"നരക തുല്യമായ ജീവിതം"; ഡൽഹി കോച്ചിങ്ങ് സെൻ്റ‍ർ അപകടത്തിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാർഥി

മരണങ്ങൾക്ക് ഉത്തരവാദികളായ ന​ഗരസഭ ഉദ്യോ​ഗസ്ഥ‍ർ അടക്കമുള്ളവ‍ർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ, ഇത് നരകതുല്യമായ ജീവിതമാണെന്നായിരുന്നു വിദ്യാർഥി എഴുതിയത്.
"നരക തുല്യമായ ജീവിതം"; ഡൽഹി കോച്ചിങ്ങ് സെൻ്റ‍ർ അപകടത്തിൽ ചീഫ് ജസ്റ്റിസിന് കത്തെഴുതി വിദ്യാർഥി
Published on

ഡൽഹി സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കത്തെഴുതി വിദ്യാർഥി. മരണങ്ങൾക്ക് ഉത്തരവാദികളായ ന​ഗരസഭ ഉദ്യോ​ഗസ്ഥ‍ർ അടക്കമുള്ളവ‍ർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ, ഇത് നരകതുല്യമായ ജീവിതമാണെന്നായിരുന്നു വിദ്യാർഥിയായ  അവിനാശ് ഡൂബെ എഴുതിയത്. എന്നാൽ ചീഫ് ജസ്റ്റിസ് കത്ത് പെറ്റീഷനായി സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

രാജേന്ദ്ര ന​ഗർ, മുഖർജി ന​ഗർ എന്നിവിടങ്ങളിലെ മോശം ഡ്രെയിനേജ് സംവിധാനങ്ങളെ കുറിച്ചും, കോ‍ർപ്പറേഷൻ്റെ കെടുകാര്യസ്ഥതയെ കുറിച്ചും അവിനാശ് ഡൂബെ കത്തിലെഴുതിയിട്ടുണ്ട്. "വിദ്യാർഥികളുടെ മൗലികാവകാശങ്ങളും ​ഗൗനിക്കപ്പെടേണ്ടതുണ്ട്. എല്ലാ വർഷവും മുട്ടോളം വെള്ളം കയറുന്ന ഈ പ്രദേശത്തുകൂടെയാണ് നടക്കാറുള്ളത്. ഞങ്ങളെപ്പോലെയുള്ള വിദ്യാർഥികൾ നരക സമാനമായ ജീവിതം നയിച്ചാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. ഞങ്ങൾ വിദ്യാർഥികൾ എങ്ങനെയും ഞങ്ങളുടെ ലക്ഷ്യത്തിലേക്കെത്തുന്നതിനായി പരിശ്രമിക്കുകയാണ്. എന്നാൽ, ഇന്നലെ വന്ന വാർത്തയിൽ നിന്നും വിദ്യാർഥികളുടെ ജീവൻ സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞു. ഡൽഹി സർക്കാരും മുൻസിപ്പൽ കോർപ്പറേഷനും ഞങ്ങളെ കീടാണുക്കളെ പോലെയാണ് കാണുന്നത്. വിദ്യാർഥികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായി പഠിക്കാനുള്ള അന്തരീക്ഷം അത്യാവശ്യമാണ്." അവിനാശ് ഡൂബെ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിൽ പറയുന്നു. ഈ അവസ്ഥയ്ക്ക് ഉടനടി ഒരു ശാശ്വത പരിഹാരമുണ്ടാകണമെന്നും അവിനാശ് കത്തിലെഴുതി.

കഴിഞ്ഞ ആഴ്ച മാത്രം നാല് സിവിൽ സർവീസ് വിദ്യാർഥികളാണ് കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ മരിച്ചത്. ഡല്‍ഹി കരോള്‍ബാഗില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിനുള്ളില്‍ വെള്ളം കയറിയത്. ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ ഈ സമയം ലൈബ്രറിക്കുള്ളില്‍ ഉണ്ടായിരുന്നു. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് പേരാണ് ദുരന്തത്തില്‍ മരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com