വിദ്യാർഥികളുടെ മരണത്തിന് ശേഷം ആദ്യമായി സ്കൂളിലെത്തിയ വിദ്യാർഥികൾ അനുശോചന യോഗത്തിന് ശേഷമാണ് പരീക്ഷഹാളിലേക്ക് കയറിയത്
പാലക്കാട് പനയമ്പാടത്തെ അപകടത്തിൽ ജീവൻ പൊലിഞ്ഞ നാല് വിദ്യാർഥിനികളുടെ ഓർമകളുമായി കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. വിദ്യാർഥികളുടെ മരണത്തിന് ശേഷം ആദ്യമായി സ്കൂളിലെത്തിയ വിദ്യാർഥികൾ അനുശോചന യോഗത്തിന് ശേഷമാണ് പരീക്ഷഹാളിലേക്ക് കയറിയത്.
പ്രിയപ്പെട്ട വിദ്യാർഥികളുടെ വിയോഗത്തിന്റെ വേദനയിലാണ്, കരിമ്പ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അവരെല്ലാം എത്തിയത്. പരീക്ഷയ്ക്ക് മുൻപുള്ള അനുശോചന യോഗത്തിൽ, അധ്യാപകരും, പഞ്ചായത്ത് ഭാരവാഹികളും, രക്ഷിതാക്കളുമെല്ലാം കുറഞ്ഞ വാക്കുകളിൽ തീരാനഷ്ടത്തിന്റെ നോവ് പങ്കിട്ടു.
ഒന്നിച്ചു നടന്ന്, ഒരുമിച്ച് ഇല്ലാതായ ആ കുട്ടികളെക്കുറിച്ച് സ്കൂളിലെ പാചക തൊഴിലാളിയായ രാധ ഓർമ പങ്കുവെച്ചു. പല വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം ഒരു പാത്രത്തിലിട്ട് കഴിക്കുന്ന കുട്ടികളെ മറക്കാനാവില്ലെന്ന് രാധ പറഞ്ഞു.
ALSO READ: പത്തനംതിട്ടയിൽ യുവാവിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതായി സംശയം; മരിച്ചത് റാന്നി സ്വദേശി അമ്പാടി
സ്കൂളിന്റെ 50ാം വാർഷികമായിരുന്നു ഈ വർഷം. അതിന്റെ ആഘോഷങ്ങൾ മാറ്റിവെക്കുകയാണെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. എട്ടാം ക്ലാസുകാർക്ക് ഇന്ന് സോഷ്യൽ സയൻസാണ് പരീക്ഷ. പ്രിയപ്പെട്ട നാലു പേർ ഒപ്പമില്ലെന്ന വേദനയിൽ, അവരുടെ ഓർമകൾ നിറഞ്ഞ ക്ലാസ് മുറിയിലിരുന്ന് മറ്റൊരു പരീക്ഷ കൂടി അഭിമുഖീകരിക്കുകയാണ് സഹപാഠികൾ.