കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: പ്രതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കും
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താനൊരുങ്ങി സിബിഐ. ഇന്ന് പ്രതിയുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി ലഭിച്ചത് പ്രകാരം, നാളെയായിരിക്കും സിബിഐ പരിശോധന നടത്തുക. ശനിയാഴ്ച പ്രതിയുടെ മനഃശാസ്ത്ര ടെസ്റ്റും സിബിഐ നടത്തിയിരുന്നു.
ആർജി കർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിയായ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയതിന് അടുത്ത ദിവസമാണ് കൊൽക്കത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ പൊലീസിന് സഹായമായത്.
അതേസമയം, ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. കൊൽക്കത്തയിലെ തെരുവിൽ ഡോക്ടമാർ ചേർന്ന് മനുഷ്യച്ചങ്ങല തീർത്തു. പ്രതിഷേധത്തിൻ്റെ ഭാഗമായി റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ആർജി കർ ആശുപത്രിയിലെ മുൻ വിദ്യാർഥികളും സീനിയർ ഡോക്ടർമാരുമെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു. ഹോസ്‌പിറ്റലിൽ നടന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണെന്നും, തങ്ങൾക്ക് നീതി വേണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം ശിക്ഷിക്കണമെന്നും ഇരയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്തു വിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.