9 വര്‍ഷമായി ജയിലില്‍ കിടന്നത് കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. കേസിലെ മൂന്നാം പ്രതി നാസറിന്റെ ശിക്ഷയാണ് മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വര്‍ഷമായി ജയിലില്‍ കിടന്നത് കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്.
വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. കേസില്‍ എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചയാളാണ് നാസര്‍. ജോസഫ് മാഷിന്റെ കൈവെട്ടാനുള്ള ഗൂഢാലോചനയില്‍ പ്രധാന സൂത്രധാരനായിരുന്നു നാസര്‍ എന്നാണ് പ്രോസിക്യൂഷന്‍ വാദം.
Also Read: ഒന്നിച്ച് കളിച്ചു വളര്‍ന്നവര്‍ ഒരുമിച്ച് യാത്രയായി; കണ്ണീര്‍ ഭൂമിയായി കല്ലടിക്കോട്
2010 ജുലൈയിലാണ് ചോദ്യപേപ്പറിൽ പ്രവാചക നിന്ദ ആരോപിച്ച് ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫിൻ്റെ വലതു കൈപ്പത്തി പ്രതികള്‍ വെട്ടിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ അന്വേഷണസംഘം 31 പേരെ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വെറുതേവിട്ടു. 2015-നുശേഷം പിടിയിലായ നാസര്‍ ഉള്‍പ്പെടെ 11 പേരാണ് രണ്ടാംഘട്ട വിചാരണ നേരിട്ടത്.
ഇതില്‍ രണ്ടാം പ്രതി മൂവാറ്റുപുഴ രണ്ടാര്‍ തോട്ടത്തില്‍കുടി വീട്ടില്‍ സജില്‍ (36), മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ടു വീട്ടില്‍ എം.കെ. നാസര്‍ (48), അഞ്ചാം പ്രതി ആലുവ കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പേരപ്പടി വീട്ടില്‍ കെ.എ. നജീബ് (42) എന്നിവര്‍ക്കാണ് പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
തടവില്‍ കഴിഞ്ഞ കാലയളവ് പരിഗണിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് നാസര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജസ്റ്റിസ് രാജ വിജയരാഘവന്‍ അധ്യക്ഷനായ ബഞ്ചാണ് അപ്പീല്‍ പരിഗണിച്ച് താല്‍കാലികമായി ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തത്. സംഭവം നടക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് ആയിരുന്നു എം കെ നാസര്‍. കൃത്യത്തിനായി ഗൂഢാലോചന നടത്തിയതും ആളുകളെ റിക്രൂട്ട് ചെയ്തതും നാസര്‍ ആണെന്ന് ആയിരുന്നു എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.