ആശുപത്രിയിലെ സുരക്ഷാകാര്യങ്ങളുടെ നിരീക്ഷണത്തിൽ റസിഡൻ്റ് ഡോക്ടർമാരെയും ഉൾപ്പെടുത്തണം. കോടതി നിയോഗിച്ച ദൗത്യസംഘം ആശുപത്രിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം പരിഗണിച്ച് സുപ്രീം കോടതി. സമരം ചെയ്യുന്ന ഡോക്ടർമാർ ജോലിയിലേക്ക് മടങ്ങണമെന്നും, രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നും കോടതി നിർദേശിച്ചു. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഡോക്ടർമാർ സമരം നടത്തരുതെന്ന് കോടതി പറഞ്ഞു. 36 മണിക്കൂറോളം ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട് എന്നും കോടതി നീരീക്ഷിച്ചു. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ പ്രതികാര നടപടി പാടില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷാകാര്യങ്ങളുടെ നിരീക്ഷണത്തിൽ റസിഡൻ്റ് ഡോക്ടർമാരെയും ഉൾപ്പെടുത്തണം. കോടതി നിയോഗിച്ച ദൗത്യസംഘം ആശുപത്രിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.
ഡോക്ടർമാർ 48 മണിക്കൂറോളം ജോലി ചെയ്ത് ക്ഷീണിതരാകുന്നു എന്ന കാര്യം അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിൽ അതും ദൗത്യസംഘം പരിഗണിക്കുമെന്ന് കോടതി വിശദീകരിച്ചു. ആശുപത്രി ആക്രമണത്തിൻ്റെ റിപ്പോർട്ട് സിബിഐക്ക് സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ സുരക്ഷയെ സംബന്ധിക്കുന്ന പത്ത് മാർഗനിർദേശങ്ങൾ കോടതി മുന്നോട്ടുവെച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിൽ ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് സ്വന്തമായി പരിഗണിച്ച് വാദം കേട്ടിരുന്നു. വാദത്തിനിടെ ബംഗാൾ സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എഫ്.ഐ.ആർ വൈകിയതിന് ആശുപത്രി അധികൃതരെയും ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെയും സുപ്രീം കോടതി താക്കീത് ചെയ്തിരുന്നു.
ബംഗാൾ സർക്കാരിനെതിരെ കേന്ദ്രവും സുപ്രീംകോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉയർത്തി. പോസ്റ്റുമോർട്ടം നടപടികൾ വൈകിപ്പിച്ചു, ആറു മണിക്കും ഏഴുമണിക്കും ഇടയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത് തുടങ്ങിയ ആരോപണങ്ങൾ ഉയർന്നു. പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്യാൻ വലിയ കാലതാമസം വന്നു, കേസ് രജിസ്റ്റർ ചെയ്യുന്നത് രാത്രി 11 മണിക്ക് ശേഷമാണ്, പോലീസ് നടപടിയെടുത്തത് പ്രതിഷേധം ഉണ്ടായതിനു ശേഷമാണ്, പീഡനത്തിനിരയായ രണ്ടാമത്തെ നേഴ്സിൽ നിന്ന് മൊഴിയെടുത്തോ എന്നും കോടതി ചോദിച്ചു. ഡോക്ടറുടെ ബലാത്സംഗ കൊല ആത്മഹത്യ എന്ന് മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്നും, അസ്വാഭാവിക മരണത്തിന് കേസെടുത്തത് ഉച്ചയ്ക്ക് 1.45നെന്നും കേന്ദ്രം സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി. കുറ്റകൃത്യം നടന്ന് 18 മണിക്കൂറുകൾക്കു ശേഷമാണ് സ്ഥലം പൊലീസ് സീൽ ചെയ്തത്, കുറ്റകൃത്യം നടന്ന സ്ഥലം സീൽ ചെയ്യാൻ കാലതാമസം വന്നെന്നും കോടതി കണ്ടെത്തി.
കൊൽക്കത്തയിലെ ആർ.ജി കാർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവം രാജ്യവ്യാപകമായി തന്നെ ശക്തമായ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായിരുന്നു.
അതേ സമയം പ്രതിഷേധക്കാർ ആവശ്യപ്പെട്ടതനുസരിച്ച് പശ്ചിമ ബംഗാൾ സർക്കാർ ആശുപത്രി ഭരണത്തിലെ ഉന്നത തസ്തികകളിൽ മാറ്റങ്ങൾ വരുത്തി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൻ്റെ മുൻ മേധാവി ഡോ.സന്ദീപ് ഘോഷ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് പ്രിൻസിപ്പലായി നിയമിച്ച പ്രൊഫസർ ഡോ.സുഹൃദ പോളിനെ സ്ഥാനത്തു നിന്നും മാറ്റി. പ്രൊഫസർ ഡോ.മനസ് കുമാർ ബന്ദോപാധ്യായയാണ് പുതിയ പ്രിൻസിപ്പൽ.
ആർജി കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് പ്രൊഫസർ ഡോ. ബുൾബുൾ മുഖോപാധ്യായയെയും സ്ഥലം മാറ്റി. പ്രൊഫസർ ഡോ.സപ്തർഷി ചാറ്റർജിയെ ഈ തസ്തികയിലേക്ക് നിയമിച്ചു. ആർജി കാർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് മെഡിസിൻ വിഭാഗം മേധാവിയായിരുന്ന പ്രൊഫസർ ഡോ.അരുണാഭ ദത്ത ചൗധരിയെ സംസ്ഥാന സർക്കാർ നീക്കി. ഈ വിഭാഗത്തിലെ ബിരുദാനന്തര ബിരുദധാരിയാണ് പീഡനത്തിനിരയായത്.
Also Read : കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: അന്വേഷണ ചുമതല ഹത്രസ്, ഉന്നാവോ കേസുകൾ അന്വേഷിച്ച സിബിഐ ഓഫീസർമാർക്ക്
ഇന്നലെ കൊൽക്കത്തയിലെ സിബിഐ ഓഫീസിൽ നിന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യഭവനിലേക്ക് വിദ്യാർത്ഥികളുടെയും മുതിർന്ന ഡോക്ടർമാരുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്. ഡോക്ടർമാരുടെ ഒരു പ്രതിനിധി സംഘം അവിടെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും പ്രിൻസിപ്പലിനെ മാറ്റുന്നതുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.