യുദ്ധമുഖത്ത് നിന്ന് തിരിച്ചു വരുമെന്ന് പ്രതീക്ഷയില്ലെന്നും ഇവർ ബന്ധുക്കൾക്കയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു
ദുരിത മുഖത്ത് നിന്നും വീണ്ടും സഹായം അഭ്യർഥിച്ച് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാക്കൾ. യുദ്ധ മേഖലയിലേക്ക് പോകാൻ പട്ടാളം നിർബന്ധിക്കുന്നതായും തിരികെ വരാമെന്ന പ്രതീക്ഷയില്ലെന്നുമാണ് യുവാക്കൾ ബന്ധുക്കളെ അറിയിച്ചത്. തൃശൂർ സ്വദേശികളായ ബിനിൽ ബാബുവും ജെയ്ൻ കുര്യനുമാണ് നിസഹായ അവസ്ഥയിൽ വീണ്ടും ജന്മനാടിന്റെ സഹായം തേടുന്നത്.
തൊഴിൽ തട്ടിപ്പിന് ഇരയായി ചതിക്കപ്പെട്ട് യുദ്ധമുഖത്ത് കുടുങ്ങി കിടക്കാൻ തുടങ്ങിയിട്ട് എട്ട് മാസങ്ങൾ പിന്നിടുന്നു. നാട്ടിലേക്ക് രക്ഷപ്പെടാൻ കഴിഞ്ഞ മറ്റുള്ളവർക്കാപ്പം തിരികെ വരാനാവും എന്നും പ്രതീക്ഷിച്ചു. മോചനം കാത്ത് നാല് മാസത്തോളം റഷ്യൻ പട്ടാളത്തിൻ്റെ ഷെൽട്ടർ ക്യാമ്പിൽ കഴിഞ്ഞു. എന്നാൽ അവിടെ നിന്നും വീണ്ടും യുദ്ധമുഖത്തേക്ക് തിരികെ മടങ്ങാൻ സൈന്യം ആവശ്യപ്പെട്ടതോടെയാണ് ബിനിലിൻ്റെയും ജെയ്‌ൻ്റെയും നാട്ടിലെ ബന്ധുക്കളുടെ പ്രതീക്ഷയറ്റത്.
ക്യാമ്പിൽ നിന്ന് യുദ്ധമേഖലയിലേക്ക് പോകാൻ സന്ദേശം ലഭിച്ചതായി ഇരുവരും കഴിഞ്ഞ ദിവസമാണ് ബന്ധുക്കളെ അറിയിച്ചത്. പിന്നാലെ പട്ടാളമേധാവികളുടെ ഇത് സംബന്ധിച്ച ഉത്തരവും ലഭിച്ചു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശത്തിലൂടെ വീണ്ടും ബിനിലും ജെയിനും ബന്ധുക്കളോട് കാര്യങ്ങൾ അറിയിക്കുന്നത്.എന്നാൽ സാധ്യമായ എല്ലാവഴികളിലൂടെയും സഹായം തേടുകയും പരാതി നൽകുകയും ചെയ്ത നാട്ടിലെ ബന്ധുക്കളും ഇപ്പോൾ തീർത്തും നിസഹായരാവുകയാണ്.
റഷ്യ - ഉക്രൈയിൻ യുദ്ധമേഖലയിൽ മോചനം കാത്തു കഴിയുന്ന ബിനിലിൻ്റെയും ജെയ്നിൻ്റെയും കാര്യത്തിൽ ഇനിയും ഫലപ്രദമായി ഇടപെടാൻ വിദേശകാര്യ മന്ത്രാലയത്തിനും സംസ്ഥാന സർക്കാരിനും ആയിട്ടില്ല. ജില്ലാ ഭരണകൂടവും നോർക്കയും പലവട്ടം ഇന്ത്യൻ എംബസിക്കും റഷ്യൻ സർക്കാരിനും കത്തുകൾ കൈമാറി. എന്നാൽ കൂലിപട്ടാളത്തിൽ ചേർന്ന മറ്റുള്ളവരുടെ മോചനം സാധ്യമായിട്ടും ബിനിലിൻ്റെയും ജെയ്നിൻ്റെയും കാര്യത്തിൽ എന്താണ് സംഭവിച്ചതെന്നതിന് മാത്രം ഇനിയും വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല.