fbwpx
ലെബനന്‍ പേജർ സ്ഫോടനം; മൊസാദ് മലയാളിയെ ഉപയോഗിച്ചതെങ്ങനെ?
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Sep, 2024 04:34 PM

മാനന്തവാടി സ്വദേശിയായ റിൻസണിന്‍റെ കമ്പനിയായ നോർട്ട ഗ്ലോബലാണ് പൊട്ടിത്തെറിച്ച പേജർ നിർമിച്ച് ഹിസ്ബുള്ളയ്ക്ക് എത്തിച്ചത് എന്ന് കരുതപ്പെടുന്നു

WORLD


മലയാളിയായ റിൻസൺ ജോസ് ഉൾപ്പെട്ട പേജർ ഇടപാടിൽ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ അതിനിഗൂഢ ഇടപാടുകളാണ് പുറത്തുവരുന്നത്. റിൻസണ് എട്ടുവർഷമായി ഇസ്രയേല്‍ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് നോർവേ പൊലീസ് കണ്ടെത്തി. റിൻസണിന്‍റെ അക്കൗണ്ടിൽ നിന്ന് 14 കോടി രൂപ കൈമാറിയത് മൊസാദ് ഉദ്യോഗസ്ഥയുടെ ഹംഗറിയിലെ അക്കൗണ്ടിലേക്കെന്നും സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ റിൻസണിന്‍റെ കമ്പനിയായ നോർട്ട ഗ്ലോബൽ കമ്പനിയാണ് പൊട്ടിത്തെറിച്ച പേജർ നിർമിച്ച് ഹിസ്ബുള്ളയ്ക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.


നോർവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ റിൻസൺ ജോസിനെക്കുറിച്ച് രണ്ടു പ്രധാനകാര്യങ്ങളാണ് പുറത്തുവന്നത്. ലെബനനിൽ പേജർ സ്ഫോടനം ഉണ്ടാകുന്നതിനു മൂന്നുദിവസം മുൻപ് മുതൽ റിൻസൺ നോർവേ തലസ്ഥാനമായ ഒസ്ലോയിലെ ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. സമീപത്തു തന്നെയുള്ള ഫ്ലാറ്റിലും അന്നുമുതൽ റിൻസൺ ഉണ്ടായിരുന്നില്ല. ഇവിടെ രണ്ടു സാധ്യതകളാണ് നോർവേ മാധ്യമങ്ങൾ പറയുന്നത്. ഒന്നുകിൽ എല്ലാ വിവരവും അറിയാമായിരുന്ന റിൻസൺ സ്ഫോടനത്തിനു മുൻപ് സ്ഥലംവിട്ടു. അല്ലെങ്കിൽ മൊസാദ് തന്നെ റിൻസണെ ഒളിപ്പിച്ചു.

Also Read: ബെയ്റൂട്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആയി; മരിച്ചവരില്‍ 16 പേർ ഹിസ്ബുള്ള അംഗങ്ങള്‍

റിൻസൺ അറിഞ്ഞുതന്നെ നടന്ന ഇടപാടാണ് എന്നതിന് തെളിവ് അക്കൗണ്ടിൽ നിന്നുള്ള പണം കൈമാറ്റമാണ്. 14 കോടി രൂപയ്ക്കു മേൽ മൂല്യമുള്ള 13 ലക്ഷം പൗണ്ടാണ് റിൻസണിന്‍റെ അക്കൗണ്ടിൽ നിന്ന് ഹംഗറിയിലെ ക്രിസ്റ്റ്യാന ബാഴ്സണി അഴ്സിഡിയാകോണോയുടെ അക്കൗണ്ടിലേക്കു പോയത്. 49 വയസുള്ള ഇറ്റാലിയൻ പൗരത്വമുള്ള ക്രിസ്റ്റിയാന ബാഴ്സണി ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോട്ടോണിക്സിൽ ഡോക്ടറേറ്റ് നേടിയ ആളാണ്. ഇവരുടെ പ്രബന്ധം ലണ്ടൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിലുണ്ട്. ഇതിനു ശേഷം ഈ ഡോക്ടറേറ്റ് ഉപയോഗിച്ച് ബാഴ്സണി ജോലിക്കൊന്നും ശ്രമിച്ചിട്ടില്ല. അതിന്‍റെ അർത്ഥം അന്നു മുതല്‍ ഇവർക്ക് മൊസാദിൽ ജോലിയുണ്ടെന്നാണ്. അതിദുരൂഹമായിരുന്നു ബാഴ്സണിയുടെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇറങ്ങിയിട്ടുള്ള ജീവിതം.

