fbwpx
കേരളത്തിൻ്റെ ഉള്ളുലച്ച മണ്ണിടിച്ചിൽ ദുരന്തങ്ങൾ; കവളപ്പാറയും പുത്തുമലയും പെട്ടിമുടിയും മറക്കാനാകുമോ?
logo

ശരത് ലാൽ സി.എം

Last Updated : 31 Jul, 2024 04:50 PM

ഇതിന് മുമ്പും കവളപ്പാറയിലെയും പുത്തുമലയിലെയും പെട്ടിമുടിയിലെയും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ ശ്വാസംമടക്കി ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പ്രാർഥനയോടെ കാത്തിരുന്നവരാണ് നമ്മളെല്ലാം. കേരളം മറക്കാത്ത വലിയ മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് നമുക്കൊന്ന് അതിവേഗം കണ്ണോടിക്കാം.

CHOORALMALA LANDSLIDE

വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ നടുക്കത്തിലാണ് മലയാളികൾ. നൂറോളം പേരാണ് മണ്ണിനടിയിലുള്ളതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. മരണസംഖ്യ ഇതിനോടകം തന്നെ 80 പിന്നിടുകയും ചെയ്തു. സമാനമായ നിരവധി മണ്ണിടിച്ചിൽ ദുരന്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ഇതിന് മുമ്പും കവളപ്പാറയിലെയും പുത്തുമലയിലെയും പെട്ടിമുടിയിലെയും പ്രകൃതി ദുരന്തങ്ങൾക്ക് മുന്നിൽ ശ്വാസംമടക്കി ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ പ്രാർഥനയോടെ കാത്തിരുന്നവരാണ് നമ്മളെല്ലാം. കേരളം മറക്കാത്ത വലിയ മണ്ണിടിച്ചിൽ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് നമുക്കൊന്ന് അതിവേഗം കണ്ണോടിക്കാം.


കേരളം മറക്കാൻ കൊതിക്കുന്ന ഓഗസ്റ്റ് 8

ഒരൊറ്റ ദിവസം, തുടർച്ചയായ രണ്ട് മണ്ണിടിച്ചിൽ ദുരന്തങ്ങൾ. കേരളം മറക്കാൻ കൊതിക്കുന്ന കരിദിനമാണ് 2019 ഓഗസ്റ്റ് എട്ട്. അന്നാണ് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തം ഒരു മലയോര മേഖലയെ ആകെ പ്രളയത്തിൻ്റെയും ഉരുൾപൊട്ടലിൻ്റെയും രൂപത്തിൽ വിഴുങ്ങിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരേ ദിവസം രണ്ട് ജില്ലകളിലായി, രണ്ട് വലിയ പ്രകൃതി ദുരന്തങ്ങൾക്കാണ് കേരള ജനത സാക്ഷ്യം വഹിച്ചത്.



പുത്തുമലയിൽ കലിതുള്ളി പെയ്തിറങ്ങിയ ദുരന്തം

വൈകിട്ട് ആര്‍ത്തലച്ച് പെയ്ത ഒരു മഴയിലാണ് വയനാട് പുത്തുമലയില്‍ 17 മനുഷ്യ ജീവനുകള്‍ കവർന്ന ഞെട്ടിക്കുന്ന പ്രകൃതി ദുരന്തം ഉണ്ടായത്. ഓടിരക്ഷപ്പെടാന്‍ പോലുമാകാതെ നിസഹായരായ മനുഷ്യരും, അവരുടെ വളര്‍ത്തുമൃഗങ്ങളും വീടുകളും ആരാധനാലയങ്ങളുമെല്ലാം മണ്ണിനടിയിലായി. അന്ന് 58 വീടുകള്‍ പൂര്‍ണമായും, 22 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. 17 പേര്‍ക്ക് ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായപ്പോൾ, മരിച്ചവരുടെ പട്ടികയിലെ 5 പേരെ ഇന്നും കണ്ടെത്തിയിട്ടില്ല. ദുരന്തബാധിതരുടെ പുനരധിവാസം 90 ശതമാനവും പൂര്‍ത്തിയായി.

അതേദിവസം രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് നിലമ്പൂരിന് അടുത്ത കവളപ്പാറയെന്ന ഗ്രാമവും സാക്ഷിയായത്. കവളപ്പാറ ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. 11 പേരെ ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നത് ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രം വലുതായിരുന്നു എന്ന് വ്യക്തമാക്കുന്നു. മൊബൈൽ ടവറുകളും വൈദ്യുതി പോസ്റ്റുകളും തകർന്നതിനാൽ കവളപ്പാറയിലെ ദുരന്ത വാർത്ത പുറംലോകമറിഞ്ഞത് 12 മണിക്കൂറിന് ശേഷമായിരുന്നു. ഇവിടേക്കുള്ള വഴികളെല്ലാം മലവെള്ളം മൂടിയതിനാൽ പിറ്റേന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താനായത്.


എന്താണ് കവളപ്പാറയിൽ സംഭവിച്ചത്?

