റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടതില്ല. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായും നടപ്പാക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടനും ഗതാഗത വകുപ്പ് മന്ത്രിയുമായ കെ.ബി ഗണേഷ് കുമാര്‍. റിപ്പോര്‍ട്ട് പുറത്തുവിട്ടത് നല്ലതാണെന്നും ഗതാഗത മന്ത്രിക്ക് ഇതില്‍ കാര്യമൊന്നുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പരാതികളില്‍ എല്ലാം ശരിയാണെന്ന് അഭിപ്രായമില്ല. ആളുകളുടെ വ്യക്തിപരമായ കാര്യമാണ്. തന്നോട് ആരും പറഞ്ഞിട്ടില്ല. സിനിമാ തൊഴിലിടത്തില്‍ ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. വിശ്രമിക്കാനുള്ള സൗകര്യമോ, ശുചിമുറിയോ ഇല്ല. സീനിയറായ നടികളുടെ കാരവാന്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇതിനുള്ള പരിഹാരം നിര്‍മാതാക്കളുടെ സംഘടനയാണ് ആലോചിക്കേണ്ടത്.
റിപ്പോര്‍ട്ടിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടതില്ല. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായും നടപ്പാക്കും. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അപ്പോള്‍ നടപടിയെടുക്കും. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നതെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ആളുകളെ ആക്ഷേപിക്കാന്‍ തയ്യാറല്ല.
സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ പ്രശ്‌നങ്ങളില്ലെന്നും എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആത്മ സംഘടനയെ ഉപയോഗിച്ച് മലയാള സിനിമയിലെ ഒരു പ്രശസ്ത നടനെ സീരിയലില്‍ ഒതുക്കിയതിനെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച പ്രശസ്ത നടനെ കുറിച്ചായിരുന്നു പരാമര്‍ശം. നടന്റെ പ്രതിഭയില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍, അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞതിന്റെ പേരില്‍ സിനിമയില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തി.
Also Read: "ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ"; തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ
സിനിമയില്‍ നിന്ന് തഴയപ്പെട്ട നടന്‍ സീരിയലിലേക്ക് പോയപ്പോള്‍ അവിടേയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സിനിമയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹം സീരിയലില്‍ എത്തിയപ്പോള്‍ അവിടേയും ഈ ലോബിയുടെ ഇടപെടലുണ്ടായി. സീരിയല്‍ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവര്‍ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷന്‍ ഒരു സിനിമാ നടന്‍ കൂടിയായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.