fbwpx
വൈകല്യങ്ങളെ തളർത്തി 'കളം' പിടിച്ച സംവിധായകൻ; രാഗേഷ് കൃഷ്ണൻ്റെ സിനിമ തിയേറ്ററുകളിലേക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Nov, 2024 11:52 AM

സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച രാഗേഷ് സംവിധാനം ചെയ്ത 'കളം@24' എന്ന സിനിമ ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്

MALAYALAM MOVIE


വൈകല്യങ്ങൾ ജീവിതത്തിൽ ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് പന്തളം കുരമ്പാല സ്വദേശി രാഗേഷ് കൃഷ്ണൻ. സെറിബ്രൽ പാൾസി ബാധിച്ച രാഗേഷ് കൃഷ്ണന്റെ ജീവിതാഭിലാഷമായിരുന്നു സിനിമ സംവിധാനം. കളം@24 എന്ന പേരിൽ രാഗേഷ് സംവിധാനം ചെയ്ത സിനിമ, ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്.

പരിമിതികളെ വെല്ലുവിളിച്ചാണ് രാഗേഷ് കൃഷ്ണൻ സിനിമ മേഖലയിൽ എത്തിയത്. ഉറങ്ങാൻ അനുവദിക്കാത്ത സ്വപ്നം എന്നൊക്കെ പറയുന്നതുപോലെയായിരുന്നു രാഗേഷിന് സിനിമ. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ചതിനാൽ ജീവിതവും പഠനവും എല്ലാം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. എന്നാൽ ഇതെല്ലാം ആത്മവിശ്വാസം കൊണ്ട് നേരിട്ടാണ് സിനിമ സംവിധാനം എന്ന സ്വപ്നം ഇയാൾ പൂർണതയിൽ എത്തിച്ചത്.

കളം@ 24 എന്ന ചിത്രം തിയറ്ററുകളിൽ എത്തുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് രാഗേഷ് കൃഷ്ണൻ. നാടും നാട്ടുകാരും വീട്ടുകാരും എല്ലാം രാഗേഷിനൊപ്പം തന്നെയുണ്ട്. ക്യാമറക്ക് മുന്നിലും പിന്നിലും പുതുമുഖങ്ങളാണ് അണിനിരന്നിട്ടുള്ളത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പൂർണ പിന്തുണയും രാഗേഷിന് ലഭിച്ചു.

ALSO READ: ബാലഭാസ്ക്കറിന്‍റെ മരണത്തിനു പിന്നില്‍ സ്വർണക്കടത്ത് സംഘമോ? ആറു വർഷം പിന്നിട്ടിട്ടും ഒഴിയാത്ത ദുരൂഹതകള്‍


ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സജി ചെറിയാൻ രാഗേഷിന് പിന്തുണയറിയിച്ചത്. ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് മന്ത്രി കുറിച്ചു. രാഗേഷിനെ കൊച്ചനിയനെന്ന് വിളിച്ച സജി ചെറിയാൻ, സിനിമാസ്വാദകരോട് തിയേറ്ററിൽ പോയി കണ്ട് സിനിമ വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്നു.

ചിത്രത്തിൻ്റ സംവിധാനത്തിന് പുറമേ തിരക്കഥയും രാഗേഷാണ് നിർവഹിച്ചിട്ടുള്ളത്. ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നതിനും മന്ത്രി സജി ചെറിയാന്റെ സഹായം ലഭിച്ചു. മുൻപ് ആൽബങ്ങളും ഷോർട്ട് ഫിലിം നിർമിച്ച് രാഗേഷ് കൃഷ്ണൻ ശ്രദ്ധ നേടിയിട്ടുണ്ട്. ചലച്ചിത്ര വികസന കോർപറേഷന്റെ ആറ് തീയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.


സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

ഇത് രാകേഷ് കൃഷ്ണൻ കുരമ്പാല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് എന്നെ കാണാൻ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. രാകേഷ് സെറിബ്രൽ പാൾസി രോഗബാധിതനാണ്. ശാരീരികവെല്ലുവിളിയെ തെല്ലും വകവെക്കാതെ തന്റെ സ്വപ്നത്തിന് പിന്നാലെ പോയ രാകേഷിന്റെ സിനിമ എന്ന ആ സ്വപ്നം നാളെ പൂവണിയുകയാണ്. തന്റെ ജീവിതത്തിൽ വന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ട് ഈ അസുഖത്തോടും പോരാടി അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത ഒരു സിനിമ കളം@24 എന്ന പേരിൽ നാളെ പുറത്തിറങ്ങുകയാണ്.


ലോകസിനിമയിൽ തന്നെ സെറിബ്രൽ പാൾസിയെ മറികടന്ന് കൊണ്ട് സിനിമയെടുത്ത മറ്റാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. രാകേഷിന്റെ ഇന്റർവ്യൂകൾ ചിലപ്പോൾ നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടുകാണും. ആ ചെറുപ്പക്കാരൻ പിന്നിട്ട സഹനവഴികൾ ചിരിച്ചുകൊണ്ട് പറയുമ്പോൾ നമുക്ക് കണ്ണ് നിറയും. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വന്നപ്പോൾ ബസ്സ്റ്റാൻഡിൽ ഷർട്ട്‌ ഊരി പിച്ച എടുത്ത കാര്യം വരെ രാകേഷ് പങ്കുവെച്ചിട്ടുണ്ട്. സിനിമയോടുള്ള രാകേഷിന്റെ തീവ്രമായ സ്നേഹം പടം റിലീസ് ചെയ്യുന്നതിൽ വരെ എത്തിയിട്ടുണ്ട്.

ALSO READ: 'ടർക്കിഷ് തർക്കം' മുറുകുന്നു; സിനിമ പിന്‍വലിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമായ ഉത്തരം കിട്ടിയില്ലെന്ന് ലുക്മാനും സണ്ണി വെയ്നും

ഞാൻ ഈ സിനിമയുടെ പ്രമോഷന് പത്രസമ്മേളനത്തിൽ രാകേഷിനൊപ്പം പങ്കെടുത്തിരുന്നു. നിർഭാഗ്യവശാൽ നമ്മുടെ മുൻനിര മാധ്യമങ്ങൾ ഒന്നും അതിന് വലിയ പരിഗണന നൽകിയില്ല. ഇവിടെ വരെയേ രാകേഷിന് ഓടാൻ പറ്റുകയുള്ളൂ, ഇനിയങ്ങോട്ട് ആ ബാറ്റൺ രാകേഷ് സിനിമാപ്രേമികൾക്ക് കൈമാറുകയാണ്. ഈ കൊച്ചു സിനിമ ആകെ കുറച്ചു തിയേറ്ററുകളിൽ മാത്രമേയുള്ളൂ. നിങ്ങളിൽ സാധിക്കുന്നവരെല്ലാം അടുത്തുള്ള തിയേറ്ററിൽ പോയി രാകേഷിന്റെ സിനിമ കാണണം. കണ്ടാൽ സോഷ്യൽ മീഡിയയിലോ സുഹൃത്തുക്കളോടോ അഭിപ്രായം പങ്കുവെക്കണം. പിന്തുണയ്ക്കണം. രാകേഷ് അത് അർഹിക്കുന്നുണ്ട്. കൊച്ചനുജനും സിനിമയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ...



NATIONAL
സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി
Also Read
user
Share This

Popular

NATIONAL
CRICKET
സംഭലിൽ സമാധാനവും സാഹോദര്യവും പുലരണം; തുടർ സർവേ തടഞ്ഞ് സുപ്രീം കോടതി