രാത്രി എട്ട് മണിയോടെയാണ് കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ കനത്ത ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയിൽ പാതിയോളം മലയും ഇടിഞ്ഞ് താഴ്വാരത്തേക്ക് കുത്തിയൊലിച്ച് ഒഴുകിയിറങ്ങിയപ്പോൾ, ഓടിമാറാൻ പോലുമാകാതെ താഴെ നിരവധി ജീവനുകൾ നിസ്സഹായരായി നിൽപ്പുണ്ടായിരുന്നു. 45ഓളം വീടുകളാണ് മണ്ണിനടിയിലായത്.

ദുരന്തത്തിൽ ആകെ 59 ജീവനുകൾ പൊലിഞ്ഞപ്പോൾ, 20 ദിവസത്തോളം നീണ്ടുനിന്ന തെരച്ചിലിലും 11 പേരെ കണ്ടെത്താനായില്ല. 48 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. ഒരു കുടുംബത്തിലെ തന്നെ നാലും അഞ്ചും പേരൊക്കെ ഒന്നിച്ച് മലവെള്ളപ്പാച്ചിലിൽ അകപെട്ട് കൊല്ലപ്പെടുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

വർഷങ്ങൾക്കിപ്പുറം മുത്തപ്പൻ കുന്നിന് പരിസരത്തുള്ള 143 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സഹായ ഹസ്തങ്ങൾ നീട്ടി മനുഷ്യ സ്നേഹികൾ കവളപ്പാറയിലേക്ക് പ്രവഹിച്ചു. പുനരധിവാസം പൂർത്തിയാക്കാൻ സർക്കാരിന് ഇത് വലിയ സഹായം ആയി. 33 വീടുകൾ എം എ യൂസഫലി നിർമിച്ച് നൽകി. കേരള മുസ്ലിം ജമാ അത്തെ, ഉജാല ഗ്രൂപ്പ്, പീപ്പിൾസ് ഫൗണ്ടേഷൻ, കോൺട്രാക്ടർമാരുടെ സംഘടന തുടങ്ങി കവളപ്പാറയിൽ പുനരധിവാസത്തിന് സഹായം ചെയ്തവർ വേറെയും ഉണ്ട്.



70 ജീവനുകളെടുത്ത പെട്ടിമുടി ദുരന്തം മറന്നോ?

2020 ഓഗസ്റ്റ് ആറിന് രാത്രി 10.30 ഓടെയാണ് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ മണ്ണിടിച്ചിൽ ദുരന്തം 70 പേരുടെ ജീവനെടുക്കുന്നത്. മല മുകളില്‍ നിന്ന് പൊട്ടിയൊലിച്ചെത്തിയ കല്ലും മണ്ണുമെല്ലാം പെട്ടിമുടിയെന്ന ചെറുഗ്രാമത്തെയാകെ മൂടി. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകളാണ് അന്ന് പൊലിഞ്ഞത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകർന്നതിനാൽ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ്.

മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ പുലര്‍ച്ചെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയാള്‍ കിലോമീറ്ററുകളോളം നടന്ന് രാജമലയിൽ എത്തിയാണ് കമ്പനി അധികൃതരെ വിവരം അറിയിച്ചത്. കമ്പനി അധികൃതര്‍ അഗ്നിരക്ഷാ സേനയെയും പൊലീസിനെയും ബന്ധപ്പെട്ടു. പെരിയവര പാലം കനത്ത മഴയില്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകർ സ്ഥലത്തെത്താന്‍ വൈകി. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്താനായി. വൈകാതെ രക്ഷാപ്രവര്‍ത്തക സംഘവും സ്ഥലത്തെത്തി.


കേരള കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനം

അന്ന് കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു പെട്ടിമുടിയിൽ കണ്ടത്. ദുരന്തനിവാരണ സേനയും സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൈകോര്‍ത്തു. കനത്ത മഴയെ വകവയ്ക്കാതെ 19 ദിവസം നീണ്ട തെരച്ചിൽ നടന്നു. ദുരന്ത സ്ഥലത്തു നിന്നും 14 കിലോമീറ്റര്‍ അകലെ നിന്നു പോലും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗര്‍ഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. ഇവര്‍ മരിച്ചതായി സർക്കാർ പിന്നീട് പ്രഖ്യാപിക്കുകയും അവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.



KERALA
പി.കെ. ദിവാകരനെ പുറത്താക്കിയതിൽ പ്രതിഷേധം കനക്കുന്നു; കോഴിക്കോട് സിപിഎം നേതൃത്വത്തിനെതിരെ വീണ്ടും വിമതരുടെ പ്രതിഷേധം
Also Read
user
Share This

Popular

KERALA
KERALA
സിഎസ്ആർ ഫണ്ട് തട്ടിപ്പ്: എ.എന്‍. രാധാകൃഷ്ണനും അനന്തു കൃഷ്ണനും തമ്മില്‍ അടുത്ത ബന്ധം; നടന്നത് കോടിയുടെ ഇടപാടുകളെന്ന് ലാലി വിന്‍സെന്റ്