ഹംഗറിയിൽ 2019ൽ എത്തി ബിഎസി കൺസല്‍ട്ടിങ് എന്ന സ്ഥാപനം തുടങ്ങിയ ബാഴ്സണി ഇതിനിടെ ലെബനനിൽ അഞ്ചുമാസം പ്രവർത്തിച്ചു. ആ ജോലി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിസ്കിൽ നിന്ന് സോഷ്യൽ സയൻസിലെ ഡോക്ടറേറ്റ് എന്ന വ്യാജസർട്ടിഫിക്കറ്റ് കാണിച്ചു കൊണ്ടായിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടിയുള്ള പ്രവർത്തനത്തിനായിരുന്നു ലെബനൻ യാത്ര. എന്നാല്‍, പ്രശസ്ത സാമൂഹിക പ്രവർത്തകൻ കിനിയൻ ക്ലയിൻഷെയ്റ്റിന്‍റെ കൂടെയുള്ള ആ പ്രവർത്തനം കാലാവധി തികച്ചില്ല. ഇടപാടുകളിൽ ദുരൂഹത തോന്നി നേരത്തെ തന്നെ പിരിച്ചുവിടുകയായിരുന്നുവെന്ന് ക്ലയിൻഷെയ്റ്റ് പറയുന്നു. ലെബനനില്‍ പ്രവർത്തിക്കാന്‍ വേണ്ടി ബാഴ്സണി നടത്തിയ തയ്യാറെടുപ്പായിരുന്നു ഇത്. ഇവിടേയ്ക്കാണ് റിൻസണും വന്നു ചേരുന്നത്.

Also Read: മരണക്കെണിയാവുന്ന ഗാസയിലെ സ്കൂളുകള്‍; മനുഷ്യത്വത്തെ മറികടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍

ഹംഗറിയിൽ ബാഴ്സണി ബിഎസി കൺസൾട്ടിങ് തുടങ്ങിയതിനു ചുവടുപിടിച്ചാണ് ബൾഗേറിയയിൽ റിൻസൺ നോർട്ട ഗ്ലോബൽ ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങിയത്. രണ്ടും ഷെൽ കമ്പനികൾ. രണ്ടിലൂടെയും നടന്നത് മൊസാദ് നടത്തിയ സാമ്പത്തിക ഇടപാടുകൾ മാത്രമാണ്. ബൾഗേറിയയിൽ റിൻസൺ നൽകിയ വിലാസത്തിലുള്ള അതേ കെട്ടിടത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരുനൂറിലേറെ കമ്പനികളാണ്. അവിടെ റിൻസണ് ഒരു കസേരപോലും സ്വന്തമായിട്ടില്ലെന്നാണ് നോർവേ മാധ്യമങ്ങൾ പറയുന്നത്. അവിടെ എത്തി റിൻസൺ പ്രവർത്തിച്ചിട്ടുമില്ല. മൊസാദിൽ നിന്നുള്ള പണം റിൻസണിന്‍റെ ഷെല്‍ കമ്പനിയുടെ അക്കൗണ്ട് വഴിയാണ് ക്രിസ്റ്റ്യാനയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നത്. ക്രിസ്റ്റ്യാനയിൽ നിന്ന് തുക തായ്‌വാനിലെ ഗോൾഡ് അപ്പോളോ കമ്പനിക്ക് എത്തുകയായിരുന്നു എന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു സാധ്യതയും നോർവേ പൊലീസ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഓർഡർ നൽകിയ ബാഴ്സണി ജീവിക്കുന്ന ഹംഗറിയിൽ എത്താതെയാണ് പേജർ ലെബനനിലേക്കു പോയിരിക്കുന്നത്. ഹിസ്ബുള്ളയുടെ ഇടപാട് റിൻസണിന്‍റെ കമ്പനിയുമായിട്ടാണ് നടന്നിരിക്കുന്നത്. ഹിസ്ബുള്ളയിലേക്ക് പേജർ കൈമാറിയത് അതിനാൽ റിൻസൺ അറിയാതിരിക്കാൻ വഴിയില്ലെന്നാണ് നോർവേ പൊലീസ് കണ്ടെത്തുന്നത്. എന്നാൽ സ്ഫോടകവസ്തു നിറച്ചിരുന്നത് അറിഞ്ഞിരുന്നോ എന്ന് ചോദ്യം ചെയ്യലിൽ മാത്രമേ വ്യക്തമാവുകയുള്ളൂ. അന്വേഷണം ഇസ്രയേലിന് എതിരേ ആയതിനാൽ നോർവേയും ഹംഗറിയും ഇതുമായി ഇനി മുന്നോട്ടുപോകുമോ എന്നതിനും വ്യക്തതയില്ല.

ലെബനനില്‍ തുടർച്ചയായ സ്ഫോടന പരമ്പരയാണ് അരങ്ങേറിയത്. ആദ്യം പേജറുകളും പിന്നീട് വോക്കി ടോക്കികളും പൊട്ടിത്തെറിക്കുകയായിരുന്നു. നിലവിൽ വോക്കി ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 39 ആണ്. 3000ന് അടുത്ത് ആളുകള്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു.

KERALA
ഇടുക്കിയിൽ KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് മരണം
Also Read
user
Share This

Popular

KERALA
WORLD
IMPACT | "വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും, രണ്ടു രീതിയിലുള്ള പദ്ധതികൾ കൊണ്ടുവരും"; മന്ത്രി എ.കെ ശശീന്ദ്രൻ