എന്നാൽ പശുവിനെ വീടിന് സമീപം നിന്ന് കണ്ടെത്തി. തുടർന്ന് തിരികെ വരാൻ ശ്രമിച്ച ഇവർക്ക് ആനശല്യം മൂലം അറുക്ക് മുത്തി പാറയിൽ പുലർച്ചെ വരെ തമ്പടിക്കേണ്ടി വന്നത്.
എറണാകുളം കോതമംഗലം കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ മൂന്നു സ്ത്രീകളെ കണ്ടെത്തി. കുട്ടമ്പുഴ സ്വദേശികളായ ഡാർലി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് ഇന്നലെ വനത്തിൽ കാണാതായത്. അധികൃതരുടെയും നാട്ടുകാരുടെയും സമയബന്ധിതമായ ഇടപെടൽ മൂലമാണ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇവരെ കണ്ടെത്താനായത്.
ഇന്നലെ ഉച്ചയോടെ ആയിരുന്നു തൻറെ പശുവിനെ തേടി മായ, ഡാർലി, പാറുക്കുട്ടി എന്ന മൂവർ സംഘം കുട്ടമ്പുഴ വനത്തിലേക്ക് കടന്നത്. എന്നാൽ പശുവിനെ വീടിന് സമീപം നിന്ന് കണ്ടെത്തി. തുടർന്ന് തിരികെ വരാൻ ശ്രമിച്ച ഇവർക്ക് ആനശല്യം മൂലം അറുക്ക് മുത്തി പാറയിൽ പുലർച്ചെ വരെ തമ്പടിക്കേണ്ടി വന്നത്.
തങ്ങൾ വനത്തിൽ കുടുങ്ങിയ കാര്യം മൊബൈൽ ഫോൺ മുഖാന്തരം ഇവർ കുടുംബത്തെ അറിയിച്ചു. തുടർന്നാണ് അധികൃതരും നാട്ടുകാരും അടങ്ങിയ അമ്പതോളം പേരുടെ സംഘം ഇവരെ തിരഞ്ഞ് കാട്ടിലേക്ക് കയറിയത്. ഡ്രോൺ അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കൂടൽമഞ്ഞ് വെല്ലുവിളിയായി. പക്ഷേ തിരച്ചിലിന് ഇറങ്ങിയ വനം വകുപ്പ് സംഘത്തിന് അരികെ തന്നെ ഇവർ ഉണ്ടായിരുന്നു
വനം വകുപ്പ്, പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ സമയബന്ധിതമായ ഇടപെടൽ ആയിരുന്നു രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ആക്കിയത്. ജലപാനം ഇല്ലാതെ രാത്രി മുഴുവൻ ചെലവഴിച്ച മൂവരെയും ആശുപത്രിയിലെത്തിച്ച് വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.