കോഴിക്കോട് വാണിമേൽ സ്വദേശിനിയായ സുബീന മുംതാസിൻ്റെ ഞെട്ടിക്കുന്ന ജീവിതകഥ..
ഫൗസിയ മുസ്തഫ
പെരിനാറ്റൽ സൈക്കോസിസ് കാരണം ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആത്മഹത്യാ ശ്രമം നടത്തിയൊരു അമ്മയുടെ കഥയാണിത്. കോഴിക്കോട് വാണിമേൽ സ്വദേശിനിയായ സുബീന മുംതാസിൻ്റെ ഞെട്ടിക്കുന്ന ജീവിതകഥ..
2021 സെപ്റ്റംബർ 25, കോഴിക്കോട് നാദാപുരം പൊലീസ് സ്റ്റേഷൻ, FIR no.648/2021, വകുപ്പ് 302
കോഴിക്കോട് വാണിമേൽ മഞ്ഞനാംപുറത്ത് റഫീഖിന്റെ ഭാര്യ സുബീന മുംതാസ് മൂന്നര വയസ്സുള്ള മുഹമ്മദ് റിസ് വാൻ, ഫാത്തിമ നൗഹ എന്നീ ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടു. നാദാപുരം പൊലീസ് സുബീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലടച്ചു. ജയിലിൽ വെച്ചും മാനസികനില വഷളായ ഏകമകളെ വിദഗ്ധ ചികിത്സയ്ക്കായി അമ്മയും അച്ഛനും ഏറെ പ്രയാസപ്പെട്ട് ജാമ്യത്തിലിറക്കി.
Also Read: പ്രസവ ദിവസം തന്നെ കുഞ്ഞു കൊല്ലപ്പെട്ടു; പ്രസവച്ചോരയോടെ ജയിലിൽ അടച്ച പൊലീസിന് അന്വേഷണം പിഴച്ചോ?
2022 മാർച്ച് 3, എന്റെ കൈ കൊണ്ട് പറ്റിപ്പോയത് കൊണ്ട് ഒന്നുറക്കെ കരയാനും കൂടി കഴിയാതെ വീർപ്പുമുട്ടുകയാണ്. എല്ലാത്തിനും കാരണം ഭർത്താവ് റഫീഖ് ആണെന്നും മക്കളിലേക്ക് മടങ്ങുന്നുവെന്നും എഴുതി വെച്ച് സുബീന പോലീസ് സ്റ്റേഷൻ, കോടതി, ജയിൽ, മാനസികാരോഗ്യകേന്ദ്രം എന്നിവ കയറിയിറങ്ങി മടുത്ത ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിച്ചു.
വാഹനാപകടത്തിൽ പെട്ട് ആദ്യം മകനും പിന്നീട് രണ്ട് പേരക്കുട്ടികളും ഒടുവിൽ മകളും നഷ്ടമായ മാതാപിതാക്കൾ. ദാരുണമായ ആ ദുരന്തത്തെക്കുറിച്ച് അമ്മ സീനത്തു നെഞ്ച് പൊട്ടി ഞങ്ങളോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഉള്ളു പൊളിക്കുന്ന നോവേറും വാക്കുകൾ. എന്തായിരുന്നു സുബീനയുടെ ജീവിതത്തിൽ സംഭവിച്ചത്. പ്രവാസിയായ ഭർത്താവ് റഫീഖിന്റെ വീട്ടിലെത്തിയാൽ ഇരട്ടക്കുട്ടികളെ തനിച്ചു പരിപാലിക്കാൻ കഴിയാത്തതായിരുന്നു പ്രധാനപ്രശ്നമെന്നു അമ്മ സീനത്തു പറയുന്നു.
Also Read: പ്രസവാചാരങ്ങൾ അമ്മമാർക്ക് ഭാരമാകുന്നോ?
ജാമ്യത്തിൽ ഇറങ്ങിയപ്പോഴും മാനസികാരോഗ്യ ചികിത്സ തുടർന്നു. പക്ഷേ വിഷാദം കൂടിക്കൂടി വന്നു. മകളുടെ വിഷാദകാലം മറികടക്കാൻ നിനക്കിനിയും മക്കൾ ഉണ്ടാകുമെന്നും മറ്റും ആശ്വസിപ്പിച്ചു മകളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ മാതാപിതാക്കൾ ഭർത്താവ് റഫീഖിന്റെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും കാല് പിടിച്ചു അപേക്ഷിച്ചുനോക്കി.
പ്രസവാനന്തരവും കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലും സുബീനയുടെ മാനസികനില അവതാളത്തിലായിരുന്നു. എന്നാൽ സമൂഹത്തെ പേടിച്ചു ഭർതൃകുടുംബം വിദഗ്ധ ചികിത്സ നിഷേധിച്ചതാണ് എല്ലാത്തിനും കാരണമെന്നു അമ്മ വിശ്വസിക്കുന്നു.
അവസാന ഉപാധിയായി കവർന്നെടുത്ത സ്വർണം തിരികെ തന്ന് വിവാഹമോചനം നൽകാൻ ആവശ്യപ്പെട്ടു. അതും റഫീഖ് തിരസ്‌ക്കരിച്ചു. ഒടുവിൽ മകളുടെ മരണശേഷം 2022 ഡിസംബർ 20 ന് വടകര റൂറൽ എസ് പി, നാദാപുരം ഡിവൈഎസ്‌പി, സി.ഐ, ഉൾപ്പെടെയുള്ളവർക്ക് കോപ്പി വെച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയെ നേരിൽ കണ്ടു പരാതി നൽകി. സുബീന ഭർതൃ വീട്ടിൽ അനുഭവിച്ച മാനസിക, സാമ്പത്തിക, സ്ത്രീധന പീഡനങ്ങൾ എല്ലാം തെളിവ് സഹിതം നൽകി. പക്ഷേ റഫീഖിനെതിരെ ഒരു പെറ്റിക്കേസ് എടുക്കാൻ പോലും പൊലീസ് ശ്രമിച്ചില്ല.
Also Read: കുഞ്ഞിനെ കൊല്ലേണ്ടി വന്ന അമ്മയ്ക്ക് രഹസ്യ ശിക്ഷ നൽകി ഭർതൃ കുടുംബം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആരംഭകാലത്തായിരുന്നു ഞങ്ങൾ സുബീനയുടെ കല്ലാച്ചിയിലെ വീട്ടിലെത്തിയത്. നീതിക്കായി നടന്നു തേഞ്ഞവർ. എല്ലാ പ്രതീക്ഷയും അസ്തമിച്ചു പോയിരിക്കുന്നു. എങ്കിലും ഇനി ഒരു തരി പ്രതീക്ഷ കൂടി ബാക്കിയുണ്ട്.
പകലിലെ സംസാരം രാത്രിയിലേക്കും നീണ്ടു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്രയും ദുരിതങ്ങളിലൂടെ കടന്നു പോയ മകളുടെ അമ്മ. പേരമക്കളുടെ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കാണുംവിധത്തിൽ കാത്തു സൂക്ഷിച്ചിരിക്കുന്നു. രാത്രി ഏറെയായി, എങ്കിലും പോരാതെ വയ്യ, മടങ്ങുന്നേരം സീനത്ത് എന്ന അമ്മ നെഞ്ചകം പൊട്ടിക്കരഞ്ഞു യാത്രാമൊഴിയേകി.
വാർത്തയുടെ മുഴുവൻ വിശദാംശങ്ങളും അറിയാൻ ന്യൂസ് മലയാളത്തിൻ്റെ ഈ വീഡിയോ സ്റ്റോറി കാണാം...