ചേലക്കരയിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കുറഞ്ഞതും, പാലക്കാടും വയനാടും ഗംഭീര വിജയം നേടാനായതും യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും മുന്നണിയുടെ കെട്ടുറപ്പിനും കാരണമായി കഴിഞ്ഞു.
ഇടതുമുന്നണിക്ക് ആശ്വസിക്കാനും യുഡിഎഫിന് ആഹ്ലാദിക്കാനും ബിജെപിക്ക് നിരാശപ്പെടാനുമുള്ള ജനവിധിയാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ചേലക്കരയിലെ വിജയം ചൂണ്ടിക്കാട്ടിയുള്ള പ്രതികരണമാണ് ഇടതുമുന്നണി മുന്നോട്ട് വെക്കുന്നത്. എന്നാൽ പാലക്കാട്ട് റെക്കോർഡ് ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചതും ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായതും ഭരണ വിരുദ്ധ വികാരത്തിന് തെളിവാണെന്നാണ് യുഡിഎഫ് വാദം. ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തിരിച്ചടിയാകുന്നതിന്റെ വേവലാതിയിലാണ് എൻഡിഎ.
പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും, വയനാട് ലോക്സഭാ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രത്യക്ഷത്തിൽ ഒരു ചലനവും ഉണ്ടാക്കുന്നതല്ല. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനലൊരു തരിയായി ഒതുങ്ങിയ എൽഡിഎഫിന് ചേലക്കര നിലനിർത്താനായതും പാലക്കാട്ട് സരിനിലൂടെ വോട്ട് വർധിപ്പിക്കാനും കഴിഞ്ഞത് ആശ്വാസമായി മാറി. ഭരണവിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ഇതെന്ന പ്രചരണത്തിന് ഇടതുമുന്നണി നേതാക്കൾ തുടക്കമിട്ടു കഴിഞ്ഞു.
Also Read; പാലക്കാട് ജയിച്ചത് സരിന്‍ പറഞ്ഞ 'കോക്കസ്'; അപ്രതീക്ഷിത പ്രഹരത്തിന്റെ നടുക്കത്തില്‍ ബിജെപി
എന്താകുമെന്ന ആശങ്ക പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പാലക്കാട്ട് പ്രകടമായപ്പോഴും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്ന യുഡിഎഫ്, വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടത്തിനൊപ്പം ചേലക്കരയിലും അത്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു. പാട്ടും പാടി ചേലക്കരയും കേരളവും പിടിക്കാനാകില്ലെന്ന് യുഡിഎഫിന് താക്കീത് നൽകാൻ കഴിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ കാര്യമായ കുറവുണ്ടായത് എൽഡിഎഫിന് തിരുത്തലുകൾ ഇനിയും വേണമെന്നുള്ള മുന്നറിയിപ്പ് കൂടിയാണ്. ചേലക്കരയിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കുറഞ്ഞതും, പാലക്കാടും വയനാടും ഗംഭീര വിജയം നേടാനായതും യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും മുന്നണിയുടെ കെട്ടുറപ്പിനും കാരണമായി കഴിഞ്ഞു.
പാലക്കാടൻ കാറ്റ് പോലെ ആഞ്ഞടിച്ച വിവാദങ്ങളുടെയും കൂറുമാറ്റങ്ങളുടെയും ഇടയിൽ നടന്ന ഉപ തെരഞ്ഞെടുപ്പ് മൂന്നു മുന്നണികളെയും ഉലച്ചു കളഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്റെ പിൻബലത്തിൽ പാലക്കാട് ചരിത്രവിജയം കരസ്ഥമാക്കിയപ്പോൾ അത് യുഡിഎഫിന്റെ വിജയമെന്നതിന് അപ്പുറം പാലക്കാട് കേന്ദ്രീകരിച്ച് വി.ഡി. സതീശനെന്ന നേതാവ് നടപ്പിലാക്കിയ രാഷ്ട്രീയ തന്ത്രങ്ങളുടെ പരീക്ഷണ ഫലം കൂടിയായിരുന്നു. ഇതോടെ പാർട്ടിയിലും മുന്നണിയിലും ശക്തികേന്ദ്രമായി വി.ഡി. സതീശൻ ആധിപത്യം ഉറപ്പിക്കുകയാണ്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആഘാതത്തിൽ നിന്ന് കരകയറാനാകുമെന്ന സൂചന ലഭിച്ചതോടെ മൂന്നാം ഇടതുസർക്കാർ എന്ന പ്രതീക്ഷയിലേക്കാണ് എൽഡിഎഫ് ഇനി കരുനീക്കങ്ങൾ നടത്തുക.
Also Read; 28 വര്‍ഷത്തെ ഇടതുകോട്ട; സിപിഎമ്മിനെ കൈവിടാത്ത ചേലക്കര, പ്രദീപിനെയും
ബിജെപി നയിക്കുന്ന എൻഡിഎയാകട്ടെ കെട്ടു പൊട്ടിയ പട്ടം പോലെ ശൂന്യാകാശത്തായി കഴിഞ്ഞു. ബിജെപിയിലെ ആഭ്യന്തര തർക്കങ്ങളും അഴിമതി ആരോപണങ്ങളും കയ്യിൽ കിട്ടിയ സുവർണാവസരത്തെ തുലച്ചു കളഞ്ഞതിന്റെ അമ്പരപ്പിലാണ് എൻഡിഎ. പ്രത്യക്ഷത്തിൽ യാതൊരു മാറ്റവും കേന്ദ്രത്തിലും കേരളത്തിലും സൃഷ്ടിക്കാനാകാത്ത ഈ ഉപതെരഞ്ഞെടുപ്പുകളിലെ ഫലം പക്ഷേ, മൂന്നു മുന്നണികളിലെയും പ്രധാന പാർട്ടികളിലെ അടുത്ത ചരടുവലികളുടെ തുടക്കം കുറിച്ചു കഴിഞ്ഞു.