യാറായ അപൂര്‍വം നടന്മാരില്‍ ഒരാളായിരുന്നു ജഗദീഷ്. അഞ്ചുവര്‍ഷം മുന്‍പ് ദിലീപിനെ ന്യായീകരിച്ച് സിദ്ദീഖ് വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ സിദ്ദീഖിനെ തള്ളി ജഗദീഷ് മാധ്യമങ്ങളെ കണ്ടു. അന്തരിച്ച നടി കെ.പി.എ.സി ലളിതയ്‌ക്കൊപ്പമായിരുന്നു സിദ്ദീഖിന്റെ വാര്‍ത്താ സമ്മേളനം. സിദ്ദീഖ് പറഞ്ഞത് 'അമ്മ'യുടെ നിലപാടല്ല എന്നായിരുന്നു ആദ്യ തിരുത്ത്. ദിലീപ് രാജിവെക്കണം എന്ന നിലപാടില്‍ ജഗദീഷ് ഉറച്ചു നിന്നു. ഒടുവില്‍ ദിലീപിനെ പുറത്താക്കണം എന്ന ജഗദീഷ് നിലപാട് AMMA അംഗീകരിച്ചു. അന്ന് മലയാള സിനിമയില്‍ ദിലീപിന്റെ രാജി പരസ്യമായി ആവശ്യപ്പെട്ട ഒരേഒരാളായിരുന്നു ജഗദീഷ്.
എന്നിട്ടും ദിലീപ് രാജിവെക്കുകയായിരുന്നില്ല. അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിനു മുന്‍പ് സിദ്ദീഖ് വന്ന് എല്ലാവരോടും പറഞ്ഞത് ദിലീപ് രാജിവച്ചെന്നാണ്. പക്ഷേ, വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ രാജി അമ്മ ചോദിച്ചു വാങ്ങിയതാണെന്ന് പ്രസിഡന്റ് മോഹന്‍ലാലിന് സമ്മതിക്കേണ്ടി വന്നു. അന്ന് രാജി ചോദിച്ചു വാങ്ങാന്‍ വാശിപിടിച്ച ഒരേയൊരാള്‍ ജഗദീഷ് ആയിരുന്നു.