
കൊൽക്കത്തയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ചയ് റോയ് കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കുന്നതിന് ശ്രമം നടത്തിയിരുന്നതായി പൊലീസ്. കൊലപാതകം നടത്തിയ ശേഷം വീട്ടിലെത്തിയ ഇയാൾ കിടന്നുറങ്ങുകയും രാവിലെ എണീറ്റ് വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ഷൂസിൽ രക്തക്കറ ഉണ്ടായിരുന്നതായും ഇത് കേസിലെ നിർണായക തെളിവാണെന്നും പൊലീസ് വ്യക്തമാക്കി.
കൊൽക്കത്ത ആർ കെ കർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ആയിരുന്ന യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയിയെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ മറ്റു പ്രതികളാരും ഉൾപ്പെട്ടതായി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ വിനീത് ഗോയൽ അറിയിച്ചു. അന്വേഷണം സുതാര്യമാണെന്നും, അവസാന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പ്രതിഷേധത്തിലുള്ള ജൂനിയർ ഡോക്ടർമാരെ അറിയിച്ചു.
ആദ്യത്തെ ഓട്ടോപ്സി റിപ്പോർട്ട് അനുസരിച്ച് കൊലചെയ്യപ്പെട്ട യുവതിയുടെ കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും ചോരയൊലിക്കുന്ന നിലയിലായിരുന്നു.
സാഹചര്യ തെളിവുകൾ പരിഗണിക്കുമ്പോൾ യുവതി കൊല ചെയ്യപ്പെട്ടതിന് ശേഷമാണ് ബലാത്സംഗത്തിനിരയായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കൊലപാതകത്തെ തുടർന്ന് മരണത്തിനുത്തവാദികളായവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരം തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സന്ദീപ് ഘോഷ് രാജിവെച്ചു. ഞായറാഴ്ച മെഡിക്കൽ കോളേജ് സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിനെ തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു.