'സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താം'; ബിജെപി പ്രവർത്തകർക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ദേശീയ പതാക ഉയർത്താനോ വഹിക്കാനോ അവർക്ക് അവകാശമുണ്ടെങ്കിലും സർക്കാർ അതിന് അനുവദിക്കുന്നില്ലെന്ന തെറ്റായ സന്ദേശം ജനങ്ങൾക്ക് ലഭിക്കില്ലേ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
'സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താം'; ബിജെപി പ്രവർത്തകർക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
Published on

സ്വാതന്ത്ര്യ ദിനത്തിൽ തമിഴ്‌നാട്ടിൽ ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപി പ്രവർത്തകർക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. റാലിക്ക് അനുമതി നിഷേധിച്ച സർക്കാർ നടപടി മൗലികാവകാശ ലംഘനമാണെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രൻ പറഞ്ഞു.

നേരത്തെ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയേന്തി തമിഴ്നാട്ടിൽ ബൈക്ക് റാലി നടത്താൻ ബിജെപി തമിഴ്നാട് സർക്കാരിന്‍റെ അനുമതി തേടിയിരുന്നു. ക്രമസമാധാനം, ഗതാഗതക്കുരുക്ക് തുടങ്ങിയ പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്. ഇതിനെതിരെ യുവമോർച്ചയുടെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി എ കൃഷ്ണപ്രസാദ് കോടതിയെ സമീപിക്കുകയായിരുന്നു.

സ്വാതന്ത്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ പൗരന്മാർ എന്തുകൊണ്ടാണ് എല്ലാ വർഷവും കോടതിയുടെ അനുമതി വാങ്ങേണ്ടി വരുന്നതെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. ദേശീയ പതാക ഉയർത്താനോ വഹിക്കാനോ അവർക്ക് അവകാശമുണ്ടെങ്കിലും സർക്കാർ അതിന് അനുവദിക്കുന്നില്ലെന്ന തെറ്റായ സന്ദേശം ജനങ്ങൾക്ക് ലഭിക്കില്ലേയെന്നും കോടതി സംശയം പ്രകടിപ്പിച്ചു.

ദേശീയ പതാക കേടുപാടുകൾ കൂടാതെ അന്തസ്സോടെ പ്രദർശിപ്പിക്കുന്നിടത്തോളം, കാൽനടയായോ ബൈക്കിലോ കാറിലോ നടക്കുന്ന റാലികൾ നിരോധിക്കരുതെന്ന് സംസ്ഥാന പൊലീസിനോടും കോടതി നിർദേശം നൽകി. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകില്ലെന്ന് പങ്കെടുക്കുന്നവർ ഉറപ്പുനൽകുന്നിടത്തോളം അത്തരം റാലികൾക്ക് അനുമതി നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ആരേയും തടയാനല്ല ഉദ്ദേശിക്കുന്നതെന്നും അഡീഷണൽ അഡ്വക്കറ്റ് ജനറൽ കോടതിയിൽ ബോധിപ്പിച്ചു. 


Related Stories

No stories found.
News Malayalam 24x7
newsmalayalam.com