വേദിയിൽ എന്തു റോൾ വേണമെങ്കിലും നിർവഹിക്കാമെന്ന് ചെന്നിത്തല പറഞ്ഞുവെന്നും ജി. സുകുമാരൻ നായർ പറഞ്ഞു
മന്നം ജയന്തി പൊതുസമ്മേളനത്തിന് ഈശ്വരാനുഗ്രഹം കൊണ്ട് ലഭിച്ച ഉദ്ഘാടകനാണ് രമേശ് ചെന്നിത്തലയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. നേരത്തെ തീരുമാനിച്ച ഉദ്ഘാടകന് എത്താൻ കഴിഞ്ഞില്ല. സാങ്കേതിക കാര്യങ്ങൾ പറഞ്ഞു പിൻവാങ്ങി. അതിനും മേൽ അർഹമായ ഒരാൾ എത്തി. വേദിയിൽ എന്തു റോൾ വേണമെങ്കിലും നിർവഹിക്കാമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ജി. സുകുമാരൻ നായർ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: 'ഈ അവസരം തന്ന എന്‍റെ ജനറൽ സെക്രട്ടറിക്ക് നന്ദി'; മന്നം ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലയുടെ വരവിൽ പത്ര ദൃശ്യ മാധ്യമങ്ങൾ അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നു. നായർ സമുദായത്തിന്റെ പരിപാടിയിൽ നായരെ ക്ഷണിച്ചാൽ മാത്രമാണ് വാർത്ത. രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് കോൺഗ്രസുകാരൻ ആയിട്ടല്ല. രമേശ് ചെന്നിത്തല എൻഎസ്എസിൽ നിന്ന് കളിച്ചു വളർന്ന കുട്ടിയാണ്. വേദിയിൽ എൻഎസ്എസിന്റെ മറ്റൊരു പുത്രൻ ഗണേഷ് കുമാർ ഉണ്ട്. അദ്ദേഹം ഇടത് സഹയാത്രികനാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
മന്നത്ത് പത്മനാഭൻ നായർ സമുദാത്തിന് ദിശാബോധം നൽകിയ വ്യക്തിത്വമാണ്. സാമൂഹിക നീതിയ്ക്ക് വേണ്ടി നിലകൊണ്ട നേതാവ്. അദ്ദേഹത്തിൻ്റെ കാലടി പാതകൾ പിന്തുടരാൻ കഴിഞ്ഞു. സമുദായത്തിനു വേണ്ടി നിലകൊണ്ട വ്യക്തിത്വം. അന്ധവിശ്വാസത്തിനും സാമൂഹിക ആചാരത്തിനും എതിരെ പ്രവർത്തിച്ച യോഗീശ്വരനാണെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.
ALSO READ: 11 വർഷത്തെ അകൽച്ച അവസാനിപ്പിച്ച് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്തെത്തും
11 വർഷം നീണ്ട അകൽച്ച അവസാനിപ്പിച്ചാണ് രമേശ് ചെന്നിത്തല ഇന്ന് എൻഎസ്‌എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിൽ ഉദ്ഘാടകനായി എത്തിയത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിവാദമായ താക്കോൽ സ്ഥാന പ്രസംഗത്തിന് ശേഷം രമേശ് ചെന്നിത്തലയും എൻഎസ്എസും തമ്മിൽ നിലനിന്നിരുന്ന അകൽച്ചയ്ക്കാണ് ഇതോടു കൂടി വിരാമമാകുന്നത്.
2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് അന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് തൻ്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശമെന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളിപ്പറഞ്ഞിരുന്നു.