fbwpx
28 വര്‍ഷത്തെ ഇടതുകോട്ട; സിപിഎമ്മിനെ കൈവിടാത്ത ചേലക്കര, പ്രദീപിനെയും
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Nov, 2024 02:28 PM

2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ നേടിയ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞുവെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്.

KERALA BYPOLL



ഇടുക്കിയിലെ വാഗമണിനടുത്തുള്ള പുള്ളിക്കാനത്ത് നിന്നും ചേലക്കരയുടെ ഹൃദയത്തിലേക്കെത്തിയ കെ. രാധാകൃഷ്ണനെ ചേര്‍ത്തുപിടിച്ച ജനങ്ങള്‍ യു.ആര്‍. പ്രദീപിനെയും കൈയ്യൊഴിഞ്ഞില്ല. 28 വര്‍ഷമായി സിപിഎമ്മിന്റെ അഭിമാന മണ്ഡലമാണ് ചേലക്കര നിയോജക മണ്ഡലം. ഇടതുകോട്ടയായി അറിയപ്പെടുന്ന, സംവരണ മണ്ഡലംകൂടിയായ ചേലക്കരയില്‍ ഇക്കുറി കടുത്ത മത്സരം തന്നെ നടന്നെങ്കിലും മണ്ഡലം യു.ആര്‍. പ്രദീപിനൊപ്പം ഉറച്ചു നിന്നു. കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് വന്ന ചേലക്കരയില്‍ ഫലം വന്നപ്പോള്‍ ഇടതു കോട്ടയായി തുടരാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. യു.ആര്‍ പ്രദീപിന്റെ വിജയം കെ. രാധാകൃഷ്ണന്റെ കൂടി വിജയമായി വേണം കണക്കാക്കാന്‍.


യു.ആര്‍. പ്രദീപ് 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ യു.ആർ. പ്രദീപ് വിജയിച്ചത് 10200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. എന്നാൽ 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ നേടിയ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞുവെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്. 39,400 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു കെ. രാധാകൃഷ്ണൻ നേടിയത്. 

ALSO READ: ചെങ്കൊടി ചേര്‍ത്തുനിര്‍ത്തി ചേലക്കര; യു.ആര്‍ പ്രദീപ് വിജയിച്ചു

1967 മുതല്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന മണ്ഡലത്തില്‍ ആദ്യമായി ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിക്കുന്നത് 1982ലാണ്. സി.കെ. ചക്രപാണിയായിരുന്നു ആദ്യമായി ഇടതു പ്രതിനിധിയായി മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. എന്നാല്‍ 1987ല്‍ നടന്ന അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ എംഎ കുട്ടപ്പനിലൂടെ വീണ്ടും കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 1991ലും കോണ്‍ഗ്രസ് തന്നെ വിജയിച്ച മണ്ഡലം പക്ഷെ 1996ല്‍ വീണ്ടും കെ. രാധാകൃഷ്ണനിലൂടെ ഇടതുപക്ഷം കൈയ്യടക്കി. 1996 മുതല്‍ 2011 വരെ തുടര്‍ച്ചയായി നാല് തവണ ചേലക്കര മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു കെ. രാധാകൃഷ്ണന്‍.

2016ല്‍ യു.ആര്‍. പ്രദീപിനെ ആദ്യമായി ചേലക്കര വിജയിപ്പിച്ചു അന്ന് 67,771 വോട്ടുകള്‍ നേടിയ യു.ആര്‍. പ്രദീപ് 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വീണ്ടും 2021ലെ തെരഞ്ഞെടുപ്പിലാണ് കെ. രാധാകൃഷ്ണന്‍ എംഎല്‍എയായി മണ്ഡലത്തിലെത്തുന്നത്. 83885 വോട്ടുകള്‍ നേടിയ കെ. രാധാകൃഷ്ണന്‍ 39,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചത്. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സി.സി. ശ്രീകുമാര്‍ 44,015 വോട്ടുകളാണ് നേടിയത്. ബിജെപി 24,045 വോട്ടുകളാണ് നേടിയത്.

1996ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരിക്കെയാണ് കെ. രാധാകൃഷ്ണന്‍ മണ്ഡലം തിരിച്ചു പിടിക്കുന്നത്. അതിന് ശേഷം തുടര്‍ച്ചയായി 28 വര്‍ഷമാണ് സിപിഎം മണ്ഡലത്തില്‍ വിജയം കൈവരിച്ചിട്ടുള്ളത്. വിവാദങ്ങളുടെ പെരുമഴ പെയ്ത ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്തവണ കേരളം കണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിന് സമാനമായി ചേലക്കരയില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിച്ച വിവാദമായിരുന്നു ചേലക്കര അന്തിമാഹാകാളന്‍ കാവിലെ പൂരത്തിലെ വെടിക്കെട്ട് മുടങ്ങിയ സംഭവം.


ALSO READ: KERALA BYPOLL RESULTS| വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് തിരിച്ചുപിടിച്ച് രാഹുല്‍, ചേലക്കരയില്‍ ചെങ്കൊടി പാറിച്ച് പ്രദീപ്


രണ്ട് വര്‍ഷമായി അന്തിമഹാകാളന്‍ കാവില്‍ പൂരം മുടങ്ങിയിട്ടും അന്ന് സ്ഥലം എംഎല്‍എയായിരുന്ന കെ. രാധാകൃഷ്ണന്‍ ഇടപട്ടെില്ലെന്നായിരുന്നു ബിജെപിയും യുഡിഎഫും ഉയര്‍ത്തിയ ആരോപണം. ഈ വിഷയം തെരഞ്ഞെടുപ്പില്‍ തുറുപ്പു ചീട്ടാക്കാനായിരുന്നു ഇരുമുന്നണികളും ശ്രമിച്ചത്. എന്നാല്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ചേലക്കരയിലെ അന്തിമാഹാകാളന്‍ കാവിലെ പൂരം വിവാദത്തിന് സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

കെ. രാധാകൃഷ്ണന്‍ തന്നെ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നതുപോലെ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ചെങ്കോട്ടയായി തന്നെ നില്‍ക്കുകയാണ് ചേലക്കര.

KERALA BYPOLL
പാലക്കാട് ജയിച്ചത് സരിന്‍ പറഞ്ഞ 'കോക്കസ്'; അപ്രതീക്ഷിത പ്രഹരത്തിന്റെ നടുക്കത്തില്‍ ബിജെപി
Also Read
user
Share This

Popular

ASSEMBLY POLLS 2024
KERALA BYPOLL
Assembly Election 2024 | മഹാരാഷ്ട്രയില്‍ ചരിത്ര വിജയത്തിനരികെ എന്‍ഡിഎ; ജാർഖണ്ഡില്‍ ശക്തി തെളിയിച്ച് ഇന്ത്യാ സഖ്യം