
കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നും സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടർമാർ ശനിയാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യത്തുടനീളവും പൊതു-സ്വകാര്യ ആശുപത്രികളിലെയും സേവനങ്ങൾ 24 മണിക്കൂർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡൻ്റ് ഡോ. ആർ.വി. അശോകൻ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് 17ന് ശനിയാഴ്ച രാവിലെ ആറിന് ആരംഭിക്കുന്ന സമരം ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് അവസാനിക്കുക. അത്യാഹിത, കാഷ്വാലിറ്റി സേവനങ്ങളെ സമരം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാലും, ഔട്ട് പേഷ്യൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സേവനങ്ങളെയും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളെയും ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎംഎ ദേശീയ പ്രസിഡൻ്റും സെക്രട്ടറി ജനറലും ഉൾപ്പെടെയുള്ള ഐഎംഎ പ്രതിനിധികൾ ബുധനാഴ്ച ഐഎംഎയുടെ ആക്ഷൻ കമ്മിറ്റിക്കൊപ്പം, കൊൽക്കത്തയിൽ മരിച്ച ഡോക്ടറുടെ മാതാപിതാക്കളെയും, പ്രതിഷേധിക്കുന്ന ഡോക്ടർമാരെയും കാണുമെന്ന് ഡോ. വിനയ് അഗർവാൾ പറഞ്ഞു. ആശുപത്രി വളപ്പിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിലും, ഗുണ്ടകളുടെ രണ്ടാമത്തെ ആക്രമണത്തിലും മെഡിക്കൽ ഫ്രറ്റേണിറ്റിയുടെ രോഷമാണ് ഓഗസ്റ്റ് 17ലെ പണിമുടക്കിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കുന്നതിനും, ആശുപത്രികളെ സുരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും, ഇരയുടെ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുന്നതിനും കേന്ദ്ര നടപടി ആവശ്യപ്പെടുന്നു. രാജ്യത്തെ ഏകദേശം നാല് ലക്ഷം ഡോക്ടർമാരെയും, 400ഓളം മെഡിക്കൽ കോളേജുകളെയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎംഎ.