ഇന്ത്യയില്‍ വിചാരണ നടത്താനുള്ള നീക്കം ചോദ്യംചെയ്ത റാണയുടെ അപ്പീല്‍ തള്ളികൊണ്ടായിരുന്നു കോടതി വിധി
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ ഇന്ത്യക്ക് കെെമാറുന്നതില്‍ അനുകൂല വിധിയുമായി യുഎസ് കോടതി. ഇന്ത്യ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ റാണയെ രാജ്യത്തിന് കൈമാറുമെന്ന് കോടതി വ്യക്തമാക്കി. ഇന്ത്യയില്‍ വിചാരണ നടത്താനുള്ള നീക്കം ചോദ്യം ചെയ്തുകൊണ്ടുള്ള റാണയുടെ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി. ഇരുരാജ്യങ്ങളും തമ്മിലെ ഉടമ്പടി പ്രകാരം, റാണയെ കെെമാറുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. സുഹൃത്ത് ഡേവിഡ് ഹെഡ്‌ലിയുമായി ചേർന്ന് പാക് ഭീകര സംഘടനകളുടെ പിന്തുണയിൽ മുംബൈയിൽ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നതാണ് റാണക്കെതിരെയുള്ള കുറ്റം.
2013ല്‍ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളെ തുടർന്ന് പാക് വംശജനായ തഹാവൂര്‍ റാണയെ 14 വർഷത്തെ തടവിന് അമേരിക്ക ശിക്ഷിച്ചിരുന്നു. എന്നാല്‍ മുംബെെ ഭീകരാക്രമണത്തിലെ നേരിട്ടുള്ള ബന്ധം ഒഴിവാക്കിയായിരുന്നു ഈ വിധി. എന്നാൽ 2020 ൽ റാണയെ അമേരിക്ക ശിക്ഷായിളവ് നല്‍കി മോചിപ്പിച്ചു. ഇതോടെ റാണയെ കെെമാറണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കയെ സമീപിക്കുകയാരുന്നു. പിന്നാലെ റാണ വീണ്ടും കസ്റ്റഡിയിലായി.
ALSO READ: കുറി തൊടുന്നവരെയും തടയുമോ? മുംബൈ കോളേജിലെ ഹിജാബ് നിരോധനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
ഈ നീക്കത്തെ തടയാൻ റാണ പലതവണ നിയമപരമായി ശ്രമിച്ചെങ്കിലും, കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയുടെ അപേക്ഷ യുഎസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. വിധി ചോദ്യം ചെയ്ത് കാലിഫോർണിയ കോടതിയില്‍ റാണ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയാണ് കോടതി ഇപ്പോള്‍ തള്ളിയത്. കീഴ് കോടതി വിധിയെ സാധൂകരിക്കാനുള്ള തെളിവ് ഇന്ത്യ ഹാജരാക്കിയെന്ന് കോടതി മൂന്നംഗബഞ്ച് വിലയിരുത്തി.
മുംബെെ ആക്രമണ കേസിലെ 405 പേജുള്ള കുറ്റകൃത്യമടക്കം വിവരിക്കുന്ന തെളിവുകളാണ് കോടതിക്ക് മുന്നില്‍ ഇന്ത്യ ഹാജരാക്കിയത്. റാണയ്ക്ക് ഐഎസ്, ലഷ്കറി ത്വയ്ബ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തല്‍ ഉള്‍പ്പെടുന്നതാണിത്. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാമെന്ന് യുഎസ് അറ്റോർണി ബ്രാം ആൽഡനും നേരത്തെ വ്യക്തമാക്കിയിരുന്നു.