വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്
ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് നിഗമനം പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ്ആപ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോട്ട് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. വടകര സിഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായ വിവരങ്ങളുള്ളത്.
'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലായിരുന്നു സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത്. ഇതിൻ്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് പോസ്റ്റ് ലഭിച്ചതെന്നാണ് മനീഷ് മൊഴി നൽകിയത്. ഇതിനു പിന്നാലെയാണ് നിർണായക വിവരങ്ങൾ പൊലീസ് ഹൈക്കോടതിക്ക് കൈമാറിയത്.
വടകരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിൻ്റെ വാട്‌സാപ്പ് സന്ദേശമെന്ന പേരിലാണ് 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമര്‍ശമാണ് ഇതിലുള്ളത്. ഈ സന്ദേശം പെട്ടെന്നുതന്നെ സാമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചു. ഇത് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ലീഗിൻ്റെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഹമ്മദ് കാസിമല്ല സ്‌ക്രീന്‍ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മത സ്പര്‍ധ വളര്‍ത്തുകയാണ് ഈ സ്‌ക്രീന്‍ ഷോട്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പോരാളി ഷാജി, അമ്പലമുക്ക് സഖാക്കള്‍ എന്നീ ഫെയ്‌സ്ബുക്ക് പേജുകളില്‍ ഈ സ്‌ക്രീന്‍ ഷോട്ട് എങ്ങനെ എത്തി എന്നതില്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പൊലീസ് അന്വേഷണം നടന്നത്.