കൺവെൻഷനിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസ് ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെടും
യുഎസ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ കമല ഹാരിസ് തന്നെയാണെന്ന് റിപ്പോർട്ട്. ഇന്ന് രാത്രി ആരംഭിക്കുന്ന ദേശീയ കൺവെൻഷനു മുമ്പായി ഡെമോക്രാറ്റുകൾക്ക് ഹാരിസിൻ്റെ മുന്നേറ്റം ഗണ്യമായ ഉത്തേജനം നൽകുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. കൺവെൻഷനിൽ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമല ഹാരിസ് ഔദ്യോഗികമായി നാമനിർദേശം ചെയ്യപ്പെടും.
കമല ഹാരിസ് 49 ശതമാനത്തിന് മുന്നിലാണ്. 45 ശതമാനം നേടിയ ട്രംപ് ഒട്ടും പിന്നിലല്ലെന്നും സർവേ വ്യക്തമാക്കുന്നു. റോബർട്ട് എഫ് കെന്നഡി ജൂനിയർ 5 ശതമാനം വോട്ടുമാണ് നേടിയിരിക്കുന്നത്. ജൂലൈയിൽ ട്രംപ് 43 ശതമാനവും ബൈഡൻ 42 ശതമാനവും കെന്നഡി 9 ശതമാനവും ലീഡ് നേടിയിരുന്നു.
വാഷിംഗ്ടൺ പോസ്റ്റ്-എബിസി ന്യൂസ്-ഇപ്‌സോസ് പോൾ പ്രകാരമുള്ള കണക്കിലാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിന് റിപ്പബ്ലിക്കൻ എതിരാളിയായ ഡൊണാൾഡ് ട്രംപിനേക്കാൾ നേരിയ ലീഡ് പ്രവചിച്ചത്. എന്നാൽ ബൈഡൻ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിന് ശേഷം മിക്കവാറും എല്ലാ സ്വിംഗ് സ്റ്റേറ്റുകളിലും ഹാരിസ് ഇടം നേടിയതായി മറ്റ് പൊതു വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു.