വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയിൽ വിധി ഇന്ന്; രണ്ടാം വെള്ളി മെഡൽ പ്രതീക്ഷയിൽ ഇന്ത്യ

അമൻ സെഹ്റാവത്തിനൊപ്പം ചൊവ്വാഴ്ച രാവിലെ 10.30 ഓടെ വിനേഷ് ഫോ​ഗട്ട് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങും
വിനേഷ് ഫോഗട്ടിൻ്റെ അയോഗ്യതയിൽ വിധി ഇന്ന്; രണ്ടാം വെള്ളി മെഡൽ പ്രതീക്ഷയിൽ ഇന്ത്യ
Published on


പാരിസ് ഒളിംപിക്സ് ​ഗുസ്തിയിൽ അയോ​ഗ്യത ലഭിച്ചതിനെതിരായി ഇന്ത്യൻ താരം വിനേഷ് ഫോ​ഗട്ട് സമർപ്പിച്ച അപ്പീലിൽ വിധി ഇന്നുണ്ടാകും. വെള്ളി മെഡൽ പങ്കിടണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 13ന് പാരിസ് സമയം വൈകിട്ട് ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി 9.30) മുമ്പായി വിധി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

50 കിലോഗ്രാം ഭാര വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് തൊട്ടു മുമ്പാണ് നൂറു ഗ്രാം ഭാരം അധികമായതിൻ്റെ പേരിൽ അയോഗ്യയായി പ്രഖ്യാപിച്ചത്. ഭാരം കൂടുവാനുള്ള കാരണമായി ഫോഗട്ട് കോടതിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിലൊന്ന് ഗുസ്തി മത്സര വേദിയും ഒളിംപിക്സ് വില്ലേജും തമ്മിലുള്ള ദൂര വ്യത്യാസമാണ്. മാത്രമല്ല അടുപ്പിച്ചുള്ള മത്സരങ്ങൾ മൂലമുണ്ടായ സമയക്കുറവും ഭാരം കുറയ്ക്കുവാൻ തടസമായെന്നും താരം പറയുന്നു.

ഇത് രണ്ടും ഭാരം കുറയ്ക്കുവാൻ ആവശ്യമായ സമയം നൽകിയില്ലെന്ന് ഫോഗട്ടിൻ്റെ കൗൺസിൽ അറിയിച്ചു. ആദ്യ മത്സരത്തിന് ശേഷം വിനേഷിൻ്റെ ഭാരം 52.7 കിലോഗ്രാം ആയിരുന്നു. നൂറ് ഗ്രാം ഭാരത്തിൻ്റെ യാതൊരു നേട്ടവും വിനേഷിന് മത്സരപരമായി ലഭിച്ചിട്ടില്ലെന്നും കൗൺസിൽ വാദിച്ചു.

"100 ഗ്രാം അധികഭാരം നിസാരമായി അവഗണിക്കാൻ കഴിയുന്നതും ഉഷ്ണകാലത്തെ ബ്ലോട്ടിങിൽ വെള്ളം കൂടുതൽ ആവശ്യമായി വരുന്നതിനാൽ സാധാരണ സംഭവിക്കാൻ സാധ്യതയുള്ളതുമാണ്. ഒരു ദിവസം മൂന്ന് തവണ മത്സരമുണ്ടായതിനാലും ഇങ്ങനെ സംഭവിക്കും. മത്സര ശേഷം ആരോഗ്യം നിലനിർത്താനായി കഴിച്ച ഭക്ഷണവും ഇതിന് കാരണമാവാം," ഫോഗട്ടിൻ്റെ കൗൺസിൽ കൂട്ടിച്ചേർത്തു.

വെങ്കല മെഡൽ ജേതാവായ അമൻ സെഹ്റാവത്തിനൊപ്പം ചൊവ്വാഴ്ച രാവിലെ 10.30 ഓടെ വിനേഷ് ഫോ​ഗട്ട് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങും. അതേസമയം, വിനേഷ് ഇന്ന് തിരിച്ചെത്തുമെന്ന കാര്യം വിനേഷിൻ്റെ ഭർത്താവ് സോംവീർ റാത്തി ഉറപ്പ് പറയുന്നില്ല. തിങ്കളാഴ്ച താരം ഗെയിംസ് വില്ലേജിൽ നിന്ന് മടങ്ങുന്ന ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ പങ്കുവെച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com