
മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ദുരൂഹതേയറുന്നു. കൂട്ടുപ്രതികൾ അറിയാതെ ഒന്നാം പ്രതി അനിൽ കുമാർ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയതായിയതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.അന്വേഷണത്തിന് 21 അംഗ പൊലീസ് സംഘത്തെ നിയമിച്ചിട്ടുണ്ട്.
മാന്നാർ കൊലപാതക കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനൊരുങ്ങുകയാണ് പൊലീസ്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ പൊലീസ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെയാണ് ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽ നിന്നും കലയുടെ മൃതദേഹം കടത്തിയ വാഹനം കണ്ടെത്താൻ പൊലീസ് ശ്രമിക്കും. ഒപ്പം രണ്ടാം പ്രതി ജിനു കൊലപാതകം നടന്ന സ്ഥലം കാണിക്കാമെന്ന് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ജിനുവിനെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്.
അതേസമയം, ഒന്നാം പ്രതി അനിൽ ഇസ്രയേലിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നെന്നാണ് പൊലീസിന് ലഭിച്ച സൂചന. അനിലിൻ്റെ രക്തസമ്മർദം കൂടിയെന്നും മൂക്കിൽ നിന്ന് രക്തം വന്നെന്നും വിവരം ലഭിച്ചു. ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ വിവരം കുടുംബത്തെ അറിയിച്ചത്. ഇതോടെ അനിൽ സ്വയം നാട്ടിലെത്തിയില്ലെങ്കിൽ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടി വരും.