
കര്‍ണാടക അങ്കോളിയയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയുമെന്ന് സംശയം. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെയാണ് കാണാതായത്. തടി കയറ്റി വന്ന ലോറിയിലാണ് അര്‍ജുന്‍ ഉണ്ടായിരുന്നത്. അപകടം നടന്ന് 52 മണിക്കൂര്‍ കഴിഞ്ഞിട്ടും അര്‍ജുനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. അര്‍ജുനെ കണ്ടെത്താനായി അടിയന്തര ഇപെടല്‍ നടത്താന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെയോടെ ദേശീയപാതയില്‍ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന കടയുടെ മുകളിലേക്കാണ് കുന്ന് മുഴുവനായും ഇടിഞ്ഞു വീണത്. ഈ സമയത്ത് ഒരു ടാങ്കറും നിരവധിയാളുകളും താഴെയുണ്ടായിരുന്നു. മണ്ണിടിച്ചിലിനു പിന്നാലെ സ്ഥലത്തെ ഗതാഗതവും പൂര്‍ണമായി സ്തംഭിച്ചു.
രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ഏഴ് പേര്‍ അപകടത്തില്‍പെട്ടെന്നായിരുന്നു പ്രാഥമിഗ നിഗമനം. ഇന്നലെ ഒരു കുടുംബത്തിലെ അഞ്ച് പേരുടേയും ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. സമീപത്തു കൂടി ഒഴുകുന്ന ഗംഗാവതി പുഴയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി പിന്നീട് കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.