റാഞ്ചിയിലെ ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് കോടതി ജാമ്യം അനുവദിച്ചതിനു ശേഷം ബിജെപിയെ കടന്നാക്രമിക്കുകയാണ് ഹേമന്ത് സോറൻ
മനുവാദികളെയും സാമന്തവാദികളെയും രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പ്രതിജ്ഞ ജനങ്ങൾ സ്വീകരിച്ച് കഴിഞ്ഞെന്ന് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. മഹാഗത്ബന്ധൻ നേതാക്കളെ ആരെയും വെറുതെ വിടുന്നില്ല. രാഹുൽ ഗാന്ധിയെയും അരവിന്ദ് കെജ്‌രിവാളിനെയും തന്നെയും കള്ളക്കേസുകളിൽ കുടുക്കി എന്നെന്നേക്കുമായി ജയിലിലടയ്ക്കുകയാണ് ലക്ഷ്യമെന്നും ഹേമന്ത് സോറൻ പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹേമന്ത്.
ഝാർഖണ്ഡ് എങ്ങനെയുള്ള മണ്ണാണ് എന്ന് ഇവർക്ക് അറിയില്ലെന്നും, അനീതിക്കെതിരെ രക്തം ചൊരിഞ്ഞ് പോരാട്ടം നയിച്ചവരുടെ മണ്ണാണ് ജാർഖണ്ഡ് എന്നും മുൻ മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുവശത്ത് സിദ്ധു കാനുവും മറുവശത്ത് ബിർസ മുണ്ടയും നിലംപർ പീതാംബറും ഉൾപ്പടെയുള്ള വീരന്മാർ ജീവിച്ച മണ്ണാണ് ഝാർഖണ്ഡ് എന്നും ഹേമന്ത് സോറൻ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
റാഞ്ചിയിലെ ഭൂമി തട്ടിപ്പ് കേസിൽ ഝാർഖണ്ഡ് കോടതി ജാമ്യം അനുവദിച്ചതിനു ശേഷം ബിജെപിയെ കടന്നാക്രമിക്കുകയാണ് ഹേമന്ത് സോറൻ. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അത് തെളിയിക്കുമെന്നും ഹേമന്ത് സോറൻ പറഞ്ഞിരുന്നു. പിന്നാലെയാണ് കേന്ദ്ര സർക്കാരിനും ബിജെപിയ്ക്കുമെതിരെ തുറന്ന പോരിലേക്ക് മുൻ മുഖ്യമന്ത്രി നീങ്ങുന്നത്.
ഹേമന്ത് സോറനെ ജയിലിലടച്ചതിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാർഖണ്ഡ് മുഖ്യമന്ത്രി ചമ്പൈ സോറനും പ്രതികരിച്ചു. ദളിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കും വേണ്ടി സംസാരിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാൻ ബിജെപി അനുവദിക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഹേമന്ത് സോറൻ ദരിദ്രർക്കും, ദളിതർക്കും വേണ്ടി സംസാരിച്ചതുകൊണ്ടാണ് ജയിലിലടയ്ക്കപ്പെട്ടതെന്നും ഝാർഖണ്ഡ് കൊള്ളയടിച്ചവർക്ക് അതൊന്നും മനസിലാകില്ലെന്നും ചമ്പൈ സോറൻ പറഞ്ഞു.
ഹേമന്തിന് മുൻപ് ഝാർഖണ്ഡ് ഭരിച്ചിരുന്നവർ ദളിതരെയും ആദിവാസികളെയും ചൂഷണം ചെയ്തവരാണെന്നും അതിനുള്ള മറുപടി കൂടിയായിരുന്നു ഹേമന്ത് സോറന്റെ വിജയമെന്നും ചമ്പൈ കൂട്ടിച്ചേർത്തു. ഒഡീഷയിലെ ജനങ്ങൾ നൽകുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും തെരഞ്ഞെടുപ്പിലുൾപ്പടെ നൽകിയ സഹകരണം തുടർന്നും ഇരു സംസ്ഥാനങ്ങൾ തമ്മിലും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.